| Tuesday, 21st December 2021, 7:57 am

ആലപ്പുഴ ഇരട്ടകൊലപാതകം; സര്‍വകക്ഷി യോഗം വൈകീട്ട് നാലിന്, നിരോധാനാജ്ഞ ഇന്നും തുടരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിപ്പാട്: ആലപ്പുഴ ഇരട്ടകൊലപാതക കേസില്‍ കളക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. മന്ത്രിമാരായ സജി ചെറിയാനും, പി. പ്രസാദും പങ്കെടുക്കുന്ന യോഗത്തില്‍ ബി.ജെ.പി ജില്ല നേതാക്കളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ നിരോധാനാജ്ഞ നാളെ രാവിലെ വരെ നീട്ടിയിട്ടുണ്ട്.

കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

കൊലപാതകങ്ങളില്‍ ഉന്നതരുടെ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എസ്.ഡി.പി.ഐയിലെയും ഒ.ബി.സി മോര്‍ച്ചയിലെയും ജില്ല നേതാക്കള്‍ അന്വേഷണ പരിധിയിലുണ്ടെന്നാണ് പൊലീസില്‍ നിന്നുള്ള സൂചന.

അതേസമയം, ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിന്റെ കൊലപാതകത്തില്‍ ആലപ്പുഴ നഗരത്തിലെ എസ്.ഡി.പി.ഐ 10 പ്രവർത്തകരെ  കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  രണ്ട് ബൈക്കുകളും കണ്ടെത്തിയിട്ടുണ്ട്.

എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാന്റെ കൊലപാതകത്തില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ രതീഷ്, പ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകരാണ് പിടിയിലായവരെന്ന് ആലപ്പുഴ എസ്.പി പറഞ്ഞു. ഗൂഢാലോചനയിലും ആസൂത്രണത്തിലുമടക്കം പങ്കെടുത്തവരാണ് പിടിയിലായതെന്ന് എസ്.പി പറഞ്ഞു.

ഇവരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഷാന്റെ കൊലപാതകത്തില്‍ ഇനി എട്ട് പേരെയാണ് പിടികൂടാനുള്ളത്.

കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. കഴിഞ്ഞദിവസം കസ്റ്റഡിയിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാനിനെ കൊലപ്പെടുത്താനെത്തിയ സംഘത്തിന് വാഹനം നല്‍കുക മാത്രമാണ് ചെയ്തതെന്ന് അറസ്റ്റിലായ രണ്ടുപേര്‍ മൊഴി നല്‍കിയിരുന്നു. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാപകമായി പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആലപ്പുഴയില്‍ ബി.ജെ.പിയുടെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും മണിക്കൂറുകളുടെ ഇടവേളയിലാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രിയാണ് എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തുന്നത്. വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാന്റെ പിന്നില്‍ കാര്‍ ഇടിപ്പിക്കുകയും റോഡില്‍ വീണ ഇദ്ദേഹത്തെ കാറില്‍ നിന്നിറങ്ങിയ നാലോളം പേര്‍ വെട്ടുകയുമായിരുന്നു. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നായിരുന്നു എസ്.ഡി.പി.ഐയുടെ ആരോപണം.

ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Alappuzha murder the ban will continue today

We use cookies to give you the best possible experience. Learn more