ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര തൂത്തുവാരി കങ്കാരുപ്പട. പരമ്പരയിലെ അവസാന മത്സരത്തില്‍ കിവീസിനെ മൂന്ന് വിക്കറ്റുകള്‍ക്കാണ് ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്.
279 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഓസ്‌ട്രേലിയന്‍ ബാറ്റിങ്ങില്‍ 123 പന്തില്‍ 98 റണ്‍സ് നേടി മികച്ച പ്രകടനമാണ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി നടത്തിയത്. 15 ഫോറുകളാണ് ഓസീസ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ആദ്യ ഇന്നിങ്‌സില്‍ 24 പന്തില്‍ 14 റണ്‍സും താരം നേടിയിരുന്നു. രണ്ട് ഇന്നിങ്‌സുകളിലായി 112 റണ്‍സാണ് ക്യാരി നേടിയത്.
ഇതിനുപുറമെ വിക്കറ്റിനു പുറകിലും മികച്ച പ്രകടനമാണ് അലക്‌സ് ക്യാരി നടത്തിയത്. മത്സരത്തില്‍ പത്ത് ക്യാച്ചുകളാണ് അലക്‌സ് ക്യാരി സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും അഞ്ച് ക്യാച്ചുകളാണ് അലക്സ് നേടിയത്.
ഇതിനു പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പറെ തേടിയെത്തിയിരിക്കുന്നത്. ഒരു ടെസ്റ്റ് മത്സരത്തില്‍ പത്ത് ക്യാച്ചുകളും 100+ റണ്‍സും നേടുന്ന രണ്ടാമത്തെ താരമായി മാറാനാണ് അലക്‌സ് ക്യാരിക്ക് സാധിച്ചത്.
ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് മുന്‍ സൗത്ത് ആഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റര്‍ എ.ബി ഡിവില്ലിയേഴ്‌സ് ആണ്. 2013 പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ ആയിരുന്നു ഡിവില്ലിയേഴ്‌സ് ഈ നേട്ടം സ്വന്തമാക്കിയത്.