ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ ഉടനെ ആളുകള്‍ ഇങ്ങനെയെല്ലാം ഫൈറ്റ് ചെയ്യുമോ എന്നത് ചോദ്യമാണ്: ആര്‍.ഡി.എക്സ് ഡി.ഒ.പി
Movie Day
ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ ഉടനെ ആളുകള്‍ ഇങ്ങനെയെല്ലാം ഫൈറ്റ് ചെയ്യുമോ എന്നത് ചോദ്യമാണ്: ആര്‍.ഡി.എക്സ് ഡി.ഒ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th October 2023, 11:55 am

മലയാള സിനിമ മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. താരങ്ങള്‍ക്കുപരി സിനിമയിലെ പിന്നണി പ്രവര്‍ത്തകരെയും പ്രേക്ഷകര്‍ വലിയ രീതിയില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈയിടെ തിയേറ്ററില്‍ ഇറങ്ങി ഗംഭീര വിജയമായി മാറിയ ചിത്രമായിരുന്നു ആര്‍.ഡി. എക്‌സ്.

ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം ടെക്‌നിക്കല്‍ മേഖലയിലും മികച്ചുനിന്നിരുന്നു. ചിത്രത്തിലെ ഫൈറ്റ് രംഗങ്ങള്‍ പ്രേക്ഷകരെ പിടിച്ചിരുത്തിയതില്‍ ക്യാമറമാനായ അലക്‌സ് ജെ പുളിക്കലിനും വലിയ പങ്കുണ്ട്.

‘കാണുന്നവര്‍ക്ക് അങ്ങനെ തോന്നണമെങ്കില്‍ അവരുടെ മനസ്സിലും തിയേറ്ററിലും ഒരു സ്‌ഫോടനം ഉണ്ടാക്കുകയെന്നതാണ് എന്റെ ടാസ്‌ക്,’ അലക്‌സ് പറയുന്നു. റെഡ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അലക്‌സ്.

‘ഒരു സിനിമാട്ടോഗ്രാഫറിന് എല്ലാതരത്തിലുള്ള സിനിമകളിലും നല്ല രീതിയില്‍ വര്‍ക്ക് ചെയ്യാന്‍ കഴിയും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു ക്യാന്‍വാസ് ഉണ്ടാക്കിയെടുക്കുക എന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. കാരണം ഒരു സാധാരണ സിനിമയെ സംബന്ധിച്ചിടത്തോളം അത് ഉള്‍ക്കൊള്ളുന്ന സ്ഥലം വളരെ ചെറുതായിരിക്കും. എന്നാല്‍ പൂര്‍ണ്ണമായും തിയേറ്റര്‍ കാഴ്ച്ച അവകാശപ്പെടുന്ന ആര്‍. ഡി. എക്‌സ് പോലൊരു കച്ചവട സിനിമ ചെയ്യുമ്പോള്‍ സെറ്റ് ചെയ്യുന്ന ഓരോ ഫ്രെയിമും തിയേറ്ററിനെ മനസ്സില്‍ കണ്ടുകൊണ്ടാണ് വെക്കുന്നത്.

ക്യാമറ നിയന്ത്രിക്കുന്ന ഒരാള്‍ക്ക് ആ ചിന്ത എപ്പോഴും മനസ്സില്‍ ഉണ്ടാവണം. ആര്‍. ഡി. എക്‌സ് തന്നെ ശ്രദ്ധിച്ചാല്‍ മനസ്സിലാവും. കാര്‍ണിവലിനിടയില്‍ നടക്കുന്ന ഫൈറ്റില്‍ ഒരുപാട് വട്ടം ജയന്റ് വീലിനെ ഞാന്‍ ഫോക്കസ് ചെയ്യുന്നുണ്ട്. പള്ളിപ്പെരുന്നാള്‍ എടുക്കുമ്പോള്‍ പള്ളിയെയാണ് ഞാന്‍ ആയുധമായി ഉപയോഗിച്ചിട്ടുള്ളത്. ലെന്‍സിങ്ങില്‍ ആണെങ്കിലും ഫ്രെയിമിങ്ങില്‍ ആണെങ്കിലും പരമാവധി ഞാനത് ശ്രദ്ധിച്ചിട്ടുണ്ട്.

ക്ലൈമാക്‌സിലെ ഫൈറ്റിലേക്ക് വരുകയാണെങ്കില്‍, ഒറിജിനാലിറ്റിയില്‍ നിന്ന് കുറച്ചു വിട്ടു നിന്നു കൊണ്ടാണ് അത് ചിത്രീകരിച്ചിരിക്കുന്നത്. കാരണം ആ ഫൈറ്റ് അത് ഡിമാന്‍ഡ് ചെയ്യുന്നുണ്ട്. അതിന്റെ ലൈറ്റിങ് വളരെ പ്രാധാന്യമുള്ള ഒന്നായിരുന്നു. ഒരു ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ ഉടനെ ഇങ്ങനെല്ലാം ആളുകള്‍ക്ക് ഫൈറ്റ് ചെയ്യാമോ എന്ന് ചോദിച്ചാല്‍ അത് സാധിക്കില്ലായിരിക്കും. പക്ഷെ ആ സീനില്‍ ലാലങ്കിള്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട് ‘ ഇനി നേരം വെളുപ്പിച്ചാല്‍ നമുക്ക് ജീവനോടെ പോവാന്‍ ആവില്ല’ എന്ന്. ആ ഒരു ഡയലോഗ് കേള്‍ക്കുന്ന ഏതൊരു പ്രേക്ഷകനും തോന്നുന്ന ഒരു വികാരമുണ്ട്. അവരെ തിരിച്ചടിക്കുക എന്ന ചിന്ത.

കാണുന്നവര്‍ക്ക് അങ്ങനെ തോന്നണമെങ്കില്‍ അവരുടെ മനസ്സിലും തിയേറ്ററിലും ഒരു സ്‌ഫോടനം ഉണ്ടാക്കുകയെന്നതാണ് എന്റെ ടാസ്‌ക്. ഒട്ടും വെളിച്ചമില്ലാതെ ചൂട്ടും കത്തിച്ചു വെച്ചിട്ടാണ് ആ അടി നടക്കുന്നതെങ്കില്‍ കാണുന്ന പ്രേക്ഷകന് അതൊരിക്കലും ദഹിക്കില്ല. അപ്പോള്‍ നല്ല രീതിയിലൊരു വിഷ്വല്‍ ഒരുക്കുക എന്നതാണ് ഞാന്‍ ചെയ്യേണ്ട കാര്യം. അതിനുള്ള ലൈറ്റും പൊടിയുമെല്ലാം ചേര്‍ത്ത് ആ സീന്‍ അങ്ങ് ഒരു തിയേറ്റര്‍ മെറ്റീരിയലായി എടുത്തുവച്ചാല്‍ മാത്രം മതി,’അലക്‌സ് പറയുന്നു.

Content Highlight: Alax Piulikkal DOP of RDX about shots and camera