| Monday, 25th November 2024, 8:05 am

ഒടുവില്‍ ഉണ്ണികൃഷ്ണന്റെ തമാശ ഇഷ്ടമായില്ല, മദ്യത്തിന്റെ ലഹരിയില്‍ നിന്ന രഞ്ജിത് അദ്ദേഹത്തിന്റെ ചെവിക്കല്ല് നോക്കി അടിച്ചു: ആലപ്പി അഷ്‌റഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, നിര്‍മാതാവ് എന്നീ നിലകളില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് ആലപ്പി അഷ്‌റഫ്. നിന്നിഷ്ടം എന്നിഷ്ടം, ഒരു മാടപ്രാവിന്റെ കഥ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത അഷ്‌റഫ് ദി ട്രൂത്ത്, മിണ്ടാ പൂച്ചക്ക് കല്യാണം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു.

1997ല്‍ റിലീസായ ആറാം തമ്പുരാന്‍ എന്ന ചിത്രത്തില്‍ ആലപ്പി അഷ്‌റഫും ചെറിയൊരു വേഷം ചെയ്തിരുന്നു. ചിത്രത്തിന്റെ ഷൂട്ടിനിടെ നടന്ന അനുഭവം പങ്കുവെക്കുകയാണ് അഷ്‌റഫ്. ചിത്രത്തിന്റെ തിരക്കഥയെഴുതിയത് രഞ്ജിത്തായിരുന്നെന്നും പണ്ടുമുതലേ രഞ്ജിത്തിനെ അടുത്തറിയാവുന്ന ആളാണ് താനെന്നും അഷ്‌റഫ് പറഞ്ഞു.

എന്നാല്‍ ഒരുപാട് ഹിറ്റുകള്‍ ഒരുക്കിയപ്പോള്‍ രഞ്ജിത്തിന് എല്ലാവരെയും പുച്ഛമായിരുന്നെന്നും താനാണ് ഏറ്റവും വലുതെന്ന ചിന്ത വന്നെന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.ആറാം തമ്പുരാന്റെ ഷൂട്ടിനിടയില്‍ എല്ലാവരും ഹോട്ടല്‍ മുറിയിലിരുന്ന് സംസാരിക്കുകയായിരുന്നെന്നും രഞ്ജിത്ത് മദ്യം തലക്ക് പിടിച്ച അവസ്ഥയിലായിരുന്നെന്നും അഷ്‌റഫ് പറഞ്ഞു.

ആ സമയത്ത് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്തോ തമാശ പറഞ്ഞെന്നും രഞ്ജിത്തിന് അത് ഇഷ്ടമായില്ലെന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു. മദ്യത്തിന്റെ ലഹരിയില്‍ നിന്ന രഞ്ജിത്ത് ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി അടിച്ചെന്നും അദ്ദേഹം നിലത്ത് വീണെന്നും അഷ്‌റഫ് പറഞ്ഞു.

അവിടെയുണ്ടായിരുന്നവര്‍ അദ്ദേഹത്തെ പിടിച്ചെഴുന്നേല്പിച്ചെന്നും കുറച്ചുനേരത്തേക്ക് അദ്ദേഹത്തിന് ഒന്നും കാണാന്‍ കഴിഞ്ഞില്ലെന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു. പിന്നീട് ഷൂട്ട് തീരുന്നതുവരെ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ആരോടും സംസാരിക്കാന്‍ നിന്നില്ലെന്നും അഷ്‌റഫ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്‌റഫ് ഇക്കാര്യം പറഞ്ഞത്.

ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍

രഞ്ജിത്തിനെ എനിക്ക് പണ്ടുമുതലേ അറിയാം. നല്ലൊരു കലാകാരനാണ് അയാള്‍. എന്നാല്‍ തുടര്‍ച്ചയായ വിജയങ്ങള്‍ അയാളുടെ സ്വഭാവത്തെ ബാധിച്ചു. ബാക്കി എല്ലാവരോടും അയാള്‍ക്ക് പുച്ഛമായിരുന്നു. താനാണ് എല്ലാവര്‍ക്കും മുകളില്‍ എന്നൊരു ചിന്ത രഞ്ജിത്തിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. അതിന്റെ ഏറ്റവും വലിയൊരു ഉദാഹരണം ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്.

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ആറാം തമ്പുരാന്‍. ആ സിനിമയില്‍ ഞാനും ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ടായിരുന്നു. അതിന്റെ ഷൂട്ടിനിടയില്‍ ഒരു ദിവസം എല്ലാവരും ഹോട്ടല്‍ മുറിയില്‍ ഇരുന്ന് സംസാരിക്കുകയായിരുന്നു. രഞ്ജിത് മദ്യപിച്ചിട്ടുണ്ടായിരുന്നു. ആ സമയത്ത് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്തോ ഒരു തമാശ പറഞ്ഞു. എല്ലാവരും അത് കേട്ട് ചിരിച്ചു.

എന്നാല്‍ രഞ്ജിത്തിന് അത് ഇഷ്ടമായില്ല. മദ്യത്തിന്റെ ലഹരി തലക്ക് പിടിച്ച രഞ്ജിത് ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി ഒരൊറ്റ അടിയായിരുന്നു. ആ പാവം മനുഷ്യല്‍ കറങ്ങി നിലത്ത് വീണു. അവിടെയുണ്ടായിരുന്നവര്‍ അദ്ദേഹത്തെ പിടിച്ചെഴുന്നേല്പിച്ചു. അടിയുടെ ആഘാതം കാരണം അദ്ദേഹത്തിന് കുറച്ച് നേരത്തേക്ക് ഒന്നും കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. പിന്നീട് ഷൂട്ട് കഴിയുന്നതുവരെ അദ്ദേഹം ആരോടും മിണ്ടാന്‍ പോയില്ല,’ ആലപ്പി അഷ്‌റഫ് പറയുന്നു.

Content Highlight: Aleppy Ashraf says Ranjith slapped Oduvil Unnikrishnan during Aaram Thamburan movie shoot

We use cookies to give you the best possible experience. Learn more