നിങ്ങളുടെയൊക്കെ വീട്ടില്‍ വന്ന്, സിനിമ കാണൂ എന്നുപറഞ്ഞ് വിളിക്കേണ്ട കാര്യമില്ല; ബുദ്ധിയും വിവരവുമുണ്ടെങ്കില്‍ കണ്ടാല്‍ മതി: അലന്‍സിയര്‍
Entertainment news
നിങ്ങളുടെയൊക്കെ വീട്ടില്‍ വന്ന്, സിനിമ കാണൂ എന്നുപറഞ്ഞ് വിളിക്കേണ്ട കാര്യമില്ല; ബുദ്ധിയും വിവരവുമുണ്ടെങ്കില്‍ കണ്ടാല്‍ മതി: അലന്‍സിയര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st May 2022, 1:58 pm

ആസിഫ് അലി, ഷറഫുദ്ദീന്‍, അലന്‍സിയര്‍, സണ്ണി വെയ്ന്‍, സെന്തില്‍ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രം കുറ്റവും ശിക്ഷയും റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.

ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനും റിയല്‍ ലൈഫില്‍ പൊലീസുകാരനുമായ സിബി തോമസിന്റെ പൊലീസ് ജീവിതത്തിലുണ്ടായ ചില സംഭവങ്ങളെ ആസ്പദമാക്കിയാണ് ആക്ഷന്‍ ത്രില്ലര്‍ ഴാനറില്‍ പെടുന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. മെയ് 27നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

കുറ്റവും ശിക്ഷയും ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പോപ്പര്‍‌സ്റ്റോപ്പ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അലന്‍സിയര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. എന്തുകൊണ്ട് ആളുകള്‍ ഈ സിനിമ തിയേറ്ററില്‍ വന്ന് കാണണം എന്ന അവതാരകന്റെ ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

”ആവശ്യമുള്ളവര്‍ ടിക്കറ്റ് എടുത്താല്‍ മതി. എനിക്ക് നിര്‍ബന്ധമൊന്നുമില്ല. ഞാന്‍ എന്താ സിനിമ കാണണമെന്ന് നിങ്ങളോട് യാചിക്കാന്‍ വന്നതാണോ.

നിങ്ങള്‍ക്ക് കാണണമെങ്കില്‍ വന്ന് കാണ്. താല്‍പര്യമുള്ളവന്‍ കണ്ടാല്‍ മതി. ബുദ്ധിയും വിവേകവുമുള്ളവനാണെങ്കില്‍ വന്ന് കാണും, ഇല്ലാത്തവന്‍ കാണണ്ട. അത്രയേയുള്ളൂ ഇതിനുള്ള ഉത്തരം.

നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ രാജീവ് രവിയുടെ പടം കാണുക. അത് നിങ്ങളെ സന്തോഷപ്പെടുത്തുകയോ ചിന്തിപ്പിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ ചിന്തിക്കുക, എന്താണ് സിനിമ എന്ന്.

അല്ലാതെ ഞാന്‍ നിങ്ങളുടെയൊക്കെ വീട്ടില്‍ വന്നിട്ട്, ഡാ നീ സിനിമ കാണൂ, നീ സിനിമ കാണൂ എന്ന് പറഞ്ഞ് എല്ലാവരെയും വീട്ടില്‍ പോയി വിളിക്കേണ്ട കാര്യമില്ല.

ആവശ്യമുള്ളവന്‍ കണ്ടാല്‍ മതി, വേണമെങ്കില്‍. നിങ്ങള്‍ക്കൊക്കെ ബുദ്ധിയും വിവരവുമുണ്ടെങ്കില്‍ ഈ സിനിമ കണ്ടോ. അത്രയേ പറയാനുള്ളൂ,” അലന്‍സിയര്‍ പറഞ്ഞു.

Content Highlight: Alencier on anchor’s question why people should watch Kuttavum Shikshayum movie