ലോര്‍ഡ്‌സ്: ക്രിക്കറ്റ് താരങ്ങള്‍ തങ്ങളുടെ ഡ്രീം ടീമിനെ പ്രഖ്യാപിക്കുന്നത് ക്രിക്കറ്റ് ലോകത്ത് പതിവ് കാഴ്ചയാണ്. മുന്‍ താരങ്ങളും നിലവിലെ താരങ്ങളും ഉള്‍പ്പെടെ പലരും തങ്ങളുടെ ലോക ഇലവനെ പ്രഖ്യാപിക്കുന്നത് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. മുന്‍ ഇംഗ്ലീഷ് നായകന്‍ അലിസ്റ്റര്‍ കുക്കാണ് ഏറ്റവും ഒടുവിലായി തന്റെ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
ലാറയും ഗ്രഹാം ഗൂച്ചുമടങ്ങിയ ടീമില്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇടംപിടിച്ചിട്ടില്ലെന്നതാണ് കുക്കിന്റെ ഇലവന്‍ വാര്‍ത്തകളില്‍ നിറയാന്‍ കാരണമായിരിക്കുന്നത്. സച്ചിനുള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് ഒരു താരത്തെയും ഉള്‍പ്പെടുത്താതെയാണ് കുക്ക് ലോക ഇലവനെ തെരഞ്ഞെടുത്തിരിക്കുന്നത്.
ലോക താരവും വിന്‍ഡീസ് ഇതിഹാസവുമായ ബ്രയാന്‍ ലാറ മൂന്നാമതും മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് നാലമതുും കുക്കിന്റെ ടീമില്‍ ബാറ്റിങ്ങിനിറങ്ങും. ശ്രീലങ്കന്‍ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ കുമാര്‍ സംഗക്കാരയും ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലേഴ്സും ഉള്‍പ്പെടുന്ന രണ്ട് വിക്കറ്റ് കീപ്പര്‍മാരാണ് ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്.
ടീമിലെ ഏക ഓള്‍റൗണ്ടറായി ദക്ഷിണാഫ്രിക്കയുടെ ലോക താരം ജാക്വിസ് കാലിസ് ടീമിലിടം നേടി. സ്പിന്‍ ഇതിഹാസങ്ങളായ മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണും കുക്കിന്റെ ബൗളിങ് നിരയെ നയിക്കാനായി ടീമിലുണ്ട്. ഫാസ്റ്റ് ബൗളര്‍മാരായി ജയിംസ് ആഡേഴ്സണ്‍, ഗ്രന്‍ മെഗ്രാത്തും കളത്തിലിറങ്ങും.