പ്രായത്തെ മറികടക്കുന്ന പ്രകടനമാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം എയ്ഞ്ചല്‍ ഡി മരിയ കാഴ്ച വെക്കുന്നത്. ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ഫൈനലില്‍ ഫ്രാന്‍സിനെതിരെ നേടിയ അര്‍ജന്റൈന്‍ ഗോളുകളില്‍ ഒരെണ്ണം ഡി മരിയയുടേതായിരുന്നു. നിലവില്‍ ബൂട്ടുകെട്ടുന്ന ക്ലബ്ബായ യുവന്റസിന് വേണ്ടിയും മികച്ച ഫോമില്‍ തുടരുകയാണ് താരം.
അര്‍ജന്റൈന്‍ ക്ലബ്ബായ റൊസാരിയോ സെന്‍ട്രലില്‍ കരിയര്‍ അവസാനിപ്പിക്കണമെന്ന ആഗ്രഹം ഡി മരിയ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ കരിയര്‍ അവസാനിപ്പിക്കുന്നതിന് മുമ്പ് ബ്രസീലിയന്‍ ക്ലബ്ബായ ഫ്ലമങ്കോയില്‍ ഒരിക്കലെങ്കിലും ഡി മരിയ ബൂട്ട് കെട്ടണമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ അര്‍ജന്റൈന്‍ താരം അലജാന്‍ഡ്രോ മങ്കൂസോ. ടി.വൈ.സി സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലാണ് മങ്കൂസോ ഇക്കാര്യം പറഞ്ഞത്.
‘ഡി മരിയ ഫ്ലമെങ്കോയിലേക്ക് പോകണമെന്നാണ് എന്റെ ആഗ്രഹം. 2010 വേള്‍ഡ് കപ്പില്‍ ഞാന്‍ ഡി മരിയക്കൊപ്പം കളിച്ചിട്ടുണ്ട്. അന്നവന്‍ ചെറുപ്പമാണ്. ഇന്നും അവന്‍ മികച്ച ഫോമില്‍ തുടരുന്നുണ്ട്.
ഗാബിഗോള്‍, പെഡ്രോ, ഡി മരിയ എന്നിവര്‍ ഒരുമിച്ച് ഫ്ലമെങ്കോയില്‍ കളിക്കുന്നത് രസകരമായിരിക്കും. ഇതിനെ കുറിച്ച് ഞാന്‍ ഡി മരിയയോട് സംസാരിച്ചിട്ടുണ്ട്. അര്‍ജന്റീനയിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം ഫ്ലമെങ്കോക്ക് വേണ്ടി കളിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു,’ മങ്കുസോ പറഞ്ഞു.
ഡി മരിയ ഖത്തര്‍ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് താരം തന്നെ അത് തിരുത്തിയിരുന്നു. 2024 കോപ്പ അമേരിക്ക വരെ ഡി മരിയ തുടര്‍ന്നേക്കുമെന്നാണ് സൂചന. വിരമിക്കുമെന്ന തീരുമാനം തിരുത്തുകയാണെന്നും ഉടന്‍ വിരമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.
ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വീഴ്ത്തി 36 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയുടെ കിരീടധാരണത്തിന് പിന്നാലെയാണ് തീരുമാനത്തില്‍ മാറ്റം ഉണ്ടായിരിക്കുന്നത്.