ആലപ്പുഴ: വിശ്വ ഹിന്ദു പരിഷത്തിന്റെ യുവ ജന വിഭാഗമായ ബജ്‌രംഗ് ദളിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും റാലികള്‍ ഇന്ന് ആലപ്പുഴ നഗരത്തില്‍ നടക്കും. വന്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.
ബജ്‌രംഗ് ദളിന്റെ കീഴില്‍ ഇരുചക്ര വാഹന റാലിയും, പോപ്പുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനവും സംഘടിപ്പിക്കാനാണ് തീരുമാനം. ഇരു വിഭാഗവും ഒരേ സമയം റാലി നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും സംഘര്‍ഷ സാധ്യത കണത്തിലെടുത്ത് സമയം മാറ്റുകയായിരുന്നു.
മാര്‍ച്ച് സംബന്ധിച്ച് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ ഹൈക്കോടതി ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആലപ്പുഴ സ്വദേശി രാജരാമ വര്‍മ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
ആര്‍.എസ്.എസ്, പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ.യുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന ആലപ്പുഴയില്‍ പരിപാടികള്‍ നടത്തുന്നതിന് പൊലീസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് റാലി പ്രഖ്യാപിച്ചതിന് ബദലായാണ് പ്രദേശത്ത് ബജ്‌രംഗ് ദള്‍ റാലി നടത്താന്‍ തീരുമാനിച്ചത്.
എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍, ബി.ജെ.പി നേതാവും ഒ.ബി.സി മോര്‍ച്ച സെക്രട്ടറിയുമായ രഞ്ജിത്ത് എന്നിവരെ 12 മണിക്കൂറിന്റെ ഇടവേളയിലാണ് അക്രമകാരികള്‍ കൊലപ്പെടുത്തിയത്.
ഡിസംബര്‍ 18ന് രാത്രിയാണ് മണ്ണഞ്ചേരി പൊന്നാടിനു സമീപം നടുറോഡില്‍ വച്ചാണ് കെ.എസ്.ഷാനിനു വെട്ടേറ്റത്. വീട്ടിലേക്കു സ്‌കൂട്ടറില്‍ പോകുമ്പോള്‍ പിന്നാലെ കാറിലെത്തിയവര്‍ ഷാനിനെ ഇടിച്ചുവീഴ്ത്തി ദേഹമാസകലം വെട്ടുകയായിരുന്നു. ഷാന്റെ വധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് ആലുവ ജില്ലാ പ്രചാരക് അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.