വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍, 23 വര്‍ഷം മുമ്പ്, ഏഷ്യാനെറ്റിന് വേണ്ടി തയ്യാറാക്കിയ ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ വരുമ്പോഴാണ് അലന്‍സിയര്‍ എന്ന മനുഷ്യനെ ആദ്യമായി കാണുന്നത്. ഏഷ്യാനെറ്റില്‍ ജോലി ചെയ്തിരുന്ന, ഇപ്പോഴത്തെ നാടകാധ്യാപകനും തിരക്കഥാകൃത്തുമായ ഗോപന്‍ ചിദംബരവും എഡിറ്റര്‍ ഗോപി മോഹനനുമായിരുന്നു സംവിധായകര്‍. ഛായാഗ്രഹണം പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥി രാജീവ് രവി. സംവിധായകനും അഭിനേതാക്കളെ കുറിച്ചുള്ള അവസാന വാക്കുമായ ഗോപനാണ് നായകനായി അലന്‍സിയറിനെ നിര്‍ദ്ദേശിക്കുന്നത്.
ആ ടെലി ഫിലിം കയ്യിലൊരു കോപി പോലുമില്ലാതെ, അവസാനിച്ച് പോയെങ്കിലും അലന്‍സിയറുമായുള്ള ബന്ധം അവസാനിച്ചില്ല. ദയയിലെ ഒരു ചെറിയ റോളില്‍ പിന്നീട് അലന്‍സിയറിനെ കാണുമ്പോള്‍ ആനന്ദിച്ചു. ശയനത്തിലും മാര്‍ഗ്ഗത്തിലും പകല്‍നക്ഷത്രങ്ങളിലും രാമാനത്തിലും അലന്‍ മിന്നല്‍ പോലെ വന്നുപോയി. പക്ഷേ നാടക രംഗത്ത് അലന്‍സിയര്‍ എന്ന നടന്‍ ശ്രദ്ധേയനായി നിന്നു.
ആ ടെലിഫിലിമിന് പതിനേഴ് പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രാജീവ് രവി മലയാളത്തില്‍ ആദ്യമായി ചെയ്ത സിനിമയിലൂടെ അലന്‍സിയര്‍ ലേ ലോപസ് എന്ന ആക്ടര്‍ മുഖ്യധാര സിനിമയുടെ ഭാഗമായി. റസൂലിന്റെ ഇക്ക ഹൈദറിന്റെ പാസ്പോര്‍ട്ട് വേരിഫിക്കേഷന്‍ അന്വേഷണത്തില്‍ ഇടംകോലിടുന്ന ബഷീര്‍ എന്ന പോലീസുകാരനായി.
അതേവര്‍ഷം കെ.ആര്‍.മനോജിന്റെ കന്യകാടാക്കീസിലെ യാക്കൂബ് എന്ന ശ്രദ്ധേയ കഥാപാത്രമായി അലന്‍സിയര്‍. വെടിവഴിപാട് എന്ന ചിത്രത്തിലെ ഒരു റോളു കൂടിയായപ്പോള്‍ അലന്‍സിയറിനെ മലയാള സിനിമ സ്വീകരിച്ചു തുടങ്ങിയെന്ന നിലയിലെത്തി. ഞാന്‍ സ്റ്റീവ് ലോപസ് എന്ന രാജീവിന്റെ രണ്ടാം ചിത്രത്തിലെത്തിയപ്പോള്‍ സ്റ്റീവ് ലോപസിന്റെ പിതാവ് പോലീസുകാരന്‍ ജോര്‍ജ് ലോപസിന്റെ വേഷത്തോടെ അലന്‍ സിയറിന്റെ കരിയര്‍ നിര്‍ണ്ണായക ദിശയിലെത്തി.
എന്നാല്‍ മഹേഷിന്റെ പ്രതികാരത്തിന്റെ ആര്‍ട്ടിസ്റ്റ് ബേബിയോടെയാണ് മലയാള മുഖ്യധാരസിനിമയിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി അലന്‍സിയര്‍ മാറിയത്. “എന്റെ ഐഡിയയായിപ്പോയി” എന്ന ഗൗരവഭാവത്തില്‍ പിറുപിറുക്കുന്ന മഹേഷിന്റെ ട്രെയ്ലര്‍ മുതല്‍ അലന്‍സിയറിന്റെ ആര്‍ട്ടിസ്റ്റ് ബേബി അനായാസമായി നമ്മുടെ ജീവിതത്തിന്റെ ഭാഗമായി.
“ബാംഗ്ലൂര്‍ പോലീസിനെ അറിയിച്ചാലോ” എന്ന ചോദ്യത്തില്‍ നിന്ന് തികച്ചും സ്വാഭാവികമായി ആര്‍ട്ടിസ്റ്റ് ബേബിയുടെ ഡീറ്റെയ്ല്‍സ് അലന്‍സിയര്‍ തന്നു. മകന്റെ സ്‌ക്കൂള്‍ ബുക്കില്‍ വൃക്കയുടെ ചിത്രം വരച്ചു കൊടുക്കുന്നിടത്ത്, ചോറു പാത്രം തട്ടിത്തുറക്കുന്നിടത്ത്, നാട്ടിന്‍പുറത്തെ അനാവശ്യകാര്യങ്ങളില്‍ ഇടപെട്ട് ചീത്ത കേള്‍ക്കുന്നിടത്ത്, ഫോണില്‍ സേവ് ചെയ്ത അളിയന്‍ തെണ്ടി എന്ന പേര് നോക്കുന്നിടത്ത്… ദിലീഷ് പോത്തനോടൊപ്പമാകുമ്പോള്‍ രണ്ട് നാടകക്കാരുടെ മാരക കോമ്പിനേഷന്റെ സൗന്ദര്യം ആര്‍ട്ടിസ്റ്റ് ബേബിയുടെ കഥാപാത്രത്തിന് മിഴിവേകി.
തുടര്‍ന്ന് കൈനിറയെ ചിത്രങ്ങള്‍. കലിയെന്ന ചിത്രത്തില്‍ ബാങ്കിലെത്തുന്ന കസ്റ്റമറായി ഗൗരവമേറിയ ഒരു സീനില്‍ മാത്രമെത്തി ആര്‍ട്ടിസ്റ്റ് ബേബിയില്‍ നിന്ന് അലന്‍സിയര്‍ കുതറിമാറി. കമ്മട്ടിപ്പാടത്തെ മത്തായിയായപ്പോള്‍ അധികാരത്തിന്റെയും അഴിമതിയുടെയും ക്രൂരതകളുടേയും ഒപ്പം നടക്കുന്ന ഇടനിലക്കാരന്റെ ശരീരഭാവങ്ങളില്‍ അലന്‍സിയര്‍ ഒതുങ്ങിനിന്നു. കണ്ണില്‍ ജാഗ്രതയുണ്ട്, കളികള്‍ കുറേ കണ്ടതിന്റെ ഭാഗമായി പുതുതായി വരുന്ന കളിക്കാരെ അറിയാം. ചുവടുകള്‍ മാറ്റാം. ഒറ്റുകളും ചതിയും ജീവിതത്തിന്റെ താളമാണെന്നറിയാം.
സി.ഐ.എയിലെ കേരളകോണ്‍ഗ്രസുകാരനായി വരുമ്പോഴുണ്ട്, ചെറിയ റോളിലാണെങ്കിലും കഥാപാത്രത്തിനെ അറിയുന്ന ആക്ടറുടെ കരുത്ത്. ടേക്ക് ഓഫിലെ സമീറിയുടെ ബാപ്പ എന്ന നിസഹായതില്‍ അലന്‍സിയറിനെ കാണുമ്പോള്‍ കിസ്മത്തിലെ സയ്ദ് തങ്ങളില്‍ നിന്ന് എന്ത് എത്രദൂരത്തില്‍ നിര്‍ത്തിയാണ് കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്നത് എന്ന് കണ്ട് ആനന്ദിച്ചു. കസബയും തോപ്പില്‍ ജോപ്പനും മുന്തിരിവള്ളിയുമടക്കമുള്ള വാണിജ്യമസാലകളിലിലെല്ലാം അലന്‍സിയര്‍ ഭാഗവാക്കായി.
തൊണ്ടിമുതലിലെ എ.എസ്.ഐ ചന്ദ്രനിലെത്തിയപ്പോള്‍ വീണ്ടും ദിലീഷ്-അലന്‍സിയര്‍ കോമ്പിനേഷന്‍ ഡീറ്റെയ്ല്‍സിന്റെ അയ്യരുകളി സൃഷ്ടിക്ക് കാണികളെ ആനന്ദിപ്പിച്ചു. ഒറ്റവാക്കിലും ചിരിയിലും ചോദ്യം ചെയ്യലിലും ഓട്ടത്തിലും വിയര്‍പ്പ് തുള്ളികളിലും കഞ്ഞികുടിക്കലിലും പോലീസും ഭര്‍ത്താവും അച്ഛനും ബി.പി. പേഷ്യന്റും ഭീരുവും സ്വാര്‍ത്ഥനും നല്ലവനും എല്ലാത്തിനുമിടയിലൂടെ അലയുന്ന മനുഷ്യനുമെല്ലാമായി അയാള്‍.

ചിത്രം കടപ്പാട്: സിനി സ്‌പോട്ട്
രാജീവ് രവി, ദിലീഷ് പോത്തന്‍, ശ്യാംപുഷ്‌കരന്‍ എന്നിവര്‍ക്ക് പ്രത്യേക നന്ദിപറയും ഒരു കാണിയെന്ന നിലയില്‍ ഞാന്‍ അലന്‍സിയറിനെ കാണുമ്പോള്‍. ഇവര്‍ ഇല്ലായിരുന്നുവെങ്കില്‍ ഇനിയും വൈകുമായിരുന്നു നമ്മള്‍ ഒരു പക്ഷേ, തിലകന്റേയും മറ്റും റേഞ്ചിലുള്ള ഈ വലിയ ആക്ടറെ സജീവമായി കാണുവാന്‍. ബാബ്രിപള്ളി പൊളിച്ചപ്പോള്‍ സെക്രട്ടറിയേറ്റിന് മുന്നിലൂടെ അലറി വിളിച്ചോടിയ, ആര്‍.എസ്.എസ് ഭീകരതയോട് പ്രതിഷേധിക്കാന്‍ ഏകാംഗ നാടകവുമായി ബസ്റ്റാന്‍ഡില്‍ ഇറങ്ങിയ, തീഷ്ണമായ രാഷ്ട്രീയ വ്യക്തതയുള്ള, സ്റ്റേജില്‍ ഉഗ്രന്‍ അഭിനേതാവായ അലന്‍സിയര്‍ എല്ലാക്കാലത്തും അവിടെയുണ്ടായിരുന്നു. ആ അലന്‍സിയറിനെ നമ്മളറിയാന്‍ വൈകിയെന്നു മാത്രം.
ചലച്ചിത്ര അക്കാദമി, മലയാള സിനിമ മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് അലന്‍സിയറിന് കൊടുക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അഭിനന്ദിക്കുന്നത് സ്വയമാണ്. ഈ നടനെ വൈകിയാണെങ്കിലും കണ്ടെത്തിയ മലയാള സിനിമയ്ക്കുളള അവാര്‍ഡാണത്.