| Friday, 15th September 2023, 2:32 pm

അലന്‍സിയറിന്റെ പ്രസ്താവന സ്ത്രീസമൂഹത്തിനും അവാര്‍ഡ് കമ്മറ്റിക്കും അപമാനം: പി.കെ. ശ്രീമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിച്ച് കൊണ്ട് അലന്‍സിയര്‍ നടത്തിയ പ്രസ്താവന സ്ത്രീ സമൂഹത്തിനും അവാര്‍ഡ് കമ്മിറ്റിക്കും അപമാനമാണെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. അലന്‍സിയര്‍ മാപ്പ് പറയണമെന്നും മുന്‍ മന്ത്രി കൂടിയായ പി.കെ. ശ്രീമതി പറഞ്ഞു. രണ്ട് വരി ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പി.കെ. ശ്രീമതിയുടെ പ്രതികരണം. ‘ അലന്‍സിയര്‍ മാപ്പ് പറയണം, പ്രസ്താവന സ്ത്രീസമൂഹത്തിന് അപമാനം, അവാര്‍ഡ് നല്‍കിയ കമ്മിറ്റിക്കും അപമാനം ‘ പി.കെ. ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചു.

പെണ്‍രൂപത്തിലുള്ള പ്രതിമ തന്ന് പ്രലോഭിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പം തരണമെന്നുമായിരുന്നു അലന്‍സിയര്‍ അവാര്‍ഡ് സ്വീകരിച്ച് കൊണ്ട് പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്.

അലന്‍സിയറിന്റെ പ്രസ്താവന പുരുഷാധിപത്യ ബോധത്തിന്റെ ബഹിസ്ഫുരണമാണെന്നും ഇത്തരമൊരു വേദിയില്‍ ഇതുപോലൊരു പ്രസ്താവന ഉണ്ടാകാന്‍ പാടില്ലായിരുന്നു എന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നേരത്തെ പറഞ്ഞിരുന്നു. പ്രതികരണം നിര്‍ഭാഗ്യകരമായിപ്പോയെന്നും ഒഴിവാക്കേണ്ടതായിരുന്നു എന്നും മന്ത്രി പറഞ്ഞു. നിരന്ത്ര ബോധവത്കരണത്തിലൂടെ മാത്രമേ ഇത് മാറ്റിയെടുക്കാന്‍ സാധിക്കൂ എന്നും മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

അവാര്‍ഡ് നേടിയ ശ്രുതി ശരണ്യവും വിഷയത്തില്‍ പരസ്യപ്രതികരണവുമായി രംഗത്ത് വന്നു. അലന്‍സിയറിന്റെ പ്രസ്താവന നിരുത്തരാവദപരവും നികൃഷ്ടവുമായിരുന്നുവെന്നും എങ്ങനെയാണ് ഇങ്ങനെയൊരു വേദിയില്‍ വന്ന് ഇതുപോലെ സംസാരിക്കാനാകുന്നത് എന്നുമാണ് ശ്രുതി ശരണ്യം ചോദിച്ചത്. ഇത്തരത്തില്‍ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ അലന്‍സിയറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിട്ടുള്ളത്.

അതേ സമയം പ്രതികരണത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ് അലന്‍സിയര്‍ പറഞ്ഞത്. അപ്പന്‍ സിനിമയിലെ അഭിനയത്തിനായിരുന്നു അലന്‍സിയറിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. പ്രത്യേക ജൂറി പരമാര്‍ശമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്നലെയായിരുന്നു അവാര്‍ഡ് വിതരണം.

content highlights: Alencier’s statement is an insult to women’s community and awards committee: P.K. Sreemati

We use cookies to give you the best possible experience. Learn more