| Tuesday, 10th October 2017, 11:37 am

ലേക് പാലസ് ഫയല്‍ മോഷണം; നഗര സഭാ ചെയര്‍മാന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് ലേക് പാലസുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്തു. നഗരസഭാ ചെയര്‍മാന്റെ പരാതിയെ തുടര്‍ന്നാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്.

മുമ്പ് പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല.റിസോര്‍ട്ട് വിവാദത്തിന് പിന്നാലെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഫയലുകള്‍ കാണാതായത്. റിസോര്‍ട്ട് നിര്‍മ്മാണത്തിന് അനുമതി നല്‍കി കൊണ്ടുള്ള 2000 ലെ ഫയലുകളാണ് അന്ന് കാണാതായത്

തുടര്‍ന്ന് നിരവധി അന്വേഷണങ്ങള്‍ നടത്തിയിരുന്നെങ്കിലും ഫയല്‍ കിട്ടിയിരുന്നില്ല. പിന്നീട് കഴിഞ്ഞ ദിവസം നഗരസഭയുടെ ഒഴിഞ്ഞു കിടന്നിരുന്ന മുറിയിലെ അലമാരയില്‍ നിന്നും ഫയല്‍ കണ്ടെത്തിയിരുന്നു.

റിസോര്‍ട്ടുമായി ബന്ധപ്പെട്ട മൂന്ന് ഫയല്‍ കൂടി ഇനിയും ലഭിക്കാന്‍ ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
തന്റെ റിസോര്‍ട്ടിലേക്ക് പോകാന്‍ രണ്ട് എം.പിമാരുടെ ഫണ്ട് ഉപയോഗിച്ച് തോമസ് ചാണ്ടി അനധികൃതമായി റോഡ് നിര്‍മ്മിച്ചെന്നും കായല്‍ നികത്തിയെന്നുമാണ് ആരോപണമുയര്‍ന്നത്.


Also Read അത് നമ്മുടെ ആരെങ്കിലും ആയിരുന്നെങ്കിലോ..; വാഹനാപകടത്തില്‍ പരിക്കേറ്റ് കിടന്നയാളെ രക്ഷിച്ച അനുഭവം പങ്കുവെച്ച് ജയസൂര്യ


മാര്‍ത്താണ്ഡം കായലില്‍ മിച്ചഭൂമിയായി കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഏക്കര്‍ കണക്കിന് ഭൂമിയാണ് ലേക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ മന്ത്രി തോമസ് ചാണ്ടിയും മകനും വാങ്ങിക്കൂട്ടി നികത്തുന്നതെന്നായിരുന്നു ആരോപണം.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് നിര്‍മിക്കുന്നതിനായി കായല്‍ മണ്ണിട്ട് നികത്തിയെന്നു സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ റവന്യൂമന്ത്രിക്ക് ഇടക്കാല റിപ്പോര്‍ട്ടു നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more