| Thursday, 16th June 2022, 11:56 pm

അന്ന് പള്ളീലച്ചനായിരുന്നേല്‍ കുമ്പസാരമേലും കേള്‍ക്കാമായിരുന്നു, ഇന്ന് പേരുദോഷമല്ലാതെ ഒന്നുമില്ല: അലന്‍സിയര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ പണ്ട് പള്ളീലച്ചന്‍ ആവാന്‍ പോയതാണെന്ന് നടന്‍ അലന്‍സിയര്‍. അന്ന് പള്ളീലച്ചനായിരുന്നേല്‍ കുമ്പസാരമെങ്കിലും കേള്‍ക്കാമായിരുന്നു എന്നും ഇന്ന് പേരുദോഷമല്ലാതെ ഒന്നുമില്ലെന്നും ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘ഞാന്‍ പള്ളീലച്ചനാവാന്‍ പോയതാണ്. അന്ന് പള്ളീലച്ചനായിരുന്നേല്‍ കുമ്പസാരമേലും കേള്‍ക്കാമായിരുന്നു. ഇന്ന് പേരുദോഷമല്ലാതെ ഒന്നുമില്ല. ഇന്ന് പകരം മൊബൈലും വെച്ചോണ്ടാണിരിക്കുന്നത്. നിങ്ങളുടെ സദാചാരം എന്ന് പറയുന്ന ഈ വൃത്തിക്കെട്ട സാധനം മാറ്റിവെച്ചാല്‍, ഈ സദാചാരം കണ്ടു പിടിച്ചവനുണ്ടല്ലോ, എന്നാണ് ഏദന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കിയത് അന്ന് മുതല്‍ നിങ്ങള്‍ നിങ്ങളുടെ നഗ്നത അറിഞ്ഞുവെന്നാണ് പറഞ്ഞത്.

ആ നഗ്നത തിരിച്ചറിയാതെ പട്ടിയേയും പൂച്ചയേയും പോലെ ജീവിക്കാന്‍ വിട്ടതാ മനുഷ്യനെ, അവര്‍ ഇന്നുവരെ വസ്ത്രം ഉണ്ടാക്കിയിട്ടില്ല. ഒരു പൂച്ചേം ഒരു പട്ടീം വസ്ത്രം ഉണ്ടാക്കിയിട്ടില്ല. അണ്ടര്‍വെയര്‍ ഉണ്ടാക്കിയിട്ടില്ല, മനുഷ്യനാണ് അത് ഉണ്ടാക്കിയത്. ആ അണ്ടര്‍വെയര്‍ എന്ന് നിങ്ങള്‍ വലിച്ചു കളയുന്നോ അന്ന് നിങ്ങള്‍ സത്യസന്ധരാവും,’ അലന്‍സിയര്‍ പറഞ്ഞു.

അലന്‍സിയറിന്റെ ഒപ്പം സുരാജ് വെഞ്ഞാറമൂടും അഭിമുഖത്തില്‍ വന്നിരുന്നു. അലന്‍സിയര്‍ എപ്പോഴും ഇങ്ങനെയാണെന്നാണ് സുരാജ് പറഞ്ഞത്.’ഇനി പറയണ്ട എല്ലാ കഴിഞ്ഞു, സെറ്റിലും എപ്പോഴും ഇങ്ങനെയാ, നേരം വെളുത്താല്‍ ഇരുട്ടുന്നത് വരെ ഫണ്‍,’ സുരാജ് പറഞ്ഞു.

ഹെവന്‍ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു ഇരുവരുടെയും പരാമര്‍ശം. സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായ ഹെവന്‍ ജൂണ്‍ 17നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനായ സുബ്രഹ്മണ്യനാണ്. നവാഗതനായ ഉണ്ണി ഗോവിന്ദരാജാണ് ചിത്രത്തിന്റെ സംവിധായകന്‍.

Content Highlight: alenzier says he would have been a priest

We use cookies to give you the best possible experience. Learn more