ന്യൂദല്‍ഹി: ആര്‍ട്ടിക്കിള്‍ 370, 35 എയും റദ്ദാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ കോണ്‍ഗ്രസും ഭൂരിപക്ഷം പ്രതിപക്ഷ പാര്‍ട്ടികളും അതിനെതിരെ രംഗത്തെത്തിയപ്പോള്‍ അതിനെ പിന്തുണക്കുകയാണ് ആംആദ്മി പാര്‍ട്ടി ചെയ്തത്. ആപിന്റെ ഈ നിലപാട് പലരെയും അതിശയപ്പെടുത്തിയിരുന്നു.
നേരത്തെ മോദി സര്‍ക്കാരിനെതിരെ ശക്തമായ നിലപാടെടുത്തിരുന്ന പാര്‍ട്ടി ഇപ്പോള്‍ എന്ത് കൊണ്ട് അനുകൂല നിലപാട് എന്നാണ് പലരും ചോദിച്ചത്. ഇത് മാത്രമല്ല ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര സര്‍ക്കാരിനെതിരെയും മോദിക്കെതിരെയും ഉള്ള വിമര്‍ശനം ആപും കെജ്‌രിവാളും കുറച്ചതും പലരും ചൂണ്ടിക്കാട്ടി.
ആറ് മാസം കഴിഞ്ഞുള്ള നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ് ആപിന്റെ ഇപ്പോഴത്തെ മാറ്റമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആപിന്റെ ഏഴ് സ്ഥാനാര്‍ത്ഥികളില്‍ അഞ്ചു പേര്‍ക്കും കെട്ടിവെച്ച പണം നഷ്ടപ്പെട്ടിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സ്വന്തം നിയോജക മണ്ഡലത്തില്‍ പോലും ആപ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായി പോയി. ആപിന്റെ പ്രമുഖ സ്ഥാനാര്‍ത്ഥിയായിരുന്ന അതിഷി മര്‍ലേന സിംഗ് വരെ മൂന്നാം സ്ഥാനത്തേക്ക് പോയി.
70ല്‍ 67 സീറ്റും നേടി 54 ശതമാനം വോട്ടും നേടിയാണ് ആപ് അധികാരത്തിലേറിയത്. ജനപ്രിയ പദ്ധതികള്‍ നടപ്പിലാക്കിയിട്ടും 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേടിയ 33 ശതമാനം വോട്ട് 18 ശതമാനത്തിലേക്ക് ഈ തെരഞ്ഞെടുപ്പില്‍ താഴ്ന്നു. ബി.ജെ.പി 10 ശതമാനം വോട്ട് വര്‍ദ്ധിപ്പിച്ച് 54 ശതമാനം വോട്ട് നേടി.
ഈ ഫലത്തില്‍ നിന്ന് പാഠം പഠിച്ച് പുതിയ പദ്ധതികളുമായി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ആപ് ശ്രമിക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനുകൂലമായാണ് വോട്ട് ചെയ്തത്. നേരത്തെ ആപിനോടൊപ്പം നിന്നിരുന്ന ഈ വിഭാഗങ്ങള്‍ ഇനിയും കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുകയും നില്‍ക്കാതിരിക്കുകയും ചെയ്യാം. നിയമസഭ തെരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുന്ന ഘടകങ്ങള്‍ വേറെയാണ്. കെജ്‌രിവാള്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണ ഇല്ലാതെ തന്നെ മുന്നോട്ട് പോവാന്‍ തയ്യാറായി കഴിഞ്ഞു. അദ്ദേഹത്തിന് കൂടുതല്‍ ഹിന്ദു വോട്ട് ബാങ്ക് വേണം. സര്‍ക്കാര്‍നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളൊന്നും രാജ്യത്തിന്റെ മറ്റൊരു ഭാഗത്തും ആരും നടപ്പിലാക്കാന്‍ മുതിരാത്തതാണ്. മൊഹല്ല ക്ലിനിക്കുകള്‍ വലിയ വിജയമാണ്- മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക നീരജ ചൗധരി പറയുന്നു.
ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നാലും ബി.ജെ.പിയോടൊപ്പം നിലവില്‍ നില്‍ക്കുന്ന വോട്ട് ബാങ്കിനെ ആകര്‍ഷിച്ച് അധികാരം നിലനിര്‍ത്താനുള്ള ശ്രമമാണ് ആപ് നടത്തുന്നത്. നേടാനുദ്ദേശിക്കുന്ന വോട്ട് ബാങ്കിനെ മുന്‍നിര്‍ത്തിയാണ് അദ്ദേഹം മോദിയെയും സര്‍ക്കാരിനെയും വിമര്‍ശിക്കാത്തതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ദേശീയത മുന്‍നിര്‍ത്തിയുള്ള വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞ് ഹിന്ദു വിരുദ്ധന്‍, ഇന്ത്യ വിരുദ്ധന്‍ എന്ന അഭിപ്രായം ഉണ്ടാക്കേണ്ടതില്ല എന്ന ആലോചനയുടെ ഭാഗമാണെന്ന് വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകരും ഉണ്ട്.