തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 301 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഉറവിടമറിയാത്ത 16 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നഗരത്തിലെ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 91 പേര്‍ക്കാണ് ഇന്നലെ അവിടെ പരിശോധന നടത്തിയത്.
ഇതേ സ്ഥാപനത്തിലെ 81 സാമ്പിളുകള്‍ ഇന്ന് പരിശോധിച്ചപ്പോള്‍ 17 പേര്‍ക്ക് കൂടി പോസിറ്റീവാണെന്ന് കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുരുതരമായ സാഹചര്യമാണ് തിരുവനന്തപുരത്ത്. ഈ സ്ഥാപനത്തില്‍ നിന്നും ഇനിയും ഫലങ്ങള്‍ വരാനുണ്ട്. ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും ദിവസേന നൂറ് കണക്കിന് പേരാണ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്നുപോയത്.
ഇവരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. മാത്രമല്ല ഇവിടെ ജോലി ചെയ്യുന്നവര്‍ ഏറെയും തമിഴ്‌നാട്ടുകാരാണ്. അതുകൊണ്ട് ഏറെ ശ്രദ്ധയോടെ കാര്യങ്ങള്‍ മുന്നോട്ട് നീക്കണം. കൂടുതല്‍ തമിഴ്‌നാട്ടുകാര്‍ ജോലി ചെയ്യുന്ന മറ്റ് സ്ഥാപനങ്ങളും ഉണ്ട്. നിലവില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പരിശോധന വര്‍ധിപ്പിച്ചുണ്ട്’.
ഈ ദിവസങ്ങളില്‍ ഈ കടയില്‍ പോയി തുണി വാങ്ങിയവര്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ബന്ധപ്പെടണം. പരിശോധനയക്ക് സ്വയമേ മുന്നോട്ട് വന്നാല്‍ മാത്രമേ രോഗവ്യാപനം തടയാനാകു.
അതേസമയം ആളുകള്‍ യാതൊരുവിധ നിയന്ത്രണവും പാലിക്കാത്ത സാഹചര്യമാണ് തിരുവനന്തപുരത്ത് നിലനില്‍ക്കുന്നത്. ഇത് മുന്‍നിര്‍ത്തി പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും റിസള്‍ട്ട് അതിവേഗം ലഭ്യമാകുന്ന സ്ഥിതിയുണ്ടാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി സ്വകാര്യലാബുകള്‍ കൂടുതലായി ഉപയോഗിക്കും. പഞ്ചായത്തുകളില്‍ 100 കിടക്കകള്‍ വീതമുള്ള സെന്ററുകള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക