തിരുവനന്തപുരം: ആലത്തൂര്‍ പൊലീസ് സ്റ്റേഷനെ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായി തെരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആലത്തൂര്‍ പൊലീസ് സ്റ്റേഷനെ 2024ലെ മികച്ചവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
അന്തിമ ലിസ്റ്റില്‍ ഇടംപിടിച്ച 76 പൊലീസ് സ്റ്റേഷനുകളില്‍ നിന്നാണ് ആലത്തൂര്‍ സ്റ്റേഷനെ കേന്ദ്ര മന്ത്രാലയം തെരഞ്ഞെടുത്തത്.
പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, വിവിധ തരത്തിലുള്ള കുറ്റാന്വേഷണങ്ങള്‍, ക്രമസമാധാനപാലനം, ലോക്കപ്പും റെക്കോര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് മന്ത്രാലയം മികച്ച പൊലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ സ്വീകരിച്ച നടപടി, കേസുകളിലെ അന്വേഷണ പുരോഗതി, പരാതി പരിഹാരം, പരാതിക്കാരോടുള്ള നല്ല പെരുമാറ്റം, കുറ്റകൃത്യങ്ങള്‍ തടയാനുള്ള നടപടികള്‍ എന്നിവയിലെ മികവും മറ്റു ജനക്ഷേമ പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പില്‍ പരിഗണിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, കണ്ണൂര്‍ സിറ്റിയിലെ വളപട്ടണം എന്നീ പൊലീസ് സ്റ്റേഷനുകള്‍ രാജ്യത്തെ ഏറ്റവും മികച്ച 10 പൊലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Content Highlight: Alathur station is fifth among the best police stations in the country