| Wednesday, 1st February 2023, 12:38 pm

മമ്മൂക്ക വന്നപ്പോള്‍ ഡെഡ്‌ബോഡിയായി കിടന്ന ഞാന്‍ എഴുന്നേറ്റു, അദ്ദേഹം അടുത്തേക്ക് വന്ന് കൈ നീട്ടി പറഞ്ഞു, ഞാന്‍ മമ്മൂട്ടി: അലന്‍സിയര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി ഒരു ദേഷ്യക്കാരനാണെന്നാണ് താന്‍ കേട്ടിട്ടുള്ളതെന്നും എന്നാല്‍ നേരില്‍ കണ്ടപ്പോള്‍ അങ്ങനെ അല്ലായിരുന്നു എന്നും പറയുകയാണ് നടന്‍ അലന്‍സിയര്‍. കസബ സിനിമയുടെ ഷൂട്ടിനിടയില്‍ ഡെഡ്‌ബോഡിയായി അഭിനയിക്കുമ്പോള്‍ മമ്മൂട്ടിയെ കണ്ട് എഴുന്നേറ്റ അനുഭവവും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അലന്‍സിയര്‍ പറഞ്ഞു.

‘മമ്മൂക്ക ഒരു ദേഷ്യക്കാരനാണെന്നൊക്കെയാണ് വായിച്ചും കേട്ടുമുള്ള കഥകള്‍. കസബയുടെ സെറ്റില്‍ ചെന്നപ്പോള്‍ പലരും പറഞ്ഞതുപോലെ ഒരു മനുഷ്യനെ അല്ല ഞാന്‍ കണ്ടത്. എന്റെ ആദ്യത്തെ സീന്‍ മരണമാണ്. വെടിയേറ്റ് മുഖത്തൊക്കെ രക്തമാണ്. എന്നെ തിരിച്ചറിയത്തുപോലുമില്ല. മമ്മൂക്ക പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങിവരുന്ന സമയത്ത് ഞാന്‍ ഡെഡ്ബോഡിയായി കിടക്കണം.

പക്ഷേ മമ്മൂക്ക വന്നപ്പോള്‍ ഞാന്‍ എണീറ്റ് നിന്നു. മമ്മൂക്ക മുമ്പോട്ട് വന്നിട്ട് തിരിച്ച് രണ്ട് ചുവട് പിറകോട്ട് വെച്ചു. എന്നിട്ട് എന്റെ നേരെ കൈ നീട്ടിയിട്ട്, ഞാന്‍ മമ്മൂട്ടി എന്ന് പറഞ്ഞു. ഞാന്‍ ചിരിച്ച് പോയി. ഇത്രയും നിഷ്‌കളങ്കനായ മനുഷ്യനെ കുറിച്ചാണല്ലോ ഇങ്ങനെയൊക്കെ പറഞ്ഞിട്ടുള്ളത്,’ അലന്‍സിയര്‍ പറഞ്ഞു.

‘മമ്മൂക്ക കണ്ണാടി വെച്ചിരിക്കുന്നു, ആരേയും നോക്കുന്നില്ല എന്ന് എല്ലാവരും പറയാറുണ്ട്. എനിക്ക് തോന്നുന്നത് മമ്മൂക്ക ഗ്ലാസ് വെച്ചിരിക്കുന്നത് ആരേയും നോക്കാതിരിക്കാനല്ല, എല്ലാവരേയും കാണാന്‍ വേണ്ടിയാണ്. അദ്ദേഹം ഓരോ ചുവടിലും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പവിത്രേട്ടന്‍ പണ്ടെഴുതിയ ഒരു ലേഖനം ഞാന്‍ വായിച്ചിട്ടുണ്ട്. നമ്മുടെ രണ്ട് സൂപ്പര്‍ സ്റ്റാറുകളെ കുറിച്ചാണ്.

നമുക്ക് മഹാന്മാരായ രണ്ട് സൂപ്പര്‍ സ്റ്റാറുകളുണ്ട്. എങ്ങനെയാണ് അവരെ വിലയിരുത്തുന്നത്. അതിന് പവിത്രേട്ടന്‍ പറഞ്ഞ വാക്കുകളാണ് ഏറ്റവും അര്‍ത്ഥവത്തായി എനിക്ക് തോന്നിയിട്ടുള്ളത്. ഒരു പടിക്കെട്ട്, ഒരാള്‍ ഓരോ ചുവടും സസൂക്ഷ്മം പഠിച്ച് കയറും, മറ്റൊരാള്‍ ലാഘവത്തോടെ ഓടിക്കയറി പോവും. ഇതാണ് മമ്മൂട്ടിയും മോഹന്‍ലാലും. അത്രയും അറിവോടുകൂടിയാണ് അദ്ദേഹം രണ്ട് നടന്മാരേയും നിരീക്ഷിച്ചത്.

അതിന്റെ കൂടെ തന്നെ വേറെ കാര്യങ്ങളും പറഞ്ഞു. ഇവര്‍ മാത്രമല്ല, മലയാള സിനിമയുടെ സമ്പത്തെന്ന് പറയുന്നത്. ഒടുവില്‍ ഉണ്ണികൃഷ്ണനുണ്ട്, മാമൂക്കോയ, നെടുമുടി വേണു, അങ്ങനെ എത്രയോ പ്രഗല്‍ഭരായ നടന്മാരാല്‍ സമ്പന്നമാണ് മലയാള സിനിമ. ഇതൊരു നിയോഗമാണ്. എന്നെക്കാള്‍ പ്രഗല്‍ഭരായ എത്രയോ നടന്മാര്‍ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. അവര്‍ സിനിമയിലേക്കോ പ്രശസ്തിയിലേക്കോ വന്നില്ല. ഭാഗ്യം കൂടി വേണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: alencier talks about the experience with mammootty in kasaba movie

We use cookies to give you the best possible experience. Learn more