2022ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതിന് പിന്നാലെ തന്റെ കരിയറിലെ ഏറ്റവും പ്രധാന നാഴികക്കല്ല് പിന്നിട്ടാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചരിത്രം കുറിച്ചിരിക്കുന്നത്. അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് കപ്പിന്റെ ഫൈനലില്‍ റൊണാള്‍ഡോയുടെ ഇരട്ട ഗോളില്‍ ചിരവൈരികളായ അല്‍ ഹിലാലിനെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് അല്‍ നസര്‍ കിരീടം ചൂടിയത്.
കിരീടത്തിനൊപ്പമുള്ള ചിത്രം റൊണാള്‍ഡോ സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ടിരുന്നു. ഇതിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യുവതാരം അലജാന്‍ഡ്രോ ഗര്‍ണാച്ചോ നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്.
ഇന്‍സ്പിരേഷന്‍ എന്നെഴുതി ട്രോഫിയുടെ ഇമോജിയാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ കമന്റിന് പിന്നാലെ ഒത്തുകൂടിയിരിക്കുന്നത്. അദ്ദേഹം യഥാര്‍ത്ഥത്തില്‍ പ്രചോദനമാണെന്നും ഗോട്ട് ആണെന്നും ആരാധകര്‍ പറയുന്നു.
നിരവധി പ്രതിസന്ധികള്‍ക്കിടയില്‍ നിന്നും പൊരുതിക്കളിച്ചാണ് ക്രിസ്റ്റ്യാനോയും സംഘവും കപ്പുമായി മടങ്ങിയത്.
കിരീടം നേടാനുറച്ച ഇരു ടീമും കൊണ്ടും കൊടുത്തും മുന്നേറി. ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതി ഇത്രത്തോളം ആവേശം നിറഞ്ഞതായിരിക്കുമെന്ന് ആരും കരുതിക്കാണില്ല.
മത്സരത്തിന്റെ 51ാം മിനിട്ടില്‍ ഹോം ഗ്രൗണ്ടിനെ ആവേശത്തിലാഴ്ത്തി സൂപ്പര്‍ താരം മൈക്കലിലൂടെ അല്‍ ഹിലാല്‍ ലീഡ് നേടി. മാല്‍ക്കമിന്റെ അസിസ്റ്റിലൂടെയായിരുന്നു ബ്രസീലിയന്‍ താരത്തിന്റെ സൂപ്പര്‍ ഗോള്‍ പിറന്നത്.
എന്നാല്‍ ആദ്യ ഗോള്‍ വീണ് നാലാം മിനിട്ടില്‍ അല്‍ നസറിന് വീണ്ടും തിരിച്ചടിയേറ്റു. അല്‍ നസര്‍ നവാഫ് ബൗഷല്‍ റെഡ് കാര്‍ഡ് കണ്ട് മടങ്ങി.
അല്‍ നസറിന്റെ ഈ തകര്‍ച്ചയെ മുതലെടുക്കാന്‍ അല്‍ ഹിലാല്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. ഒടുവില്‍ നിശ്ചിത സമയത്ത് ഇരുടീമും 1-1ന് സമനില പാലിച്ചതിനാല്‍ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.
എക്സ്ട്രാ ടൈമിന്റെ എട്ടാം മിനിട്ടില്‍ റൊണാള്‍ഡോയിലൂടെ അല്‍ നസര്‍ മുമ്പിലെത്തി. ശേഷിക്കുന്ന സമയത്ത് ഗോള്‍ വഴങ്ങാതിരിക്കാന്‍ അല്‍ നസര്‍ കിണഞ്ഞുശ്രമിച്ചതോടെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഒരു ഗോളിന്റെ ലീഡില്‍ അല്‍ നസര്‍ കപ്പുയര്‍ത്തി.
2021 ജനുവരിക്ക് ശേഷം അല്‍ ഹിലാലിനോട് ആദ്യമായാണ് അല്‍ നസര്‍ വിജയിക്കുന്നത്. അത് മറ്റൊരു കലാശപ്പോരാട്ടത്തിലായതിനാല്‍ ആരാധകര്‍ ഇരട്ടി ഹാപ്പിയാണ്.
കഴിഞ്ഞ മത്സരങ്ങളിലേതെന്നപോലെ റൊണാള്‍ഡോ വീണ്ടും അല്‍ നസറിന്റെ രക്ഷകനായപ്പോള്‍ അറബ് മണ്ണിലെ ആദ്യ കിരീടവും ഗോള്‍ഡന്‍ ബൂട്ടുമാണ് ഫൈവ് ടൈം ബാലണ്‍ ഡി ഓര്‍ വിന്നറെ തേടിയെത്തിയത്.
Content highlight: Alejandro Garnacho’s responds to Cristiano Ronaldo’s title win