ഈ വർഷത്തെ അവാർഡുകൾ അർഹതപ്പെട്ടവർക്ക് തന്നെയാണ് ലഭിച്ചിരിക്കുന്നതെന്ന് അവാർഡ് ജേതാവ് അലന്സിയർ. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ അപ്പൻ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശം നേടിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രം കണ്ടപ്പോൾ തന്നെ മമ്മൂട്ടിക്ക് അവാർഡ് ലഭിക്കുമെന്ന് തോന്നിയിരുന്നെന്നും ‘അപ്പൻ’ എന്ന ചിത്രത്തിൻറെ സംവിധായകന്റെ പേര് എവിടെയും പരാമർശിക്കാത്തതിൽ സങ്കടം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. അവാർഡ് പ്രഖ്യാപനത്തിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ എന്റെ പേര് കൂടി പരാമർശിച്ചതിൽ സന്തോഷമുണ്ട്. വലിയ മഹാ നടന്മാരുടെ കൂടെയാണ് ഞങ്ങളൊക്കെ പരാമർശിക്കപ്പെട്ടുപോയത്. അതൊരു ചില്ലറ പരാമർശമല്ലെന്നാണ് എന്റെ വിശ്വാസം.
ഞാൻ എന്റെ കുടുംബവുമായിട്ടാണ് നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രം കാണാൻ പോയത്ത്. പടം കണ്ടിറങ്ങിയപ്പോൾ തന്നെ ഞാൻ മക്കളോട് പറഞ്ഞു ഈ വർഷത്തെ ‘അപ്പൻ’ന്റെ (അപ്പൻ സിനിമ) അവാർഡ് പോയി മക്കളെയെന്ന്, ഈ വര്ഷം ആ പണി പോയി കിട്ടി.
കാരണം മമ്മൂക്കയുടെ അത്യുജ്വലമായ പ്രകടനമാണ് ചിത്രത്തിൽ കാണാൻ സാധിച്ചത്. അത് കഴിഞ്ഞിട്ടാണ് ഞാൻ റോഷാക്ക് കാണുന്നത്. എന്തൊരു ഭാവ പകർച്ചയും മാറ്റവുമാണ് ആ നടൻ സ്വന്തം ശരീരത്തോട് കാണിച്ചിരിക്കുന്നത്.
അത്രയും മഹാനടനോടൊപ്പം ഞങ്ങൾക്കും ഒരു പരാമർശം കിട്ടുക എന്നുള്ളത് വലിയൊരു അംഗീകാരമായിട്ടാണ് കാണുന്നത്. മമ്മൂക്കക്ക് തന്നെയാണ് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചത്. കാരണം ഞാൻ ഒരു നടനാണ് എനിക്കറിയാം ഏറ്റവും നല്ല വേഷ പകർച്ചകൾ കാണിച്ച നടൻ ആരാണെന്ന്.
എന്നെ ഈ അവാർഡ് വാങ്ങിക്കാൻ സഹായിച്ച അപ്പൻ എന്ന സിനിമയുടെ സംവിധായകൻ മജുവിനോടും എന്റെ കൂടെ വർക്ക് ചെയ്ത സഹ നടീ നടന്മാരോടും ഞാനാ നന്ദി പറയുന്നു. അവർ ഇല്ലെങ്കിൽ ഞാൻ ഇല്ല. എനിക്ക് ഏറ്റവും സങ്കടം തോന്നിയത് സംവിധായകൻ മജുവിന്റെ പേര് എവിടെയും പരാമർശിക്കാതെ പോയതിലാണ്. ബാക്കി എല്ലാം സന്തോഷം നൽകുന്ന കാര്യങ്ങളാണ്. അർഹതപ്പെട്ടവർക്കാണ് ഈ വർഷം അവാർഡുകൾ ലഭിച്ചിരിക്കുന്നത്.