മമ്മൂട്ടിയെ പറ്റിയുള്ള തെറ്റിദ്ധാരണകള്‍ മൂലം അദ്ദേഹത്തിനൊപ്പമുള്ള സിനിമ ഒഴിവാക്കാന്‍ നോക്കിയിട്ടുണ്ടെന്ന് നടന്‍ അലന്‍സിയര്‍. മമ്മൂക്കയെ പേടിച്ചിട്ട് ഡേറ്റില്ലെന്ന് പറഞ്ഞെന്നും ഫോണ്‍ ഓഫാക്കിവെച്ചെന്നും അലന്‍സിയര്‍ പറഞ്ഞു. എന്നാല്‍ സെറ്റില്‍ ചെന്നപ്പോള്‍ പറഞ്ഞുകേട്ടതില്‍ നിന്നും വ്യത്യസ്തനായ മമ്മൂട്ടിയെ ആണ് കണ്ടതെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അലന്‍സിയര്‍ പറഞ്ഞു.
‘മമ്മൂക്ക ഭയങ്കര ദേഷ്യക്കാരനാണെന്നാണ് നമ്മള്‍ കണ്ടതും കേട്ടതുമായ കഥകള്‍. അതുകൊണ്ട് തന്നെ കസബ വന്നപ്പോള്‍ ഒഴിവാക്കാന്‍ ഞാന്‍ പല ശ്രമങ്ങള്‍ നടത്തി. ഡേറ്റില്ലെന്നൊക്കെ പറഞ്ഞു. അവസാനം ഞാന്‍ മൊബൈല്‍ ഫോണ്‍ വരെ ഓഫാക്കി വെച്ചു. വീട്ടിലേക്ക് വിളിക്കാനെന്തോ ഫോണെടുത്തപ്പോള്‍ കറക്ട് ഫോണ്‍ വന്നു.
ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്, കേറിക്കോണമെന്ന് പറഞ്ഞു. ഇവിടെ രാജുവിന്റെ പടം നടക്കുകയാണെന്ന് ഞാന്‍ പറഞ്ഞു. രാജുവിനോടൊക്കെ സംസാരിച്ചു, രാജു ഫ്രീ ആക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. ഉള്ള കാര്യം പറയാം, മമ്മൂക്കയ പേടിച്ചിട്ടാണ് ഡേറ്റില്ലെന്ന് പറഞ്ഞതെന്ന് ഞാന്‍ പറഞ്ഞു. വന്നില്ലെങ്കിലാണ് പ്രശ്‌നം. മമ്മൂക്കയാണ് നിങ്ങളെ ഇതിലേക്ക് കാസ്റ്റ് ചെയ്തതെന്ന് പറഞ്ഞു. അപ്പോള്‍ പിന്നെ പോവാതിരിക്കാന്‍ പറ്റില്ല.
കസബയുടെ സെറ്റില്‍ ചെന്നപ്പോള്‍ പലരും പറഞ്ഞതുപോലെ ഒരു മനുഷ്യനെ അല്ല ഞാന്‍ കണ്ടത്. എന്റെ ആദ്യത്തെ സീന്‍ മരണമാണ്. വെടിയേറ്റ് മുഖത്തൊക്കെ രക്തമാണ്. എന്നെ തിരിച്ചറിയത്തുപോലുമില്ല. മമ്മൂക്ക പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങിവരുന്ന സമയത്ത് ഞാന്‍ ഡെഡ്‌ബോഡിയായി കിടക്കണം.
പക്ഷേ മമ്മൂക്ക വന്നപ്പോള്‍ ഞാന്‍ എണീറ്റ് നിന്നു. മമ്മൂക്ക മുമ്പോട്ട് വന്നിട്ട് തിരിച്ച് രണ്ട് ചുവട് പിറകോട്ട് വെച്ചു. എന്നിട്ട് എന്റെ നേരെ കൈ നീട്ടിയിട്ട്, ഞാന്‍ മമ്മൂട്ടി എന്ന് പറഞ്ഞു. ഞാന്‍ ചിരിച്ച് പോയി. ഇത്രയും നിഷ്‌കളങ്കനായ മനുഷ്യനെ കുറിച്ചാണല്ലോ ഇങ്ങനെയൊക്കെ പറഞ്ഞിട്ടുള്ളത്,’ അലന്‍സിയര്‍ പറഞ്ഞു.
Content Highlight: alencier about mammootty and kasaba