500ലധികം വിക്കറ്റ് വീഴ്ത്തിയവനെ പുറത്തിരുത്താന്‍ എങ്ങനെ തോന്നി; തുറന്ന് പറഞ്ഞ് അലിസ്റ്റര്‍ കുക്ക്
Sports News
500ലധികം വിക്കറ്റ് വീഴ്ത്തിയവനെ പുറത്തിരുത്താന്‍ എങ്ങനെ തോന്നി; തുറന്ന് പറഞ്ഞ് അലിസ്റ്റര്‍ കുക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd December 2024, 8:15 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ 295 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 150 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഓസീസിനെ 104 റണ്‍സിന് തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 487 റണ്‍സ് നേടി വമ്പന്‍ തിരിച്ചുവരവ് നടത്തിയപ്പോള്‍ 534 റണ്‍സിന്റെ ടാര്‍ഗറ്റിന് ഇറങ്ങിയ കങ്കാരുപ്പട 238ന് പുറത്താകുകയായിരുന്നു. ഇന്ത്യയ്ക്ക് നിര്‍ണായകമായത് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ പ്രകടനമാണ്.

ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്‍ ബൗളര്‍ ആര്‍. അശ്വിന്‍ ഇല്ലാതെയാണ് ഇറങ്ങിയത്. എന്നാല്‍ താരത്തെ ഇന്ത്യന്‍ ഇലവനില്‍ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം അലിസ്റ്റര്‍ കുക്ക്. 500ല്‍ അധികം വിക്കറ്റ് നേടിയ ഒരു ബൗളറെ ഒഴുവാക്കേണ്ടി വന്നെങ്കില്‍ ഇന്ത്യ ധൈര്യശാലികളാണെന്നാണ് കുക്ക് പറഞ്ഞത്.

‘500ലധികം ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ ഒരു ബൗളറെ ഒഴിവാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, അവര്‍ ധൈര്യശാലികളായിരുന്നു. പെര്‍ത്തില്‍ അശ്വിന്‍ മികച്ച പ്രകടനം കാഴ്ചവെക്കുമായിരുന്നുവെന്ന് എനിക്കറിയാം, പക്ഷേ ടീം മാനേജ്മെന്റിന്റെ ചിന്തയാണത്.

ടോസ് നേടിയ അവര്‍ ആ വിക്കറ്റില്‍ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. സ്‌കോര്‍ 150 ആയിരുന്നു, പക്ഷേ അവര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടില്ല. രണ്ട് ടീമുകള്‍ക്കും അത് എളുപ്പമായിരിക്കില്ല, പക്ഷേ മത്സരം വിജയിക്കാന്‍ ഒരു മികച്ച ഇന്നിങ്‌സ് വേണ്ടിവരുമെന്ന് ഇന്ത്യക്ക് അറിയാമായിരുന്നു,’ ടി.എന്‍.ടി സ്പോര്‍ട്സില്‍ അലിസ്റ്റര്‍ കുക്ക് പറഞ്ഞു.

അതേസമയം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ ആറ് മുതല്‍ 10 വരെ അഡ്‌ലെയ്ഡ് ഓവലിലാണ് നടക്കുക. ഡേ- നൈറ്റ് ടെസ്റ്റ് ആയതിനാല്‍ പിങ്ക് ബോളായിരിക്കും ഉപയോഗിക്കുക. മത്സരത്തില്‍ സ്പിന്‍ ബൗളര്‍ അശ്വിനേയും ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്.

 

Content Highlight: Alastair Cook Talking About R. Ashwin