ക്രിക്കറ്റില്‍ സംഭവിക്കുന്ന അപകടങ്ങള്‍ എന്നും ചര്‍ച്ചയായിട്ടുണ്ട്. ഒരു നിമിഷത്തെ അശ്രദ്ധയോ മറ്റോ ആവാം അപകടങ്ങള്‍ക്ക് കാരണമാവുന്നത്. ഓസ്‌ട്രേലിയന്‍ താരമായി ഫില്‍ ഹ്യൂഗ്‌സിന്റെ മരണവും ഇത്തരത്തില്‍ പിച്ചില്‍ വെച്ച് സംഭവിച്ചതാണ്.
എന്നാല്‍ പിച്ചില്‍ വെച്ച് നടന്ന ചെറിയൊരു അപകടത്തിന് പിന്നാലെ ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. അപകടത്തില്‍ പരിക്കേറ്റ കളിക്കാരന്‍ രക്ഷപ്പെട്ടതിനല്ല, മറിച്ച് ഏറ് കിട്ടിയ കളിക്കാരന് തന്റെ മുന്‍ നായകന്‍ നല്‍കിയ ഉപദേശമാണ് ചിരിക്ക് വകവെച്ചിരിക്കുന്നത്.
ആഷസിന്റെ രണ്ടാം ടെസ്റ്റിലായിരുന്നു ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന് അടിവയറ്റിന് താഴെയായി ഏറ് കൊണ്ടത്. ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഫാസ്റ്റ് ഡെലിവറിയായിരുന്നു റൂട്ടിന് കൊണ്ടത്. ഏറ് കൊണ്ട റൂട്ട് താഴെ വീഴുകയായിരുന്നു.
പരിക്കേറ്റ ഉടന്‍ തന്നെ ഓസീസ് താരങ്ങളും റൂട്ടിനടുത്ത് ഓടിവരികയും ശുശ്രൂഷിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിന് ആശ്വാവവാക്കുമായി മുന്‍ ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്ക് എത്തിയത്. തനിക്കും ഇതുപോലുള്ള സംഭവം ഉണ്ടായിട്ടുണ്ടെന്നും സാരമാക്കണ്ട എന്നും പറഞ്ഞാണ് താരം റൂട്ടിനെ ആശ്വസിപ്പിക്കുന്നത്.
‘സംഭവിച്ചത് സംഭവിച്ചു. ഇനി അത് നോക്കണ്ട. അന്നത്തെ സംഭവത്തിന് ശേഷം എനിക്ക് രണ്ട് കുട്ടികള്‍ ഉണ്ടായിട്ടുണ്ട്. ഏറ് കൊണ്ട സമയത്ത് നിനക്ക് എന്താ തോന്നിയത് എന്നെനിക്കറിയില്ല,’ കുക്ക് പറയുന്നു. കമന്ററി ബോക്‌സിലിരുന്നായിരുന്നു കുക്കിന്റെ ആശ്വസിപ്പിക്കല്‍.
2015ലായിരുന്നു കുക്കിനും സമാനമായ അപകടം നടന്നത്. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കുക്കിന്റെ അടിവയറ്റിന് താഴെ പന്ത് കൊള്ളുകയായിരുന്നു. ഇത് സംഭവിക്കുന്വോള്‍ റൂട്ട് കുക്കിന് സമീപം ഫീല്‍ഡ് ചെയ്യുന്നുണ്ടായിരുന്നു.
എന്നാല്‍ കാര്യമായി പരിക്കേല്‍ക്കാതെ റൂട്ട് ബാറ്റിംഗ് തുടര്‍ന്നു. എങ്കിലും ഇംഗ്ലണ്ടിനെ വിജയിപ്പിക്കാനാവശ്യമായ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ നായകനായില്ല. ആഷസിന്റെ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും പരാജയം രുചിക്കാനായിരുന്നു ഇംഗ്ലീഷ് പടയുടെ വിധി.
ഇംഗ്ലണ്ടിനെ 275 റണ്‍സിന് തകര്‍ത്താണ് ഓസ്‌ട്രേലിയ വന്‍ വിജയം നേടിയത്. ഓസീസിന്റെ റണ്‍മല പിന്തുടര്‍ന്ന ഇംഗ്ലണ്ട് 192 റണ്‍സിന് പുറത്താവുകയായിരുന്നു. ആറ് വിക്കറ്റുമായി മത്സരം പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ ഒന്നിന് പിറകെ ഒന്നായി നിലം പൊത്തുകയായിരുന്നു.
ആദ്യ ഇന്നിംഗ്‌സില്‍ 9 വിക്കറ്റിന് 473 റണ്‍സിനും രണ്ടാം ഇന്നിംഗ്സില്‍ 9ന് 230 റണ്‍സിനും ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തിരുന്നു.
5 മത്സരങ്ങളുടെ പരമ്പരയില്‍ 2-0ന് ഓസീസ് ലീഡ് ചെയ്യുകയാണ്. ഡിസംബര്‍ 26ന് ബോക്‌സിംഗ് ഡേയിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. പ്രസിദ്ധമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ് ബോക്‌സിംഗ് ഡേ ടെസ്റ്റ്.