ഓസ്ട്രേലിയ-ന്യൂസിലാന്‍ഡ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. പരമ്പരയിലെ അവസാന മത്സരത്തില്‍ കിവീസിനെ മൂന്ന് വിക്കറ്റുകള്‍ക്ക് തകര്‍ത്തുകൊണ്ടാണ് ഓസീസ് പരമ്പര സ്വന്തമാക്കിയത്.
മത്സരത്തില്‍ 279 റണ്‍സിന്റെ ടാര്‍ഗറ്റ് ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് ബാക്കി നില്‍ക്കേ മറികടക്കുകയായിരുന്നു. ഓസീസ് ബാറ്റിങ്ങില്‍ 123 പന്തില്‍ 98 റണ്‍സ് നേടി തകര്‍പ്പന്‍ ഇന്നിങ്‌സാണ് അലക്സ് കാരി കാഴ്ചവെച്ചത്. 15 ഫോറുകളാണ് ഓസീസ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് അലക്‌സ് കാരി സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ചെയ്സ് ചെയ്ത് വിജയിച്ച മത്സരങ്ങളില്‍ നാലാം ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് കാരി സ്വന്തമാക്കിയത്.
ഈ നേട്ടത്തില്‍ ഒന്നാമതുള്ളത് ഓസ്‌ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ് ആണ്. 1999ല്‍ പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ ആയിരുന്നു ഓസ്‌ട്രേലിയന്‍ ഇതിഹാസത്തിന്റെ തകര്‍പ്പന്‍ പ്രകടനം.
മത്സരത്തില്‍ 163 പന്തില്‍ 149 റണ്‍സാണ് ഗില്‍ക്രിസ്റ്റ് നേടിയത്. 13 ഫോറുകളും ഒരു സിക്‌സുമാണ് ഇതിഹാസ വിക്കറ്റ് കീപ്പറുടെ ബാറ്റില്‍ നിന്നും പിറന്നത്. മത്സരത്തില്‍ പാകിസ്ഥാനെ നാല് വിക്കറ്റുകള്‍ക്കായിരുന്നു കങ്കാരുപ്പട പരാജയപ്പെടുത്തിയത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ചെയ്സ് ചെയ്ത് വിജയിച്ച മത്സരങ്ങളിൽ നാലാം ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍, രാജ്യം, എതിരാളികള്‍, റണ്‍സ് എന്നീ ക്രമത്തില്‍
ആദം ഗില്‍ക്രിസ്റ്റ്-ഓസ്‌ട്രേലിയ-149*-പാകിസ്ഥാന്‍
അലക്‌സ് കാരി-ഓസ്‌ട്രേലിയ-98*-ന്യൂസിലാന്‍ഡ്
റിഷബ് പന്ത്-ഇന്ത്യ-89*-ഓസ്‌ട്രേലിയ
നിരോഷാന്‍ ഡിക്ക്വെല്ല-ശ്രീലങ്ക-81-സിംബാബ്വെ
ജോസ് ബട്‌ലര്‍-ഇംഗ്ലണ്ട്-75-പാകിസ്ഥാന്‍
കാരിക്ക് പുറമെ മിച്ചല്‍ മാര്‍ഷ് 102 പന്തില്‍ 80 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. പത്ത് ഫോറുകളും ഒരു സിക്‌സുമാണ് മാര്‍ഷ് അടിച്ചെടുത്തത്. ഒടുവില്‍ നായകന്‍ പാറ്റ് കമ്മിന്‍സ് 44 പന്തില്‍ പുറത്താവാതെ 32 റണ്‍സ് നേടി മികച്ച ഫിനിഷിങ്ങും നടത്തിയപ്പോള്‍ ഓസ്‌ട്രേലിയ ജയിച്ചു കയറുകയായിരുന്നു.
അതേസമയം കിവീസ് ബൗളിങ്ങില്‍ ബെന്‍ സിയേഴ്സ് നാല് വിക്കറ്റുകള്‍ നേടിയപ്പോള്‍ മാറ്റ് ഹെന്റി രണ്ട് വിക്കറ്റും നായകന്‍ ടിം സൗത്തി ഒരു വിക്കറ്റും വീഴ്ത്തി.
Content Highlight: Alex Carey Historical Record In Test Cricket