| Saturday, 7th March 2020, 2:52 pm

മദ്യപിച്ചാല്‍ കൊറോണ വരുമോ?, ചൈനയില്‍ നിന്നുള്ള സാധനങ്ങള്‍ ഉപയോഗിച്ചാല്‍?; ഉത്തരങ്ങള്‍ നല്‍കി ലോകാരോഗ്യ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മദ്യപിക്കുന്നത് കോവിഡ്-19 വൈറസ് ബാധിക്കാതിരിക്കാന്‍ നല്ലതാണെന്നുള്ള പ്രചരണമാണ് വാട്‌സ്ആപിലും മറ്റ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും നടക്കുന്നത്. എന്നാല്‍ ഈ പ്രചരണത്തില്‍ വാസ്തവമില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

ആല്‍കഹോള്‍, ക്ലോറിന്‍ എന്നിവ ദേഹത്ത് സ്‌പ്രേ ചെയ്യുന്നത് കൊണ്ട് ശരീരത്തിനുള്ളില്‍ കയറിപ്പറ്റിയിട്ടുള്ള വൈറസിനെ നശിപ്പിക്കാന്‍ സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ വസ്ത്രത്തെയും കണ്ണ്, വായ തുടങ്ങിയ അവയവങ്ങളെയും ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും സംഘടന പറയുന്നു.

ഏതെങ്കിലും പ്രതലത്തെ അണുവിമുക്തമാക്കുന്നതിന് ആല്‍കഹോളും ക്ലോറിനും ഉപയോഗപ്രദമാണ്. പക്ഷെ അവ വിദഗ്ദരുടെ നിര്‍ദേശപ്രകാരമായിരിക്കണം ഉപയോഗിക്കേണ്ടത്. ആല്‍കഹോള്‍ അടങ്ങിയിട്ടുള്ള അണുനാശിനികള്‍ കൈകളില്‍ പുരട്ടുക, സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക എന്നിവയാണ് വൈറസിനെ പ്രതിരോധിക്കുന്നതിന് പ്രധാനമായും ചെയ്യേണ്ടതെന്നും സംഘടന നിര്‍ദേശിക്കുന്നു.

ചുടുവെള്ളത്തില്‍ കുളിക്കുന്നത് രോഗത്തെ പ്രതിരോധിക്കാനുതകില്ല. ചൈനയില്‍ നിന്നോ വൈറസ് ബാധയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നോ വരുന്ന സാധങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ട് രോഗം വരില്ലെന്നും സംഘടന വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more