| Friday, 24th May 2019, 7:29 pm

ഫാസിസത്തെ പ്രതിരോധിക്കാന്‍ തെരുവിലുണ്ടാകും; ആലത്തൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പി.കെ ബിജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഫാസിസത്തെ പ്രതിരോധിക്കാന്‍ എന്നും തെരുവിലുണ്ടാകുമെന്ന് ആലത്തൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ബിജു.  പൊള്ളുന്ന വെയിലിലും ഇടതുപക്ഷത്തിന് തണലായി നിന്ന ഊര്‍ജ്ജസ്വലരായ പ്രവര്‍ത്തകര്‍ക്കും നാടിന്റെ നാനാതുറകളില്‍ നിന്നും പലവിധ സഹായങ്ങളുമായെത്തിയ സുമനസ്സുകള്‍ക്കും നന്ദിയെന്ന് ബിജു പറഞ്ഞു.

നാടിനു കാവലായി മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ ഇടതുപക്ഷം നടത്തിയ ശ്രമങ്ങള്‍ വിജയിക്കുക തന്നെ ചെയ്യുമെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.

‘ഇഷ്ടഭക്ഷണം കഴിച്ചതിന്റെ പേരില്‍ ചോദ്യങ്ങളുയരുമ്പോള്‍, എഴുത്തുകാരന്റെ കഴുത്തിനു നേരെ കത്തി മുന ഉയരുമ്പോള്‍, ദളിതന്‍ ആക്രമിക്കപ്പെടുമ്പോള്‍, ന്യൂനപക്ഷത്തെ വേട്ടയാടുമ്പോള്‍,ഫാസിസത്തെ പ്രതിരോധിക്കാന്‍ നിങ്ങള്‍ വിജയിപ്പിച്ച ഇടതുപക്ഷത്തിന്റെ 6 എം പി മാര്‍ ഉണ്ടാകും. ഭരണഘടനാ മൂല്യങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് അവരുടെ കീഴില്‍ സഖാക്കളുണ്ടാവും. ആ പോരാട്ടത്തില്‍  ഞാനുണ്ടാവും. ഈ തെരുവിലുണ്ടാവും’ ബിജു വ്യക്തമാക്കി.

ഒന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിന്റെ രമ്യ ഹരിദാസ് ബിജുവിനെ പരാജയപ്പെടുത്തിയത്. അപ്രതീക്ഷിതമായാണ് രമ്യ സ്ഥാനാര്‍ഥിയായി എത്തിയതെങ്കിലും സി.പി.ഐ.എമ്മിന്റെ ശക്തമായ സംഘടനാ സംവിധാനങ്ങളെ അപ്പാടെ തകര്‍ത്തെറിഞ്ഞാണ് വിജയം നേടിയത്. പിണറായി മന്ത്രിസഭയിലെ മൂന്നുമന്ത്രിമാരുടെ മണ്ഡലങ്ങളിലും രമ്യയുടെ ലീഡിനെ പിടിച്ചുകെട്ടാനായില്ല. മന്ത്രി എ.കെ ബാലന്റെ തരൂരില്‍ രമ്യയ്ക്ക് 24839 വോട്ടിന്റെ ലീഡുണ്ട്. മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ചിറ്റൂരില്‍ 23467 വോട്ടും മന്ത്രി എ.സി മൊയ്തീന്‍ പ്രതിനിധീകരിക്കുന്ന കുന്നംകുളത്ത് 14322 വോട്ടും രമ്യയെ മുന്നിലെത്തിച്ചു.

We use cookies to give you the best possible experience. Learn more