| Tuesday, 14th June 2016, 2:51 pm

ടീമിനായി അര്‍ധ സെഞ്ച്വറി നേട്ടം വേണ്ടെന്നുവെച്ച് ഇംഗ്ലണ്ട് ക്യാപ്റ്റന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ലണ്ടന്‍: ഏത് കായിക ഇനമാണെങ്കിലും വ്യക്തിഗത നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം ഒരു കായിക താരവും കളയാറില്ല. മാത്രമല്ല അത്തരം നേട്ടത്തിലേക്കെത്താന്‍ ശ്രമിക്കാറുമുണ്ട്. ക്രിക്കറ്റിലും ഇത്തരത്തില്‍ സ്വന്തം നേട്ടങ്ങള്‍ക്കായി കളിക്കുന്ന താരങ്ങളെ നമ്മള്‍ കാണാറുണ്ട്.

സെഞ്ച്വറിക്കും അര്‍ധ സെഞ്ച്വറിക്കുമെല്ലാം വേണ്ടി കളിവൈകിപ്പിച്ച് പലപ്പോഴും സ്വന്തം ടീമിന്റെ വിജയം തന്നെ തട്ടിത്തെറിപ്പിക്കുന്ന താരങ്ങളുടെ പ്രകടനങ്ങള്‍ക്ക് ലോകക്രിക്കറ്റ് പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതിഹാസ താരങ്ങള്‍ വരെ ഇത്തരത്തില്‍ ആരോപണ വിധേയരായവരില്‍ ഉള്‍പ്പെടുന്നു.

എന്നാല്‍ ആരെയും ഞെട്ടിക്കുന്ന ഒരു തീരുമാനം കൊണ്ട് ഇംഗ്ലീഷ് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ശ്രീലങ്കക്കെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിലാണ് കുക്ക് ക്യാപ്റ്റനെന്ന നിലയില്‍ താന്‍ സ്വന്തം ടീന്റെ വിജയത്തിന് എത്രത്തോളം പ്രധാന്യം നല്‍കുന്നു എന്നത് തെളിയിച്ചത്.

വ്യക്തിഗത സ്‌കോര്‍ 49ല്‍ നില്‍ക്കെ അവകാശപ്പെട്ട അര്‍ധ സെഞ്ച്വറി നിഷേധിച്ച് കുക്ക് സ്വയം സ്വന്തം ടീമിന്റെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒരു പന്ത് കൂടി നേരിട്ട് സ്വയം അര്‍ധ സെഞ്ച്വറി തികക്കാതെ ടീമിന് എത്രയും വേഗം വിജയത്തിലെത്താനാണ് താരം ഇത്തരമൊരു കടുത്ത തീരുമാനം എടുത്തത്. ഏഴിന് 233 എന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത്. അര്‍ഹിച്ച അര്‍ധ സെഞ്ച്വറി അവിശ്വസനീയമായി മാറ്റിവെച്ച് സ്വന്തം ടീമിനായി പ്രധാന തീരുമാനം എടുത്ത കുക്കിനെ ക്രിക്കറ്റ് ആരാധകരും പ്രശംസകൊണ്ട് മൂടി.

2004ല്‍ മുള്‍ട്ടാന്‍ ടെസ്റ്റില്‍ സച്ചിന്‍ 194 റണ്‍സില്‍ നില്‍ക്കെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിന്റെ നടപടി അന്ന് വിവാദമായിരുന്നു. അന്ന് ടീമിനായെടുത്ത തീരുമാനമെന്നായിരുന്നു ടീം മാനേജ്‌മെന്റ് സംഭവത്തിന് വിശദീകരണമായി പറഞ്ഞത്. എന്നാല്‍ സ്വന്തം ടീമിനായി ക്യാപ്റ്റന്‍ തന്നെ മതൃക കാണിക്കുന്നതാണ് ഇംഗ്ലണ്ടില്‍ കാണാന്‍ കഴിഞ്ഞത്.

എന്നാല്‍ കുക്കിന്റെ ഈ തീരുമാനം പിഴക്കുകയായിരുന്നു. ഒരു വിക്കറ്റിന് 78 റണ്‍സുമായി ശ്രീലങ്ക മത്സരം സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 20ത്തിന് ഇംഗ്ലണ്ട് സ്വന്തമാക്കി.

We use cookies to give you the best possible experience. Learn more