| Monday, 16th December 2024, 11:17 am

എന്ത് വൃത്തിക്കേടാണ് താൻ കാണിക്കുന്നതെന്ന് അന്ന് മമ്മൂക്ക വിളിച്ച് ചോദിച്ചു: അലൻസിയർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2020 ൽ നടന്ന കേരളം സംസ്ഥാന ചലച്ചിത്ര ദാന ചടങ്ങ് പല സംഭവങ്ങൾ കൊണ്ടും ചർച്ചയായ ഒന്നായിരുന്നു. വേദിയിൽ നിന്ന് പ്രസംഗിച്ചുകൊണ്ടിരുന്ന മോഹൻലാലിന് നേരെ കൈ കൊണ്ട് തോക്ക് ചൂണ്ടിയ നടൻ അലൻസിയറിന്റെ വീഡിയോ അന്ന് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുമെല്ലാം വേദിയിലിരിക്കെയായിരുന്നു അലൻസിയറിന്റെ കൈത്തോക്ക് പ്രയോഗം. സംഭവം വലിയ വിവാദമായി മാറുകയും ചെയ്തു. എന്നാൽ താനൊരു തമാശയായിട്ടാണ് അത് ചെയ്തതെന്നും കുഞ്ചൻ നമ്പ്യാർക്കൊന്നും ഈ കാലത്ത് ജീവിക്കാൻ പറ്റില്ലെന്നും അലൻസിയർ പറയുന്നു.

ഒരു നടൻ എന്ന നിലയിൽ തനിക്ക് പ്രതിഷേധിക്കാനുള്ള മാധ്യമമാണ് തന്റെ ശരീരമെന്നും സംഭവത്തിന് പിന്നാലെ താരസംഘടനായ  അമ്മ തന്നോട് വിശദീകരണം തേടിയിരുന്നുവെന്നും അലൻസിയർ പറയുന്നു. പിന്നീട് മമ്മൂട്ടി വിളിച്ച് എന്ത് വൃത്തിക്കേടാണ് താൻ കാണിച്ചതെന്ന് ചോദിച്ചിരുന്നുവെന്നും അലൻസിയർ കൂട്ടിച്ചേർത്തു. കേരളവിഷനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചിലർക്ക് എന്താണ് നർമം ആസ്വദിക്കാൻ പറ്റാത്തത്. ഈ കാലത്ത് കുഞ്ചൻ നമ്പ്യാർക്ക് ജീവിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മൾ റിയാക്ട് ചെയ്യണം. ഒരു നടൻ എന്ന നിലയിൽ എന്റെ മാധ്യമം ശരീരമാണ്. എനിക്ക് കവിത എഴുതാൻ അറിയില്ല, ചിത്രം വരയ്ക്കാൻ അറിയില്ല. എന്റെ ശരീരം കൊണ്ട് ഞാൻ പ്രതിഷേധം കാണിക്കും.

അന്നത്തെ ദിവസം എന്നോട് വിശദീകരണം ചോദിച്ച് അമ്മയിൽ നിന്ന് കത്ത് വന്നിരുന്നു. എന്തിനാണ് മോഹൻലാലിനെ വെടി വെച്ചതെന്ന് ചോദിച്ചിട്ട്. മോഹൻലാലിനെ ആര് വെടി വെച്ചു എന്നാണ് ഞാൻ തിരിച്ച് മറുപടി ചോദിച്ചത്. എന്നിട്ടൊരു കൺട്രോളറെ വിളിച്ച് ഞാൻ പറഞ്ഞു, ഞാൻ സിനിമാഭിനയം നിർത്തുകയാണെന്ന്.

അപ്പോഴാണ് എനിക്ക് അടുത്തൊരു വിളി വരുന്നത്, അതാണ് മമ്മൂക്ക. താൻ എന്ത് വൃത്തിക്കേടാണെടോ കാണിക്കുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്. ഞാൻ അദ്ദേഹത്തോട് ചോദിച്ചത്, എന്ത് വൃത്തിക്കേടാണ് ഞാൻ കാണിച്ചതെന്നാണ്. എനിക്ക് മുള്ളാൻ  മുട്ടിയിട്ട് ഞാനൊന്ന് പോയി. അദ്ദേഹം പ്രസംഗം നിർത്തുന്നില്ലായിരുന്നു.

അപ്പോൾ ഞാൻ തമാശയായി ഒന്ന് വിരൽ കാണിച്ചു. അത്രയേയുള്ളൂ. അതിന് അമ്മയെന്നോട് വിശദീകരണമൊക്കെ ചോദിക്കേണ്ട ആവശ്യമെന്താണെന്ന് ഞാൻ ചോദിച്ചു. താൻ ഒന്ന് മൂക്കിൽ വിരലിട്ടാലും അത് പ്രതിഷേധമായാണ് ആളുകൾക്ക് തോന്നുകയെന്ന് മമ്മൂക്ക പറഞ്ഞു,’അലൻസിയർ പറയുന്നു.

Content Highlight: Alenciar Lopez About  Mammooty and Mohanlal

We use cookies to give you the best possible experience. Learn more