Football
ഒറ്റ ഗോൾ കൊണ്ടെത്തിച്ചത് റൊണാള്‍ഡോയുടെ 20 വര്‍ഷത്തെ റെക്കോഡിനൊപ്പം; ചരിത്രം കുറിച്ച് അര്‍ജന്റീനന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2024 May 26, 06:15 am
Sunday, 26th May 2024, 11:45 am

2023-24 എഫ്.എ കപ്പ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ചിരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റെഡ് ഡെവിള്‍സ് പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ അര്‍ജന്റീനന്‍ യുവതാരം അലജാന്‍ഡ്രോ ഗാര്‍നാച്ചോയാണ് റെഡ് ഡവിള്‍സിനായി ആദ്യ ഗോള്‍ നേടിയത്. 30ാം മിനിട്ടില്‍ ആണ് താരത്തിന്റെ ഗോള്‍ പിറന്നത്. ഈ ഗോളിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ഗാര്‍നാച്ചോ സ്വന്തമാക്കിയത്.

എഫ്.എ കപ്പിന്റെ ഫൈനലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആയി മാറാനാണ് അര്‍ജന്റീനന്‍ താരത്തിന് സാധിച്ചത്. തന്റെ 19ാം വയസ്സിലാണ് താരം മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഗോള്‍ നേടിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു. 2004 എഫ്.എ കപ്പ് ഫൈനലില്‍ മില്‍വാളിനെതിരെ ആയിരുന്നു റൊണാള്‍ഡോയുടെ ഈ നേട്ടം. നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു യുവതാരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി എഫ്. എ കപ്പ് ഫൈനലില്‍ ഗോള്‍ നേടുന്നത്.

ഗാര്‍നാച്ചോക്ക് പിന്നാലെ 39ാം മിനിട്ടില്‍ കോബീ മൈനൂവിലൂടെ യുണൈറ്റഡ് രണ്ടാം ഗോള്‍ നേടി. ഡുവില്‍ മത്സരത്തിന്റെ ആദ്യപകുതി പിന്നിടുമ്പോള്‍ റെഡ് ഡെവിള്‍സ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി മികച്ച നീക്കങ്ങളാണ് നടത്തിയത്. ഒടുവില്‍ മത്സരത്തിന്റെ അവസാനനിമിഷങ്ങളില്‍ ജെറേമി ഡോക്കുവിലൂടെയാണ് സിറ്റി ഏകഗോള്‍ തിരിച്ചടിച്ചത്.

Content Highlight: Alejandro Garnacho Great Performance Against Manchester City