ആലപ്പുഴ രഞ്ജിത്ത് കൊലപാതകം: രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Kerala News
ആലപ്പുഴ രഞ്ജിത്ത് കൊലപാതകം: രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th December 2021, 7:35 pm

ഹരിപ്പാട്: ആലപ്പുഴയിലെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിന്റെ കൊലപാതകത്തില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. വെള്ളക്കിണര്‍ സ്വദേശികളായ അനൂപ് അഷ്‌റഫ്, റസീബ് എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിലായ പ്രതികള്‍ നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തവരാണെന്ന് പൊലീസ് പറഞ്ഞു. അനൂപിനെ ബെംഗളൂരുവില്‍ നിന്നും റസീബിനെ ആലപ്പുഴയില്‍ നിന്നുമാണ് പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നത്.

രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തരുടെ അറസ്റ്റ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രേഖപ്പെടുത്തിയിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ ആസിഫ്,നിഷാദ്, അലി, സുധീര്‍, അര്‍ഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.

അതേസമയം, എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാന്‍ കൊലപാതക കേസില്‍ ആര്‍.എസ്.എസ് ആലുവ ജില്ല പ്രചാരകന്‍ അനീഷ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

ഗൂഢാലോചന നടത്തിയ ആര്‍.എസ്.എസ് നേതാക്കള്‍ക്ക് ഒളിത്താവളമൊരുക്കിയതിനാണ് അനീഷിനെ അറസ്റ്റ് ചെയ്തത്. ഒളിത്താവളമൊരുക്കിയിരുന്നത് ആലുവ ആര്‍.എസ്.എസ് കാര്യാലയത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയിട്ടുണ്ട്.

ആലപ്പുഴ ഇരട്ട കൊലപാതകത്തില്‍ ഇരുവിഭാഗത്തിലും പെട്ട പ്രതികളുടെ പട്ടിക ജില്ല അടിസ്ഥാനത്തില്‍ തയ്യാറാക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ക്രിമിനല്‍ സംഘങ്ങള്‍ക്ക് പണം കിട്ടുന്ന സ്രോതസ് കണ്ടെത്തുമെന്നും പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 18ന് രാത്രിയും 19ന് പുലര്‍ച്ചേയാണ് കേരളത്തെ നടുക്കിയ ഇരട്ട കൊലപാതകം നടന്നത്. എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ രാത്രി 7:30തോടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍ നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിറ്റേദിവസം പുലര്‍ച്ചെയാണ് ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വെട്ടിക്കൊല്ലുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Alappuzha Ranjith murder: Two SDPI activists arrested