| Wednesday, 17th April 2019, 12:02 pm

'പൊലീസ് നടപടിയെടുക്കുന്നില്ല'; എ.വിജയരാഘവനെതിരെ കോടതിയെ സമീപിച്ച് രമ്യ ഹരിദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലത്തൂര്‍: തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ കോടതിയെ സമീപിച്ച് ആലത്തൂര്‍ യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്.

പൊലീസില്‍ പരാതി നല്‍കിയെങ്കിലും നീതി ലഭിച്ചില്ലെന്നും. വിജയരാഘവനെതിരെ നടപടിയുണ്ടായില്ലെന്നും കാണിച്ചാണ് രമ്യ കോടതിയെ സമീപിച്ചത്. വിജയരാഘവന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് രമ്യ പരാതി നല്‍കിയിരുന്നത്.

പ്രാഥമിക റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടിക്കായി എസ് പി നിയമോപദേശം തേടുകയിരുന്നു. എന്നാല്‍ കേസ് വൈകിപ്പിക്കാനുള്ള നീക്കമാണ് ഇതെന്നാണ് യു.ഡി.എഫ് ആരോപണം.

പൊന്നാനിയില്‍ നടന്ന പി.വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ വെച്ചാണ് രമ്യ ഹരിദാസിനെ വിജയരാഘവന്‍ അധിക്ഷേപിച്ച് സംസാരിച്ചത്.

”ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു, പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു, അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍ വയ്യ. അത് പോയിട്ടുണ്ട്”- എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍.

വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരെ രമ്യ ഹരിദാസ് രംഗത്തെത്തുകയും പ്രസ്താവന വിവാദമാകുകയും ചെയ്തതോടെ താന്‍ മോശമായി ഒന്നും വിചാരിച്ചിട്ടില്ലെന്നും അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല സംസാരിച്ചതെന്നുമായിരുന്നു വിജയരാഘവന്‍ വിശദീകരിച്ചത്.
DoolNews Video


Latest Stories

We use cookies to give you the best possible experience. Learn more