'ഞങ്ങളുടെ വീടായിരുന്നു ബി.ജെ.പിയുടെ ഓഫീസ്, ഇനിയും നിരവധി പേര്‍ പാര്‍ട്ടിവിടും'; ബി.ജെ.പിയിലെ രാജി ആലത്തൂരിലൊതുങ്ങുമോ?
Focus on Politics
'ഞങ്ങളുടെ വീടായിരുന്നു ബി.ജെ.പിയുടെ ഓഫീസ്, ഇനിയും നിരവധി പേര്‍ പാര്‍ട്ടിവിടും'; ബി.ജെ.പിയിലെ രാജി ആലത്തൂരിലൊതുങ്ങുമോ?
ജിതിന്‍ ടി പി
Wednesday, 4th November 2020, 2:48 pm

കോഴിക്കോട്: സംസ്ഥാനത്ത് ബി.ജെ.പി നേതൃത്വത്തിനെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ ഭിന്നത രൂക്ഷമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിര്‍ന്ന നേതാക്കളും പ്രാദേശിക നേതാക്കളും പാര്‍ട്ടിക്കെതിരെ പരസ്യമായി രംഗത്തെത്തിയത് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.

മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഇപ്പോള്‍ വൈസ് പ്രസിഡന്റുമായ ശോഭാ സുരേന്ദ്രനും മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗവുമായ പി. എം വേലായുധനും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ പാലക്കാട് ആലത്തൂരില്‍ ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് പ്രകാശിനിയും ഒ.ബി.സി മോര്‍ച്ച മണ്ഡലം ട്രഷറര്‍ കെ നാരായണന്‍, ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ എന്‍ വിഷ്ണു എന്നിവര്‍ പാര്‍ട്ടി വിട്ട് സി.പി.ഐ.എമ്മില്‍ ചേരുകയും ചെയ്തു.

ആലത്തൂരില്‍ നേതൃത്വം ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നു എന്നാരോപിച്ചാണ് പ്രകാശിനി പാര്‍ട്ടി വിട്ടത്. നിയോജകമണ്ഡലം പ്രസിഡണ്ടിനും സെക്രട്ടറിയ്ക്കുമെതിരായ പരാതി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നല്‍കിയിട്ടും മറുപടിയൊന്നും ലഭിച്ചില്ലെന്ന് പ്രകാശിനി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘നിയോജക മണ്ഡലത്തിലെ പ്രസിഡണ്ട് നമ്മളറിയാതെ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നു. ചില പ്രവര്‍ത്തകര്‍ എനിക്ക് തന്ന പരാതിയെ തുടര്‍ന്ന് ചില അഴിമതികളെക്കുറിച്ചും ഞാന്‍ അറിഞ്ഞിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടിന് ഒകോടേബര്‍ 10 ന് ഒരു പരാതി കൊടുത്തിരുന്നു. അതിനൊരു മറുപടി ഇതുവരെ എനിക്ക് ലഭിച്ചിട്ടില്ല’ പ്രകാശിനി പറഞ്ഞു.

പി.എം വേലായുധനും ശോഭാ സുരേന്ദ്രനും പോലുള്ളവര്‍ പോലും അവരുടെ പ്രശ്‌നങ്ങള്‍ സുരേന്ദ്രനെ അറിയിച്ചിട്ട് മറുപടി കൊടുത്തിട്ടില്ലെന്നും അതുകൊണ്ട് ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ മാത്രം ഒരു സ്ഥാനത്തിരിക്കുന്ന വ്യക്തി എന്ന നിലയില്‍ തന്റെ പരാതി പരിഗണിക്കാത്തതില്‍ വിഷമമില്ലെന്നും പ്രകാശിനി ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

അതേസമയം പി.എം വേലായുധനും ശോഭാ സുരേന്ദ്രനും ഉന്നയിച്ച വിഷയങ്ങളോട് ഈ അവസരത്തില്‍ പ്രതികരിക്കാനില്ലെന്നും പ്രകാശിനി കൂട്ടിച്ചേര്‍ത്തു.

‘എന്നാലും പി.എം വേലായുധേട്ടന്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞ കാര്യങ്ങളില്‍ ഒരു വാക്ക് പോലും തെറ്റില്ലാതെ, അതേ കാര്യങ്ങളും കഴിഞ്ഞ 26 വര്‍ഷമായി പാര്‍ട്ടിയ്ക്ക് വേണ്ടി ഞങ്ങള്‍ അനുഭവിച്ച വേദനകളും പണിയെടുത്തതും ആലത്തൂര്‍ മണ്ഡലത്തിലുള്ളവര്‍ക്ക് അറിയുന്നതായിരിക്കും’, പ്രകാശിനി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വണ്ടാഴിയില്‍ ബി.ജെ.പിയുടെ അടിത്തറയുണ്ടാക്കിയ നേതാവാണ് എല്‍ പ്രകാശിനി. വണ്ടാഴി പഞ്ചായത്തിലെ ബി.ജെ.പിയുടെ ആദ്യ പ്രവര്‍ത്തകയുമായിരുന്നു ഇവര്‍.

‘ബി.ജെ.പിയുടെ ഓഫീസ് ഞങ്ങളുടെ വീടായിരുന്നു. സംഘപരിവാര്‍ സംഘടനകളുടെ മീറ്റിംഗുകള്‍ മുഴുവന്‍ ഞങ്ങളുടെ വീട്ടില്‍വെച്ചായിരുന്നു നടന്നത്. ചെറിയ കുട്ടികളുടെ ശാഖാ മുതല്‍ വലിയവരുടെ ശാഖ വരെ ഞങ്ങളുടെ വീട്ടില്‍ നടത്തിയിട്ടുണ്ട്’, പ്രകാശിനി പറഞ്ഞു.

ടി.എം ശശി

അതേസമയം ബി.ജെ.പിയിലെ പ്രശ്‌നങ്ങള്‍ കേവലം ആലത്തൂരില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് സി.പി.ഐ.എം പാലക്കാട് ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുമായ ടി.എം ശശി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘സംഘടനാപരമായി വിവിധ ഘടകങ്ങളെ ഒന്നിച്ചുകൊണ്ടുപോകാന്‍ ബി.ജെ.പി നേതൃത്വത്തിന് കഴിയുന്നില്ല. 27 വര്‍ഷം സി.പി.ഐ.എമ്മിനെതിരെ ഏറ്റുമുട്ടിയ പ്രകാശിനിയെ പോലുള്ളവര്‍ പാര്‍ട്ടി വിടുന്നത് അതുകൊണ്ടാണ്. ഇത് ആലത്തൂരിലേയോ പാലക്കാട്ടേയോ മാത്രം പ്രശ്‌നമല്ല. സംസ്ഥാനത്താകെ ഈയൊരു വികാരമുണ്ട്’, ടി.എം ശശി പറഞ്ഞു.

ഏകപക്ഷീയമായി കാര്യങ്ങള്‍ നടത്തുന്നുവെന്നാണ് മണ്ഡലം കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റിയിലുള്ളവര്‍ വരെ പറയുന്നത്. സംസ്ഥാന നേതൃത്വത്തിനെതിരായ ശോഭാ സുരേന്ദ്രനുള്ള പരാതികളെല്ലാം ജില്ലാ നേതൃത്വത്തിനെതിരെ പ്രകാശിനിയെ പോലുള്ളവര്‍ക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശോഭാ സുരേന്ദ്രന്‍

മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറിയായിരുന്ന പ്രകാശിനിയെ പാര്‍ട്ടിയ്ക്ക് നേതൃത്വം കൊടുക്കണമെന്ന് പറഞ്ഞാണ് ആലത്തൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ടാക്കിയതെന്നും ടി.എം ശശി പ്രതികരിച്ചു.

അതേസമയം പാര്‍ട്ടിയ്ക്കുള്ളില്‍ ഇനിയും രാജിയുണ്ടാകുമെന്ന് പ്രകാശിനി ഡൂള്‍ന്യൂസിനോട് പറഞ്ഞു. ‘അത് സാവധാനമാണെങ്കിലും നടക്കും. അത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്.’, പ്രകാശിനി കൂട്ടിച്ചേര്‍ത്തു.

പി.എം വേലായുധനും പി.എസ് ശ്രീധരന്‍പിള്ളയും

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി നേതാക്കള്‍ സി.പി.ഐ.എമ്മിലേക്ക് വരുന്നത് ഇടതുപക്ഷത്തിന് മുന്‍തൂക്കം നല്‍കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതിനിടെ കെ സുരേന്ദ്രനെതിരെ വിമര്‍ശനമുന്നയിച്ച നേതാവ് പി.എം വേലായുധനെ മിസോറാം ഗവര്‍ണറും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായിരുന്ന പി.എസ് ശ്രീധരന്‍പിള്ള സന്ദര്‍ശിച്ചിരുന്നു.

നേരത്തെ ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.എം വേലായുധന്‍ രംഗത്തെത്തിയിരുന്നു. സുരേന്ദ്രനില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാല്‍ ആ പ്രതീക്ഷയെല്ലാം തച്ചുതകര്‍ത്തുകൊണ്ട് തന്ന വാക്ക് പാലിക്കാതെ വഞ്ചിക്കുകയാണ് ചെയ്തതെന്നും വേലായുധന്‍ പറഞ്ഞിരുന്നു.

ബി.ജെ.പിയില്‍ കെ സുരേന്ദ്രനെതിരെ വലിയരീതിയിലുള്ള വിയോജിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലവില്‍ മിസോറാം ഗവര്‍ണറായുള്ള ശ്രീധരന്‍ പിള്ളയുമായുള്ള കൂടിക്കാഴ്ച വളരെ നിര്‍ണായകമായാണ് വിലയിരുത്തപ്പെടുന്നത്.

കെ. സുരേന്ദ്രന്‍

ബി.ജെ.പി അധ്യക്ഷനായിരുന്ന ശ്രീധരന്‍ പിള്ളയെ അധ്യക്ഷ കാലാവധി അവസാനിക്കാനിരിക്കേയാണ് മിസോറാം ഗവര്‍ണര്‍റായി നിയമിച്ചത്. പിന്നീട് അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുരേന്ദ്രന്‍ എത്തുകയായിരുന്നു. നേരത്തെ കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിലും പാര്‍ട്ടി നേതൃത്വത്തിനെതിരെ ഒരുവിഭാഗം രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Alathur BJP Conflict Sobha Surendran PM Velayudhan Surendran K

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.