ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ ഇന്ത്യന്‍ ടീമിന്റെ നിര്‍ണായക സെഞ്ച്വറി നേടിയ യുവതാരമാണ് യശസ്വി ജെയ്‌സ്വാള്‍. ആദ്യ ഇന്നിങ്‌സില്‍ പരാജയപ്പെട്ട ജെയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.
രണ്ടാം ഇന്നിങ്‌സിനിടെ ഓസ്‌ട്രേലിയയുടെ വെറ്ററന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കുമായി ജെയ്‌സ്വാള്‍ ചില കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയിരുന്നു. ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ യുവതാരം ഹര്‍ഷിത് റാണയെ സ്ലെഡ്ജ് ചെയ്തതിന് പലിശയടക്കം തിരിച്ചുകൊടുത്താണ് ജെയ്‌സ്വാള്‍ ചര്‍ച്ചകളില്‍ ഇടം നേടിയത്.
മിച്ചല്‍ സ്റ്റാര്‍ക്കിനെ സ്ലെഡ്ജ് ചെയ്ത ആ 22 കാരന്റെ ആത്മവിശ്വാസവും ബാറ്റിങ് മികവും തന്നെ അതിശയിപ്പിക്കുന്നെന്ന് കുക്ക് പറഞ്ഞു.
‘മിച്ചല്‍ സ്റ്റാര്‍ക്കിനെ ജെയ്സ്വാള്‍ സ്ലെഡ്ജ് ചെയ്യുന്നത് ഞാന്‍ കണ്ടു. അപ്പോള്‍ അദ്ദേഹം സെഞ്ച്വറി നേടിയിട്ടുപോലുമുണ്ടായിരുന്നില്ല. എന്നിട്ടുപോലും പന്തുകള്‍ക്ക് വേഗതയില്ലെന്ന് സ്റ്റാര്‍ക്കിനോട് ജെയ്സ്വാള്‍ പറഞ്ഞു. സ്റ്റാര്‍ക്കിനെ നേരിട്ടിട്ടുള്ളയാളാണ് ഞാന്‍. സ്റ്റാര്‍ക് ഒരിക്കലും പതുക്കെ പന്തെറിയാറില്ല’, കുക്ക് ചൂണ്ടിക്കാട്ടി.
‘സ്റ്റാര്‍ക്കിന്റെ പന്തിന് ഏതെങ്കിലും രീതിയില്‍ വേഗത കുറഞ്ഞാല്‍ അത് തുറന്നു പറയാന്‍ ഞാന്‍ പോവാറില്ല. അത്ര ആത്മവിശ്വാസവും ധൈര്യവും സ്റ്റാര്‍ക്കിനെ നേരിടുന്ന സാഹചര്യങ്ങളില്‍ എനിക്ക് ലഭിക്കാറില്ല,’ കുക്ക് വ്യക്തമാക്കി.
ഇന്ത്യയുടെ യങ് സ്റ്റാര്‍
ഏത് സമ്മര്‍ദ സാഹചര്യങ്ങളുമായി വേഗത്തില്‍ പൊരുത്തപ്പെടാന്‍ കഴിയുന്ന ഇന്ത്യന്‍ യങ് ബാറ്ററാണ് യശസ്വി ജയ്‌സ്വാള്‍.
15 ടെസ്റ്റ് മത്സരങ്ങളില്‍ ടോപ് ഓര്‍ഡറില്‍ ഇറങ്ങി മറ്റേത് ഇന്ത്യന്‍ താരത്തേക്കാള്‍ കൂടുതല്‍ റണ്‍സ് ജയ്സ്വാള്‍ അടിച്ചുകൂട്ടി. ബാറ്റുചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള പൊസിഷനായിരുന്നിട്ടുപോലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ക്ലാസി പ്ലെയറാണ് ജെയ്‌സ്വാള്‍.
ഓസ്ട്രേലിയന്‍ മണ്ണില്‍ തന്റെ കന്നി സെഞ്ച്വറി നേടുന്നതിനുള്ള കഠിന പ്രയത്‌നമാണ് പെര്‍ത്ത് ടെസ്റ്റില്‍ കണ്ടത്. പിച്ച് തനിക്ക് സെറ്റായെന്നറിഞ്ഞാല്‍ ഏത് ബൗളര്‍ക്കു നേരെയും ആക്രമണ വഴി സ്വീകരിക്കാന്‍ ജെയ്സ്വാളിന് ഭയമില്ല.
ഓസ്ട്രേലിയന്‍ കളിക്കാര്‍ അവരുടെ സ്ലെഡ്ജിങിന് പേരുകേട്ടവരാണെങ്കിലും, അത് തിരികെ സംഭവിച്ചതും, ജെയ്സ്വാള്‍ ഭയപ്പെടാതെ മിച്ചല്‍ സ്റ്റാര്‍ക്കിനോട് ‘നിങ്ങള്‍ വളരെ പതുക്കെയാണ് ബൗള്‍ ചെയ്യുന്നത്’ എന്ന് പറഞ്ഞതും, ഈ യുവതാരത്തിന്റെ ആത്മവിശ്വാസം കൊണ്ടാണ്.
ജെയ്‌സ്വാള്‍ ഈ വര്‍ഷം നേടിയ മൂന്ന് സെഞ്ച്വറികളില്‍ രണ്ടെണ്ണം ഇംഗ്ലണ്ടിനെതിരെ സ്വന്തം തട്ടകത്തില്‍ നേടിയ ഇരട്ട സെഞ്ച്വറിയാണ്. കൂടാതെ, 2024-ല്‍ ഇതുവരെ ഏഴ് അര്‍ധസെഞ്ചുറികളും ജയ്‌സ്വാള്‍ നേടി.
ഇന്ത്യയുടെ പോരാട്ടത്തിനൊടുവില്‍ പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ 295 റണ്‍സിനാണ് തോല്‍വി ഏറ്റുവാങ്ങിയത്. പെര്‍ത്തില്‍ ഓസ്‌ട്രേലിയയുപടെ ആദ്യ തോല്‍വി കൂടിയായിരുന്നു അത്.
‘ശരിക്കും ഇന്ത്യയുടെ ജയത്തില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു പോയി. ക്രിക്കറ്റ് കളിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള സ്ഥലമായ പെര്‍ത്തില്‍ പോയി ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചതില്‍ ഞാന്‍ ഇപ്പോഴും ഞെട്ടി നില്‍ക്കുകയാണ്’ അലസ്റ്റര്‍ കുക്ക് കൂട്ടിച്ചേര്‍ത്തു.
അഡ്ലെയ്ഡ് ഓവലില്‍ പിങ്ക് ബോള്‍ ടെസ്റ്റിന് മുന്നോടിയായി, കാന്‍ബെറയിലെ മനൂക ഓവലില്‍ നടന്ന മത്സരത്തില്‍ ജെയ്സ്വാള്‍ 45 റണ്‍സ് നേടിയിരുന്നു. ആദ്യ ടെസ്റ്റിലെ തകര്‍പ്പന്‍ ജയത്തിന്റെ ഫോമിലാണ് ഇന്ത്യ അഡ് ലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനിറങ്ങുക.
എന്നാല്‍ പെര്‍ത്തിലെ ആദ്യ തോല്‍വി കങ്കാരുക്കളെ ഒരുപാട് തളര്‍ത്തിയിട്ടുണ്ട്. ഇന്ത്യക്കെതിരായി വമ്പന്‍ സ്ട്രാറ്റജികളോടെയാവും ഓസ്‌ട്രേലിയന്‍ ടീമിന്റെ രണ്ടാം ടെസ്റ്റിനുള്ള പടയൊരുക്കം.