| Friday, 15th September 2023, 11:59 pm

മികച്ച പോരാട്ടം, ഒടുവില്‍ 99ല്‍ വീണു; മനം കവര്‍ന്ന് ഓസീസ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയക്കെതിരെയുള്ള നാലാം ഏകദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് വിജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ റണ്‍സിന്റെ ടാര്‍ഗറ്റ് ചെയ്‌സ് ചെയ്ത ഓസീസ് 252 റണ്‍സ് നേടി പുറത്തായി.

ഓപ്പണിങ് ബാറ്റര്‍ ട്രാവിസ് ഹെഡ് പരിക്കേറ്റ് മടങ്ങിയതിനാല്‍ ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ മത്സരം അവസാനിക്കുകയായിരുന്നു. കൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ ഇറങ്ങിയ കങ്കാരുകള്‍ക്ക് ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ സാധിച്ചില്ല.

വാര്‍ണര്‍ 12, ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് ആറ്, ലബുഷെയ്ന്‍ 20 എന്നീ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടപ്പോള്‍ കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരി മാത്രമാണ് ഓസീസിനായി പൊരുതിയത്. നാലാമനായി ക്രീസിലെത്തിയ കാരി അവസാനമാണ് പുറത്തായത്.

അറ്റാക്കിങ് ഗെയിം കളിച്ച കാരി 77 പന്ത് നേരിട്ട് നാല് സിക്‌സറും ഒമ്പത് ഫോറുമടക്കം 99 റണ്‍സ് നേടി. 99ല്‍ നില്‍ക്കെ കഗീസൊ റബാഡയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ മികച്ച ക്യാച്ചിലൂടെയാണ് താരം പുറത്തായത്.

മികച്ച പോരാട്ട വീര്യമാണ് താരം ഓസീസിനായി നടത്തിയത്. വെടിക്കെട്ട് ബാറ്റര്‍ ടിം ഡേവിഡ് 25 പന്തില്‍ 35 റണ്‍സ് നേടിയിരുന്നു.

ദക്ഷിണാഫ്രിക്കക്കായി ലുങ്കിടി എങ്കിടി നാലും റബാഡ മൂന്നൂം വിക്കറ്റ് വീഴിത്തി.

നേരത്തെ 83 പന്തില്‍ 13 ഫോറും അത്രയും തന്നെ സിക്‌സറുമായി 174 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. പുറത്താകാതെ 45 പന്തില്‍ ആറ് ഫോറും അഞ്ച് സിക്‌സറുമായി 82 റണ്‍സ് നേടി ഡേവിഡ് മില്ലര്‍ ക്ലാസന് മികച്ച പിന്തുണ നല്‍കി. റസ്സീ വാന്‍ ഡര്‍ ഡസന്‍ 62 റണ്‍സ് നേടിയിരുന്നു.

57 പന്തിലാണ് ക്ലാസന്‍ സെഞ്ച്വറി തികച്ചത്. എന്നാല്‍ പിന്നീട് കണ്ടത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആക്രമണ ശൈലിയിലുള്ള ബാറ്റിങ്ങായിരുന്നു. പിന്നീട് നേരിട്ട 26 പന്തില്‍ 74 റണ്‍സാണ് ക്ലാസന്‍ അടിച്ചുക്കൂട്ടിയത്. അപ്പുറത്ത് മില്ലറും കില്ലര്‍ മോഡിലായതോടെ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് സിക്‌സറുകള്‍ എണ്ണാനായിരുന്നു വിധി.

അഞ്ചാം വിക്കറ്റില്‍ വെറും 99 പന്തില്‍ 222 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. അവസാന 18 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സാണ് ദക്ഷിണാഫ്രിക്ക് നേടിയത്. അവസാന ഒമ്പത് ഓവറില്‍ 164 റണ്‍സും!

10 ഓവറില്‍ 59 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയ മൈക്കിള്‍ നാസെറാണ് ഓസ്‌ട്രേലിയന്‍ ബൗളര്‍മാരുടെ കൂട്ടത്തില്‍ ഭേദമായി പന്തെറിഞ്ഞത്. 79 റണ്‍സ് നേടി രണ്ട് വിക്കറ്റാണ് ഹെയ്‌സല്‍വുഡ് നേടിയത്. സ്റ്റോയിനിസ് നതാന്‍ എല്ലിസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. സ്‌റ്റോയിനിസ് 81 റണ്‍സ് വിട്ടുനല്‍കിയപ്പോള്‍ എല്ലിസ് 79 റണ്‍സാണ് വിട്ടുകൊടുത്തത്.

മത്സരം വിജയിച്ചതോടെ പരമ്പര 2-2ല്‍ സമനിലയിലാണ്. ഇതോടെ അഞ്ചാം മത്സരം വിജയിക്കുന്ന ടീമിന് പരമ്പര നേടാം.

Content Highlight: Alex Carey’s Innings Won Heart Against South africa

We use cookies to give you the best possible experience. Learn more