അലാസ്‌കയിലെ ഈ ഗ്രാമത്തില്‍ രണ്ട് മാസത്തേക്ക് സൂര്യനുദിക്കില്ല
World News
അലാസ്‌കയിലെ ഈ ഗ്രാമത്തില്‍ രണ്ട് മാസത്തേക്ക് സൂര്യനുദിക്കില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th November 2020, 5:34 pm

അലാസ്‌ക: സൂര്യനുദിക്കാതിരിക്കുന്ന സാഹചര്യത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ചാലും ഇല്ലെങ്കിലും അത്തരമൊരു അവസ്ഥയിലൂടെയാണ് അലാസ്‌കയിലെ ഒരു ഗ്രാമം അടുത്ത രണ്ട് മാസത്തേക്ക് കടന്നുപോകാനിരിക്കുന്നത്.

വ്യാഴാഴ്ച ഇവിടത്തെ ‘അവസാന’ സൂര്യോദയമായിരുന്നു. ഇനി ഇവിടത്തുകാര്‍ സൂര്യനെ കാണണമെങ്കില്‍ ജനുവരി 22 ആകണം.

അലാസ്‌കയിലെ ബാരോ എന്ന് പഴയ പേരുള്ള ഉട്ഗിയാഗ്വിക് എന്ന ഗ്രാമത്തിലാണ് ഈ അത്ഭുത പ്രതിഭാസം.

പോളാര്‍ നൈറ്റ് അഥവാ ധ്രുവരാത്രി എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ഇതിന് കാരണം. എല്ലാ ശൈത്യകാലത്തും ഇവിടെ കാണുന്ന പ്രതിഭാസമാണിത്.

ആര്‍ട്ടിക് സര്‍ക്കിളിലുള്‍പ്പെട്ട പ്രദേശമായതിനാലാണ് സൂര്യനെ രണ്ട് മാസത്തേക്ക് കാണാതാകുന്നതെന്ന് സി.എന്‍.എന്‍ മെട്രോളജിസ്റ്റ് അലിസണ്‍ ചിഞ്ചര്‍ പറയുന്നു.

എന്നാല്‍ രണ്ട് മാസത്തേക്ക് സൂര്യനുദിക്കില്ല എന്നതിനര്‍ത്ഥം ഇവിടം പൂര്‍ണ്ണമായും ഇരുട്ടായിരിക്കും എന്നല്ല. സൂര്യോദയത്തിന് മുന്‍പും സൂര്യാസ്തമയത്തിന് ശേഷവും എങ്ങനെയാണോ അന്തരീക്ഷം അതുപോലെയായിരിക്കും കാണപ്പെടുക.

വടക്കന്‍ അലാസ്‌കയുടെ മൂന്നിലൊരു ഭാഗവും ആര്‍ട്ടിക് സര്‍ക്കിളിലാണ്. അതിനാല്‍ത്തന്നെ ബാരോ ഗ്രാമത്തിലാണ് ആദ്യം സൂര്യനസ്തമിക്കുന്നതും.

അലാസ്‌കയിലെ അനക്റ്റുവക് പാസ്, കാക്റ്റോവിക്, പോയിന്റ് ഹോപ് എന്നീ ഗ്രാമങ്ങളും സൂര്യനുദിക്കാത്ത ഗ്രാമങ്ങളാണ്. എന്നാല്‍ ഏറ്റവും ദൈര്‍ഘ്യമേറിയ കാലം സൂര്യനുദിക്കാതിരിക്കുന്നത് ബാരോയിലാണ്.

വേനല്‍ക്കാലത്താവട്ടെ രണ്ട് മാസത്തേക്ക് ഇവിടെ സൂര്യന്‍ അസ്തമിക്കുകയും ഇല്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Alaska town will not see sunlight for next 2 months as Polar Night is here