| Friday, 25th June 2021, 10:36 am

സ്വര്‍ണവും കാറും നല്‍കിയതിന് പുറമെ പത്ത് ലക്ഷം രൂപയും ആവശ്യപ്പെട്ടു; സുചിത്രയുടെ മരണത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ മാതാപിതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: വള്ളിക്കുന്നത്ത് 19 കാരി സുചിത്ര ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ മാതാപിതാക്കള്‍. സ്ത്രീധനത്തിന്റെ പേരില്‍ മകളെ ശാരീരികമായും മാനസികമായും ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നെന്ന് മാതാപിതാക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജൂണ്‍ 22 നാണ് സുചിത്രയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തരാഖണ്ഡില്‍ സൈനികനായ വിഷ്ണുവാണ് സുചിത്രയുടെ ഭര്‍ത്താവ്. മാര്‍ച്ച് 21 നായിരുന്നു ഇവരുടെ വിവാഹം

ഓച്ചിറ വലിയകുളം സ്വദേശിയാണ് സുചിത്ര. സുചിത്രയെ ഭര്‍ത്താവിന്റെ അമ്മ ദേഹോപദ്രവം ചെയ്തിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു. മകളെ കെട്ടിത്തൂക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു.

സ്വര്‍ണ്ണത്തിന്റെ പേരില്‍ വിഷ്ണുവിന്റെ അമ്മ നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്ന് സുചിത്രയുടെ അമ്മയും പറഞ്ഞു. സ്വര്‍ണവും കാറും നല്‍കിയതിന് പുറമെ പത്ത് ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നെന്ന് പിതാവ് പറഞ്ഞു.

അമ്മയുടെ വാക്കുകള്‍:

എന്തിനാണ് അമ്മേ എനിക്ക് ഈ സ്വര്‍ണ്ണമൊക്കെ തന്നയച്ചതെന്ന് മകള്‍ ചോദിച്ചിരുന്നു. ഈ സ്വര്‍ണ്ണമെല്ലാം പ്രശ്‌നമാണെന്നും അവള്‍ പറഞ്ഞിരുന്നു.

കരഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു നീ സമാധാനപ്പെട്, എന്നിട്ട് വള അമ്മയുടെ കൈയില്‍ കൊടുക്ക് എന്ന് പറഞ്ഞു.

വള തിരിച്ചുകൊണ്ട് കൊടുത്തപ്പോള്‍ വിഷ്ണുവിന്റെ അമ്മ അത് എറിഞ്ഞു. അപ്പോള്‍ എന്റെ മോള് വിഷ്ണുവിനോട് പോയി പറഞ്ഞു വിഷ്ണുവേട്ട അമ്മ വീണ്ടും വള എറിഞ്ഞുവെന്ന്. 

നീ കൊണ്ടുപോയി അലമാരയില്‍ വെക്ക് എന്നും പറഞ്ഞ് അന്ന് വിഷ്ണു അവളെ പള്ള് (ചീത്ത) പറഞ്ഞെന്നു പറഞ്ഞ് പരാതി പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു വിഷ്ണുവിന്റെ സങ്കടം കൊണ്ടല്ലേന്ന്. അപ്പോള്‍ അവളും പറഞ്ഞു അതേ അമ്മേയെന്ന്.

വിഷ്ണുവേട്ടന്‍ എന്നെ ചീത്ത പറയാതിരുന്നപ്പോള്‍ അമ്മ വന്ന് ഓരോന്ന് പറഞ്ഞ് പറഞ്ഞ് വിഷ്ണുവേട്ടനെ പ്രകോപിപ്പിക്കുകയാണെന്ന് അവള്‍ പറഞ്ഞു. തന്നെ ജീവനാണ് വിഷ്ണുവിനെന്ന് അവള്‍ പറഞ്ഞിട്ടുണ്ട്.

അതിന് ശേഷം അവര്‍ക്ക് എന്റെ മോളോട് സ്‌നേഹക്കുറവാണ്. മോളേ ദേഹോപദ്രവം ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Alappuzha Suchithra Death Dowry Harassment

We use cookies to give you the best possible experience. Learn more