| Wednesday, 14th February 2024, 3:20 pm

ഒരു മത്സരത്തില്‍ എട്ട് ക്യാച്ചോ 😲, ലോക റെക്കോഡ്🔥; വിക്കറ്റിന് പിന്നില്‍ ഇവന്‍ എന്ത് മാജിക്കാണ് കാണിച്ചത്?

സ്പോര്‍ട്സ് ഡെസ്‌ക്

ഒരു ഏകദിന മത്സരത്തില്‍ എട്ട് ക്യാച്ചുകളുമായി ലോക റെക്കോഡിനൊപ്പമെത്തി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ അലക്‌സ് കാരി. കഴിഞ്ഞ ദിവസം നടന്ന ക്യൂന്‍സ്‌ലാന്‍ഡ് – സൗത്ത് ഓസ്‌ട്രേലിയ മത്സരത്തിലാണ് സൗത്ത് ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി ലോക റെക്കോഡിനൊപ്പമെത്തിയത്.

ക്യൂന്‍സ് ലാന്‍ഡ് നിരയില്‍ ക്ലീന്‍ ബൗള്‍ഡായി പുറത്തായ മാക്‌സ് ബ്രയന്റും കോണര്‍ സള്ളിയും ഒഴികെ മറ്റുള്ള എല്ലാ താരങ്ങളും അലക്‌സ് കാരിയുടെ കൈകളിലൊതുങ്ങുകയായിരുന്നു.

ജോര്‍ദന്‍ ബക്കിങ്ഹാം – അലക്‌സ് കാരി കൂട്ടുകെട്ടിലാണ് ഏറ്റവുമധികം വിക്കറ്റ് വീണത്. മത്സരത്തില്‍ ജോര്‍ദന്‍ ആറ് വിക്കറ്റ് നേടിയപ്പോള്‍ അതില്‍ അഞ്ചും അലക്‌സ് കാരിയുടെ സഹായത്തോടെയായിരുന്നു.

മാറ്റ് റെന്‍ഷോ, ക്യാപ്റ്റന്‍ മാര്‍നസ് ലബുഷാന്‍, ജാക് ക്ലെയ്ടണ്‍, ജാക് വൈല്‍ഡമത്, ഗുരീന്ദര്‍ സന്ധു എന്നിവരാണ് ബക്കിങ്ഹാമിന്റെ പന്തില്‍ കാരിക്ക് ക്യാച്ച് നല്‍കി മടക്കിയത്. കോണര്‍ സള്ളിയുടെ വിക്കറ്റ് നേടിയതും ബക്കിങ്ഹാം തന്നെയായിരുന്നു.

ഹെന്റി തോംടണിന്റെ പന്തില്‍ ബെന്‍ മക്ഡര്‍മോട്, നഥാന്‍ മക്‌സസ്വീനിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡൈലന്‍ മക്ലഹാന്‍, ഹാരി കോണ്‍വേയുടെ പന്തില്‍ മാത്യൂ കുന്‍മാന്‍ എന്നിവരും കാരിയുടെ കൈകളിലെത്തി.

ഇതോടെ ഒരു ലിസ്റ്റ് എ മാച്ചില്‍ ഏറ്റവുമധികം ക്യാച്ച് നേടുന്ന വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്താനും കാരിക്കായി. 1982ല്‍ സോമര്‍സെറ്റിന്റെ ഡെറക് ടെയ്‌ലറും 2021ല്‍ വോര്‍സ്റ്റര്‍ഷെയറിന്റെ ജെയിംസ് പോപ്പും എട്ട് ക്യാച്ചുകളോടെ കാരിക്കൊപ്പം ഒന്നാമതുണ്ട്.

കാരന്‍ റോള്‍ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ക്യൂന്‍സ്‌ലാന്‍ഡ് ബാറ്റിങ്ങിനിറങ്ങി. തുടക്കം പാളിയെങ്കിലും ക്യാപ്റ്റന്‍ മാര്‍നസ് ലബുഷാന്റെ അര്‍ധ സെഞ്ച്വറിയിലൂടെ ക്യൂന്‍സ്‌ലാന്‍ഡ് തിരിച്ചുവന്നു.

ലബുഷാന്‍ 99 പന്തില്‍ 74 റണ്‍സ് നേടി പുറത്തായി. 77 പന്തില്‍ 44 റണ്‍സ് നേടിയ മക്ലഹാനും 23 പന്തില്‍ 36 റണ്‍സ് നേടി പുറത്തായ മാത്യു കുന്‍മാനുമാണ് സ്‌കോറിങ്ങില്‍ നിര്‍ണായകമായ മറ്റ് താരങ്ങള്‍.

ഒടുവില്‍ 49.4 ഓവറില്‍ ക്യൂന്‍സ്‌ലാന്‍ഡ് 218ന് ഓള്‍ ഔട്ടായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ഓസ്‌ട്രേലിയ തോമസ് കെല്ലി (66 പന്തില്‍ 81), ക്യാപ്റ്റന്‍ നഥാന്‍ മക്‌സ്വീനി (90 പന്തില്‍ 52) എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ അഞ്ച് വിക്കറ്റും 35 പന്തും ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

ഓസ്‌ട്രേലിയ വണ്‍ ഡേ കപ്പില്‍ സൗത്ത് ഓസ്‌ട്രേലിയയുടെ ആദ്യ ജയമാണിത്. ഏഴ് മത്സരത്തില്‍ നിന്നും അഞ്ച് പോയിന്റോടെ പട്ടികയില്‍ അവസാന സ്ഥാനത്താണ് സൗത്ത് ഓസ്‌ട്രേലിയ.

ഏഴ് മത്സരത്തില്‍ നിന്നും അഞ്ച് ജയവുമായി 22 പോയിന്റോടെ ന്യൂ സൗത്ത് വെയ്ല്‍സാണ് ഒന്നാമത്.

ഫെബ്രുവരി 16നാണ് സൗത്ത് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം. ക്യൂന്‍സ്‌ലാന്‍ഡ് തന്നെയാണ് എതിരാളികള്‍.

Content Highlight: Alex Carey tops in the record of most catches by a wicket keeper in a List A match

We use cookies to give you the best possible experience. Learn more