| Thursday, 28th June 2018, 5:40 pm

അവള്‍ക്കൊപ്പം മാത്രമാണ്! അവള്‍ക്കൊപ്പം നില്‍ക്കാത്തവര്‍ കലാകാരന്മാരോ മനുഷ്യരോ അല്ല: അലന്‍സിയര്‍; നേരത്തേ നടത്തിയ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടുവെന്നും അലന്‍സിയര്‍

ശ്രീജിത്ത് ദിവാകരന്‍

കോഴിക്കോട്: അക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താനെന്ന് നടന്‍ അലന്‍സിയര്‍. ഇത് സംബന്ധിച്ച് നേരത്തേ താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ധാര്‍മ്മികതയുടെ ഭാഗം തിരസ്‌കരിക്കപ്പെട്ടുവെന്നും അലന്‍സിയര്‍. അവള്‍ക്കൊപ്പം മാത്രമാണ് താനെന്നും അവള്‍ക്കൊപ്പം നില്‍ക്കാത്തവരെ കലാകാരനെന്നോ മനുഷ്യനെന്നോ വിളിക്കാനാവില്ലെന്നും അലന്‍സിയര്‍ ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അക്രമത്തിനിരയായ പെണ്‍കുട്ടിക്കൊപ്പം ആരുണ്ട് എന്നാണ് ചോദ്യം. അവള്‍ക്കൊപ്പം നില്‍ക്കുക ഒരു സമൂഹത്തിന്റെ ബാധ്യതയല്ലേ? A.M.M.A യിലെ നടന്മാര്‍ അവള്‍ക്കൊപ്പമുണ്ടോ?

ഉത്തരം: നമ്മളൊക്കെ മനുഷ്യരാണ്. ഒരാള്‍ക്ക് അപകടം വരുമ്പോള്‍, അവര്‍ ആക്രമിക്കപ്പെടുമ്പോള്‍ ചെന്ന് കൈകൊടുക്കാനും ഒപ്പം നില്‍ക്കാനും പറ്റിയില്ലെങ്കില്‍ നമ്മള്‍ കലാകാരന്മാരല്ല മനുഷ്യരല്ല. നമ്മുടെ കൂട്ടത്തിലൊരാള്‍ക്ക് ഇത്രയും വലിയ വിപത്ത് സംഭവിക്കുമ്പോള്‍ ആ പെണ്‍കുട്ടിക്കൊപ്പം നിന്നില്ലെങ്കില്‍ പിന്നെ നമ്മളെന്ത് കലാകാരനാണ്? അവര്‍ക്ക് വേണ്ടി വാദിക്കുകയും അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്തില്ലെങ്കില്‍ നമ്മളെന്ത് മനുഷ്യരാണ്? ഒരാള്‍ കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നൊക്ക അവസാനം പരിശോധിക്കാം.

അവള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടതാണ്. ഞാന്‍ അവള്‍ക്കൊപ്പമാണ്. നമ്മുടെ വീട്ടില്‍ സംഭവിക്കുന്ന പോലെയല്ലേ, അമ്മ കുടംബമൊക്കെയാണെന്നാണല്ലോ പറയുന്നത്? ആ കുടംബത്തിലൊരാള്‍ ഇത്തരമൊരു ആക്രമണം നേരിടുമ്പോള്‍ പക്ഷം ചേരാന്‍ പറ്റാതിരിക്കുന്നത് എങ്ങനെയാണ്? അത് അന്വേഷിക്കണ്ടേ? തങ്ങളുടെ മകള്‍ക്കോ സഹോദരിക്കോ സുഹൃത്തിനോ സംഭവിച്ചാല്‍ കുടുംബത്തിലെ അംഗങ്ങള്‍ മൗനികളായാണോ ഇരിക്കുക?

ആ പെണ്‍കുട്ടി അക്രമിക്കപ്പെട്ട ഞാന്‍ അക്രമ സംഭവം നടക്കുന്ന ദിവസം എറണാകുളത്തുണ്ടായിരുന്നു. പിറ്റേ ദിവസം എറണാകുളത്ത് ചലച്ചിത്ര താരങ്ങളുടെ ഒരു പ്രതിഷേധ പരിപാടി നടക്കുന്നുണ്ടായിരുന്നു. അമ്മയുടെ അല്ല, സിനിമ പ്രവര്‍ത്തകരുടെ കൂട്ടായ്മ. പ്രതികളെ കണ്ടുപിടിക്കണം എന്ന ആവശ്യം ഉന്നയിച്ച് നടന്നത്. എന്നോടും പങ്കെടുക്കാന്‍ ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് ഞാനവിടെയെത്തി.

ഇരയായ പെണ്‍കുട്ടിക്ക് വേണ്ടിയുള്ള ആദ്യത്തെ കൂട്ടായ്മയാണ്. അന്ന് ഞാനവിടെ കേട്ടത് പ്രതികളെ വെടിവെച്ച് കൊല്ലണം തുടങ്ങിയ ആവശ്യങ്ങളാണ്. ഇരയായ പെണ്‍കുട്ടി മകളാണ്, മരുമകളാണ്, സഹോദരിയാണ്, കൂട്ടുകാരിയാണ് എന്നൊക്കെ പലരും പറഞ്ഞു. ഇത് കഴിഞ്ഞ് ഇറ്റ്ഫോക്കില്‍ (അന്തരാഷ്ട്ര നാടകോത്സവം) തൃശൂരില്‍ വച്ച് ഞാന്‍ ഈ പ്രസംഗങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ ഒരു പെണ്‍കുട്ടിക്കൊപ്പം സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ഒരു തെരുവ് നാടകം ചെയ്തിരുന്നു. എനിക്ക് ഊര്‍ജ്ജം തന്നത് ഈ പ്രസംഗങ്ങളാണ്-സഹോദരി, കൂട്ടുകാരി, മകള്‍ തുടങ്ങിയ ഈ പ്രസംഗങ്ങളുടെ കാപട്യത്തെയാണ് ഞാനന്ന് ഇറ്റ്ഫോക്കില്‍ അവതരിപ്പിച്ചത്.

എന്നെ ഇന്നലത്തെ ഒരു വര്‍ത്തമാനത്തില്‍ കൊണ്ടൊതുക്കി ഏതെങ്കിലും ഒരു തൊഴുത്തില്‍ കൊണ്ടു ചെന്ന് കെട്ടരുത്. ഞാന്‍ ഇത്തരം കാര്യങ്ങള്‍ വളരെ ഗൗരവമായി നോക്കുന്ന കാണാണ്, കാണുന്ന ആളാണ്, സങ്കടപ്പെടുന്ന ആളാണ് പ്രതികരിക്കുന്ന ആളാണ്. അത് ഞാന്‍ എല്ലാക്കാലത്തും ചെയ്തിട്ടുണ്ട്. ഇന്നും ചെയ്യും.

നടനെ തിരിച്ചെടുത്തത് ശരിയാണ്, രാജിവച്ചവര്‍ A.M.M.A  യോഗത്തില്‍ വരാതിരുന്നത് തെറ്റാണ് തുടങ്ങിയ തരത്തിലാണല്ലോ ഇന്നലെ ഒരു പ്രസ്താവന കണ്ടത്?

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച് വന്നത് ഞാന്‍ പറഞ്ഞത് തന്നെയാണ്. പക്ഷേ, എന്തിനാണോ പ്രാമുഖ്യം കൊടുക്കേണ്ടത് അത് താഴോട്ട് മാറ്റുകയും അപ്രധാനവും വിവാദം സൃഷ്ടിക്കാന്‍ വേണ്ടി അവര്‍ക്കാവശ്യമുള്ളതുമായ കാര്യങ്ങള്‍ മുകളിലേയ്ക്ക് കൊണ്ടുവരികയും ചെയ്തു. ധാര്‍മ്മികതയുടെ വശം തിരസ്‌കരിച്ച് സാങ്കേതികാര്‍ത്ഥത്തില്‍ ഞാന്‍ പറഞ്ഞ അപ്രധാന കാര്യം മുകളിലേയ്ക്ക് കൊണ്ടുവന്നു. എന്നെ ഒരു തൊഴുത്തില്‍ കൊണ്ടുപോയി. അത് ഒരു സങ്കടകരമായ അവസ്ഥയാണ്.

എന്നെ ഇന്ന് എത്രയോ പേര് വിളിച്ചു. ഞാന്‍ പറഞ്ഞത് ഇവരോടെല്ലാം വിശദീകരിക്കുകയായിരുന്നു. കാരണം ഞാന്‍ പറയാത്ത ഒരുകാര്യവും അതിലില്ല. പക്ഷേ ഞാന്‍ ഉദ്ദേശിച്ചത് അതൊന്നുമല്ല. ഞാന്‍ ധാര്‍മ്മിക വശത്തിന് മുന്‍തൂക്കം നല്‍കിയാണ് സംസാരിച്ചത്. ആ വാര്‍ത്ത നല്‍കിയത് അപ്രധാനമായ സങ്കേതിക കാര്യവും. എന്നെ പോലും ഞെട്ടിച്ചു. ഇത് ഞാനാണോ?? ഞാനായ അലന്‍സിയര്‍ ആണോ ഇക്കാര്യം പറഞ്ഞിരിക്കുന്നത്?

ഞാന്‍ പറഞ്ഞ സാങ്കേതികത്വം തമാശയാണ്. ലോകത്തെല്ലായിടത്തും ഒരു സംഘടനയില്‍ പെട്ട ഒരാള്‍ കുറ്റക്കാരനാണ് എന്നാരോപണം ഉന്നയിക്കപ്പെട്ടാല്‍ അയാളെ സംഘടനയില്‍ നിന്ന് തത്കാലം മാറ്റി നിര്‍ത്തും. കുറ്റക്കാരനാണ് എന്ന് തെളിഞ്ഞാല്‍ പുറത്താക്കും. കുറ്റക്കാരനല്ലെങ്കില്‍ തിരിച്ചെടുക്കും. ഇത് അതൊന്നുമല്ല. അയാളെ സംഘടനയില്‍ നിന്ന് പുറത്താക്കിയെന്ന് പറയുന്നു. എന്നാല്‍ സംഘടനയില്‍ നിന്ന് പുറത്താക്കിയ ആളെ അതറിയിച്ചിട്ടുമില്ല. പിന്നെ എങ്ങനെയാണ് പുറത്താക്കുക? പുറത്താക്കാത്ത ആളെ എങ്ങനെയാണ് തിരിച്ചെടുക്കുക? അങ്ങനെയാണെങ്കില്‍ തിരിച്ചെടുത്തതിന് യോജിപ്പാണ്, കാരണം പുറത്താക്കിയിട്ടില്ലല്ലോ, പിരിച്ചുവിട്ടിട്ടില്ലല്ലോ?

അപ്പോള്‍ രാജിവച്ചവര്‍ A.M.M.A  യോഗത്തില്‍ എത്തണമായിരുന്നു എന്ന അഭിപ്രായം?

ഞാന്‍ 22 വര്‍ഷമായി സിനിമയിലെത്തിയിട്ട്. പക്ഷേ അമ്മയില്‍ എത്തിയിട്ട് രണ്ട് വര്‍ഷമേ ആയിട്ടുള്ളൂ. ഈ രാജിവച്ച നടിമാരെല്ലാം എന്നേക്കാളും അമ്മയില്‍ സീനിയറാണ്. കഴിഞ്ഞ മീറ്റിങ്ങില്‍ പങ്കെടുത്തപ്പോള്‍ എനിക്ക് തോന്നിയ ഒരുകാര്യം പിന്നീട് ഡബ്ലിയു.സി.സിയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നു. ധാര്‍മ്മികമായും രാജിവച്ച നടിമാരോട് ഒപ്പമാണെങ്കിലും വിയോജിപ്പുള്ള ഒരു കാര്യം ഇവര്‍ അമ്മ മീറ്റിങ്ങില്‍ വന്ന് സംസാരിക്കണമായിരുന്നു എന്നാണ്. “നിങ്ങള്‍ ഞങ്ങളെ നിശബ്ദരാക്കാന്‍ നോക്കി, പക്ഷേ ഞങ്ങള്‍ ശബ്ദിക്കും, നിങ്ങള്‍ കൂടുതല്‍ വര്‍ത്തമാനം പറയേണ്ട” എന്ന പറയാനുള്ള ആര്‍ജവം അവര്‍ കാണിച്ചിരുന്നുവെങ്കില്‍ നന്നായേനെ.

ഞാനത് സജിത മഠത്തിലടക്കമുള്ളവരോട് പറഞ്ഞ കാര്യമാണ്. അവര്‍ വന്നിരുന്നുവെങ്കില്‍, അവരെ കാണുമ്പോഴേ ഇവര്‍ ഞെട്ടിപ്പോയേനെ. ഭയന്ന് വിറച്ചേനെ. ഇരയാക്കപ്പെട്ട പെണ്‍കുട്ടി കടന്നുവരുമ്പോള്‍ വേദിയില്‍ ഇരിക്കുന്നവര്‍ നടുങ്ങില്ലേ? സദസിന് മുഴുവന്‍ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കേണ്ടിവരുമായിരുന്നില്ലേ? അവരുടെ സാമിപ്യം കാര്യങ്ങള്‍ എതിരാക്കിയേനെ ചിലപ്പോള്‍.

A.M.M.A  ഷോവില്‍ ആ സ്‌കിറ്റെല്ലാം സൂപ്പര്‍ താരങ്ങളുടെ നേതൃത്വത്തില്‍ കളിച്ചതിന് ശേഷം ഇവര്‍ ഈ യോഗത്തില്‍ വരണമെന്നൊക്കെ പറയുന്നത് കഷ്ടമല്ലേ? അവര്‍ ചോദിക്കുന്നതും അതല്ലേ?

ഞാന്‍ ആ പരിപാടി കണ്ടിരുന്നു. ആ ഷോവില്‍ പങ്കെടുത്ത ആളാണ്. ഞാന്‍ ആ സ്‌കിറ്റില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നാണ് അമ്മയുടെ ഫോട്ടോ ഷോവില്‍ പങ്കെടുക്കേണ്ടിവന്നത്. പ്രതീകാത്മകമായി ആ ഫോട്ടോയില്‍ പോലും ഞാന്‍ നിശ്ചലനായിരുന്നില്ല, ഞാന്‍ പ്രതീകാത്മകമായി കൂവുകയാണ് ചെയ്തത്.

A.M.M.A യില്‍ നിന്ന് രാജിവയ്ക്കാന്‍ ആലോചിക്കുന്നുണ്ടോ?

ഞാന്‍ രാജിയ്ക്കില്ല. സരസമായി പറഞ്ഞാല്‍ രാജിവയ്ക്കാനല്ല, അമ്മയുടെ പ്രസിഡന്റായേ അടങ്ങൂ എന്നു കരുതിയാണ് അമ്മയില്‍ ചേര്‍ന്നത്. ഞാന്‍ സജിതയോട് പറഞ്ഞിരുന്നു, ഞാന്‍ പ്രസിഡന്റാകട്ടെ നിങ്ങളെയൊക്കെ ഞാന്‍ തിരിച്ചെടുക്കും. ആ കാലം വരും. നിങ്ങളെ തിരിച്ചെടുക്കാന്‍ വേണ്ടിയെങ്കിലും ഞാന്‍ പ്രസിഡന്റാകുമെന്ന്.

ശ്രീജിത്ത് ദിവാകരന്‍

മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more