ആലപ്പുഴ രാഷ്ട്രീയ കൊലപാതകങ്ങള്‍; ഇന്ന് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യത
Kerala News
ആലപ്പുഴ രാഷ്ട്രീയ കൊലപാതകങ്ങള്‍; ഇന്ന് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th December 2021, 8:09 am

ആലപ്പുഴ: ആലപ്പുഴയില്‍ എസ്.ഡി.പി.ഐ നേതാവ് കെ.എസ്. ഷാനിന്റെ കൊലപാതകത്തെ തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച് നിരോധാനാജ്ഞ ഇന്നും തുടരും. കൊലാപാതകങ്ങളെ തുടര്‍ന്ന് കളക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് ചേരും.

മന്ത്രിമാരായ സജി ചെറിയാനും പി. പ്രസാദും യോഗത്തില്‍ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ഇന്ന് ആലപ്പുഴയിലെത്തും. വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാനുള്ള ബി.ജെ.പി തീരുമാനത്തിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

ജില്ലയിലെ സമാധാനം പുന:സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും.

കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഇന്ന് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. കഴിഞ്ഞദിവസം കസ്റ്റഡിയിലായ ആളുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഷാനിനെ കൊലപ്പെടുത്താനെത്തിയ സംഘത്തിന് വാഹനം നല്‍കുക മാത്രമാണ് ചെയ്തതെന്ന് അറസ്റ്റിലായ രണ്ടുപേര്‍ മൊഴി നല്‍കിയിരുന്നു. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാപകമായി പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആലപ്പുഴയില്‍ ബി.ജെ.പിയുടെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും മണിക്കൂറുകളുടെ ഇടവേളയിലാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞദിവസം രാത്രിയാണ് എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തുന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജംഗ്ഷനില്‍ വെച്ചായിരുന്നു ഷാനിന് വെട്ടേറ്റത്.

വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാന്റെ പിന്നില്‍ കാര്‍ ഇടിപ്പിക്കുകയും റോഡില്‍ വീണ ഇദ്ദേഹത്തെ കാറില്‍ നിന്നിറങ്ങിയ നാലോളം പേര്‍ വെട്ടുകയുമായിരുന്നു. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നായിരുന്നു എസ്.ഡി.പി.ഐയുടെ ആരോപണം.

ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വെട്ടിക്കൊല്ലുകയായിരുന്നു.

ടീപോയി അടക്കമുള്ള സാധനങ്ങള്‍ തല്ലപൊട്ടിക്കുന്ന ശബ്ദം കേട്ട് ഹാളിലേക്കെത്തിയ രഞ്ജിത്തിന്റെ ഭാര്യയുടേയും അമ്മയുടേയും മകളുടേയും മുന്നിലിട്ടാണ് വെട്ടിയത്.

വെട്ടേറ്റ രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Alappuzha political assassinations; More people are likely to be arrested today