| Wednesday, 21st August 2024, 12:59 pm

ഇന്ത്യന്‍ ടീമില്‍ അവനോടൊപ്പം പ്രവര്‍ത്തിക്കാനാണ് മോണി മോര്‍ക്കല്‍ ആഗ്രഹിക്കുന്നത്: ആല്‍ബി മോര്‍ക്കല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ബൗളിങ് പരിശീലകനായി അടുത്തിടെ മുന്‍ സൗത്ത് ആഫ്രിക്കന്‍ പേസര്‍ മോണി മോര്‍ക്കലിനെ നിയമിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ പരിശീലകനായി ഇന്ത്യന്‍ ടീമിലെ ഏത് താരത്തിനൊപ്പം പ്രവര്‍ത്തിക്കാനാണ് മോര്‍ക്കല്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞിരിക്കുകയാണ് സഹോദരനായ ആല്‍ബി മോര്‍ക്കല്‍. ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്കൊപ്പം പ്രവര്‍ത്തിക്കാനാണ് മോണി മോര്‍ക്കല്‍ ആഗ്രഹിക്കുന്നതെന്നാണ് ആല്‍ബി പറഞ്ഞത്.

‘ഇന്ത്യയുടെ പരിശീലകനായി നില്‍ക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ ചിന്തകള്‍ എന്തായിരിക്കുമെന്ന് എനിക്കുറപ്പില്ല. എന്നാല്‍ ലോകത്തിലെ മൂന്ന് ഫോര്‍മാറ്റുകളിലേയും മികച്ച ബൗളറായ ബുംറക്കൊപ്പം പ്രവര്‍ത്തിക്കാന്‍ മോണെ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കുറപ്പുണ്ട്,’ ആല്‍ബി മോര്‍ക്കല്‍ മിഡ് ഡേയോട് പറഞ്ഞു.

നിലവില്‍ ക്രിക്കറ്റിൽ മൂന്ന് ഫോര്‍മാറ്റുകളിലും മികച്ച പ്രകടനമാണ് ബുംറ നടത്തുന്നത്. മികച്ച യോർക്കറുകളിലൂടെയും കൃത്യമായ വേഗതയിലൂടെയും പന്തെറിഞ്ഞുകൊണ്ട് മത്സരങ്ങള്‍ വിജയിപ്പിക്കാനുള്ള കഴിവാണ് ബുംറയെ മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ ബുംറ നിനിർണായമായ പങ്കാണ് വഹിച്ചത്. ടൂര്‍ണമെന്റില്‍ എട്ട് മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റുകളാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ നേടിയത്. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും ബുംറ സ്വന്തമാക്കിയിരുന്നു.

അതേസമയം മോണി മോര്‍ക്കലും ഒരു ഐതിഹാസികമായ ബൗളിങ് കരിയറാണ് പടുത്തുയര്‍ത്തിട്ടുള്ളത്. സൗത്ത് ആഫ്രിക്കയായി 2006 ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച മോര്‍ക്കല്‍ 86 മത്സരങ്ങളില്‍ 160 ഇന്നിങ്‌സില്‍ നിന്നും 309 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ഏകദിനത്തില്‍ 117 മത്സരങ്ങളില്‍ നിന്നും 188 വിക്കറ്റുകളും ടി-20യില്‍ 47 വിക്കറ്റുകളും താരം നേടി.

അന്താരാഷ്ട്ര ക്രിക്കറ്റ് 500ലധികം വിക്കറ്റുകള്‍ നേടിയ പരിചയസമ്പത്തുള്ള മോര്‍ക്കലിനെപ്പോലുള്ള ഒരു താരം ഇന്ത്യന്‍ ടീമിന്റെ ബൗളിങ് പരിശീലകനായ എത്തുമ്പോള്‍ ഇന്ത്യന്‍ ടീമിന് വലിയ മാറ്റങ്ങള്‍ ഉണ്ടാവും എന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

സെപ്റ്റംബര്‍ ആദ്യം മുതല്‍ നടക്കുന്ന ദുലീപ് ട്രോഫി ടൂര്‍ണമെന്റ് കാണാന്‍ മുന്‍ സൗത്ത് ആഫ്രിക്കന്‍ പേസര്‍ ഇന്ത്യയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി ഇന്ത്യന്‍ ടീമിന്റെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്.

സെപ്റ്റംബര്‍ 19 മുതലാണ് ഈ സീരീസിന് തുടക്കം കുറിക്കുന്നത്. അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ 2-0ത്തിന് പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ലങ്കന്‍ മണ്ണിലേറ്റ തിരിച്ചടികളില്‍ നിന്നും കരകയറാനായിരിക്കും ഇന്ത്യന്‍ ടീം ലക്ഷ്യമിടുക.

Content Highlight: Albie Morkel Talks Morne Morkel As a Indian Coach 

We use cookies to give you the best possible experience. Learn more