| Sunday, 22nd May 2022, 10:00 am

ഈ വേഷം സുരേഷ് ഗോപി ചെയ്തിട്ടുണ്ട്, ലാലേട്ടന്‍ ചെയ്തിട്ടുണ്ട്; പിന്നെ ഞങ്ങളെ രണ്ട് പേരെ മാത്രമെന്തിനാ ഇതിനകത്ത് കുടുക്കിയിടുന്നത്: അലന്‍സിയര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടര്‍ച്ചയായി പൊലീസ് വേഷങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചും പൊലീസ് കഥാപാത്രങ്ങളെക്കുറിച്ചും സംസാരിച്ച് നടന്‍ അലന്‍സിയര്‍. പോപ്പര്‍‌സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് കരിയറിലെ പൊലീസ് കഥാപാത്രങ്ങളെപ്പറ്റി താരം മനസുതുറന്നത്.

മലയാള സിനിമയില്‍ കുടുങ്ങിപ്പോയ രണ്ട് അഭിനേതാക്കളാണ് അലന്‍സിയറും ഇന്ദ്രജിത്തും എന്ന അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”അങ്ങനെയാണെങ്കില്‍ മമ്മൂക്ക ഒക്കെ ഇല്ലേ. എത്ര പൊലീസ് വേഷം സുരേഷ് ഗോപി ചെയ്തിട്ടുണ്ട്, ലാലേട്ടന്‍ ചെയ്തിട്ടുണ്ട്. പിന്നെ ഞങ്ങളെ രണ്ട് പേരെ മാത്രമെന്തിനാ ഇതിനകത്ത് കുടുക്കിയിടുന്നത്.

പൊലീസ് വേഷത്തിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നതിന് അതിനകത്ത് കയറിക്കഴിഞ്ഞാല്‍ ലോകത്തെ എല്ലാ മനുഷ്യരും പൊലീസാ. നിങ്ങള്‍ ആ കോസ്റ്റിയൂമിനകത്ത് കേറിക്കഴിഞ്ഞാല്‍ നിങ്ങളും അങ്ങനെ തന്നെയായിരിക്കും. വേഷം അഴിച്ച് വെക്കുമ്പോഴാണ് നിങ്ങള്‍ വേറെ രൂപത്തിലേക്ക് മാറുന്നത്.

അത് ലോകത്തെ ഏത് പൊലീസ് എടുത്താലും അങ്ങനെ തന്നെയായിരിക്കും. പൊലീസ് വേഷത്തിലെത്തിയാല്‍ ഒരു അധികാരം കിട്ടും, ആ കിട്ടുന്ന ഒരു പവര്‍ ഉണ്ട്. അത് നിങ്ങള്‍ നിങ്ങളുടെ ഉള്ളിലുള്ള മനുഷ്യനെ വേറൊരു കോസ്റ്റിയൂമിന്റെ ഉള്ളിലേക്ക് മാറ്റിയിട്ട് അത് മാറ്റിത്തീര്‍ക്കുന്ന വേറൊരു രൂപമാണ്. അവിടെ നിങ്ങള്‍ മനുഷ്യനല്ല, ഭരണകൂടത്തിന്റെ ഒരു പ്രോപ്പര്‍ട്ടി മാത്രമാണ്.

അത് വളരെ വേദനാജനകമാണ്. ആ കോസ്റ്റിയൂമിനകത്ത് നിന്നാലേ നിങ്ങള്‍ക്കത് മനസിലാകൂ. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലുള്ള ഒരുപാട് പൊലീസുകാര്‍ എന്നെ സ്‌നേഹിക്കുന്നതിന് കാരണം, അവരനുഭവിക്കുന്ന കാര്യങ്ങള്‍ മുഴുവന്‍ സിനിമയിലെ എന്റെ വേഷത്തിലൂടെ എനിക്ക് കാണിക്കാന്‍ പറ്റി. അവര്‍ക്കത് മനസിലായിട്ടുണ്ട്, കമ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്.

ഇതാണ് ഞാന്‍ നേരത്തെ പറഞ്ഞത്. പൊലീസുകാര്‍ക്കാണ് മനുഷ്യാവകാശമില്ലാത്തത്, പ്രധാനമന്ത്രിക്കുണ്ട്, പ്രസിഡന്റിനുണ്ട്, ജഡ്ജിക്കുണ്ട്, തൊഴിലാളികള്‍ക്കുണ്ട്, നക്‌സലൈറ്റിനുണ്ട്, കമ്യൂണിസ്റ്റുകാര്‍ക്കുണ്ട്, കോണ്‍ഗ്രസുകാര്‍ക്കുണ്ട്, എല്ലാ പാര്‍ട്ടിക്കാര്‍ക്കുമുണ്ട്, എനിക്കുമുണ്ട്. പക്ഷെ പൊലീസുകാര്‍ക്ക് മാത്രം മനുഷ്യാവകാശമില്ല.

ആ കോസ്റ്റിയൂമിനകത്ത് കയറി അഭിനയിക്കുന്നു എന്നേ ഉള്ളൂ, ഞാന്‍ ഒരിക്കലും പൊലീസുകാരനാകാന്‍ ആഗ്രഹിച്ചിട്ടില്ല. കുട്ടിക്കാലത്ത് നാടകം കളിച്ചപ്പോള്‍ ഞാന്‍ ഇതുവരെ പൊലീസ് വേഷം കെട്ടിയിട്ടില്ല. പക്ഷെ, സിനിമയില്‍ വന്നപ്പോള്‍ കിട്ടിയ വേഷങ്ങള്‍ മുഴുവന്‍ പൊലീസാണ്, തെയ്യം കെട്ടുന്നതിന്റെ അവസ്ഥയാണ് പൊലീസുകാരുടേത്,” അലന്‍സിയര്‍ പറഞ്ഞു.

അലന്‍സിയര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും. ആസിഫ് അലി നായകനാകുന്ന സിനിമയില്‍ സെന്തില്‍ കൃഷ്ണ, സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

മെയ് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Content Highlight: Alencier about the police roles in his career

We use cookies to give you the best possible experience. Learn more