'ഞാന്‍ ഒരു ചൂലും പിടിച്ച് ധ്യാനം നടക്കുന്ന സ്ഥലത്ത് പോയി നിന്നു; 10,000 രൂപ പിഴ കിട്ടിയത് ഇന്നും കൊടുത്തിട്ടില്ല'; പഴയ 'ചൂലുകഥ' പറഞ്ഞ് അലന്‍സിയര്‍
Entertainment news
'ഞാന്‍ ഒരു ചൂലും പിടിച്ച് ധ്യാനം നടക്കുന്ന സ്ഥലത്ത് പോയി നിന്നു; 10,000 രൂപ പിഴ കിട്ടിയത് ഇന്നും കൊടുത്തിട്ടില്ല'; പഴയ 'ചൂലുകഥ' പറഞ്ഞ് അലന്‍സിയര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st June 2022, 6:08 pm

സുരാജ് വെഞ്ഞാറമൂട് നായകനായ ഹെവന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഉണ്ണി ഗോവിന്ദ്‌രാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ത്രില്ലര്‍ ചിത്രമായ ഹെവനില്‍ അലന്‍സിയര്‍, ജാഫര്‍ ഇടുക്കി, വിനയ പ്രസാദ്, ജോയ് മാത്യു, സുദേവ് നായര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ഹെവനിന്റെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ഒരു പഴയ ‘ചൂലുകഥ’ പങ്കുവെക്കുകയാണ് നടന്‍ അലന്‍സിയര്‍.

”നാട്ടിലൊരു ധ്യാനം നടക്കുകയായിരുന്നു. എന്റെ സ്വന്തം ഇടവകയില്‍ വെച്ചായിരുന്നു, വലിയ ആഘോഷമായിരുന്നു. പാതിരി എന്ന് പറയുന്ന വാക്കിന്റെ അര്‍ത്ഥമറിയാമോ, പ്രീസ്റ്റ്, പുരോഹിതന്‍. പക്ഷെ, അത് പതുങ്ങിയിരിക്കുന്ന ആളാണ്. മിടുക്കനാണ്, മാളത്തില്‍ പതുങ്ങിയിരിക്കുന്ന പാമ്പാണ് പാതിരി. അദ്ദേഹത്തിന്റെ ളോഹക്കുള്ളില്‍ അദ്ദേഹം പതുങ്ങിയിരിപ്പുണ്ട്.

പാതിരി ഇടവകയില്‍ ധ്യാനപ്രസംഗമൊക്കെ നടത്തി. ധ്യാനത്തിന് ഇദ്ദേഹം ‘അത്ഭുത രോഗശാന്തി’ നാട്ടുകാര്‍ക്കൊക്കെ നല്‍കി. അങ്ങനെയാണെന്നുണ്ടെങ്കില്‍ ഇവിടെ ആര്‍.സി.സി ഒക്കെ അടക്കണമായിരുന്നു. ഇത് പുള്ളി കൊടുത്തുകൊണ്ടിരിക്കുകയാണ്.

പലര്‍ക്കും രോഗം മാറി എന്ന് പറയുന്നു. പക്ഷെ എന്റെ മാനസികരോഗം മാത്രം മാറിയില്ല. അതുകൊണ്ട് ധ്യാനം നടക്കുന്ന സ്ഥലത്തേക്ക് പോയി,” അലന്‍സിയര്‍ പറഞ്ഞു.

”അണ്ണന്‍ തൊറപ്പയും എടുത്തോണ്ട് ചെന്ന് ധ്യാനം നടക്കുന്ന സ്ഥലത്ത് ചെന്ന് അലമ്പാക്കി,” സുരാജ് ഇതിനിടെ കൂട്ടിച്ചേര്‍ത്തു.

”ഞാന്‍ ധ്യാനം നടക്കുന്ന സ്ഥലത്ത് പോയി നിന്നു. വീട്ടില്‍ നിന്ന് എടുത്തുകൊണ്ട് വന്ന ഒരു ചൂല് എന്റെ പിറകില്‍ കയ്യിലുണ്ട്. രണ്ട് മക്കളോടും എടുത്തുകൊണ്ടുവരാന്‍ പറഞ്ഞു, പിള്ളേര് കുട്ടികളായിരുന്നു അന്ന്. പക്ഷെ ഭാര്യ സമ്മതിച്ചില്ല. അല്ലെങ്കില്‍ അവന്മാര്‍ക്കും 10,000 രൂപ ശിക്ഷ കിട്ടിയേനെ, 30,000 രൂപ പോയേനെ. ഇന്നും ഞാനത് കൊടുത്തിട്ടില്ല.

ഇപ്പൊ കൊവിഡ് വന്നതിന് ശേഷം പള്ളിയില്‍ സെമിത്തേരിയില്‍ അടക്കുന്നതിന് പകരം തൈക്കാട് ശാന്തികവാടത്തില്‍ കൊണ്ടുപോയി ദഹിപ്പിച്ചിട്ട്, അതൊരു കുടത്തിലാക്കി, ഒരു ശവപ്പെട്ടില്‍ കൊണ്ടുവെച്ചിട്ട് കല്ലറയില്‍ കൊണ്ടുവെക്കും.

മരിച്ച് പോകുന്നവന് എന്ത് കല്ലറ, മരിച്ച് പോയാല്‍ എന്ത് ശാന്തികവാടം. എന്റേത് കടലിലൊഴുക്കി വിട്ടാലും എനിക്ക് കുഴപ്പമൊന്നുമില്ല, ഞാന്‍ 10,000 രൂപ കൊടുത്തില്ല, കൊടുക്കില്ല,” അലന്‍സിയര്‍ പറഞ്ഞു.

ജൂണ്‍ 17നാണ് ഹെവന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും അലന്‍സിയറും പൊലീസ് വേഷങ്ങളിലാണ് എത്തുന്നത്.

Content Highlight: Alencier Ley Lopez shares an old ‘Choolu story’ during Heaven movie promotion


=