|

കോമഡിയുണ്ട്, അടിയുണ്ട്, ഇടിയുണ്ട്; നല്ല കിടിലൻ പഞ്ചുള്ള ആലപ്പുഴ ജിംഖാന

ശരണ്യ ശശിധരൻ

പതിവുകാഴ്ചകളായ ആലപ്പുഴയുടെ ‘അമിത’ പച്ചപ്പോ നായകൻ്റെ വിജയമോ കാണിക്കാത്ത ഒരു പക്കാ റിയലിസ്റ്റിക്ക് ആലപ്പുഴ ചിത്രം. ആലപ്പുഴയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ അഭിനയ ജിംഖാന അതാണ് ഖാലിദ് റഹ്മാൻ്റെ ആലപ്പുഴ ജിംഖാന. സ്പോർട്സുണ്ട്, കോമഡിയുണ്ട്, അടിയുണ്ട്, ഇടിയുണ്ട് നല്ല കിടിലൻ പഞ്ചുമുണ്ട്.

ഇത്തവണയും ഖാലിദ് യൂത്തിനെ ലക്ഷ്യം വെച്ചാണ് സിനിമ എടുത്തിരിക്കുന്നത്. അത് കൃത്യമായി വർക്ക് ഔട്ട് ആകുകയും ചെയ്തു എന്ന് വേണം പറയാൻ. ഒരു വലിയ കഥാതന്ദു ഈ സിനിമയിൽ ഇല്ലെങ്കിലും പ്രേക്ഷകനെ രസിപ്പിക്കാൻ, ചിരിപ്പിക്കാൻ, ആവേശത്തിലാക്കാൻ വേണ്ടത് ഖാലിദ് ഈ ചിത്രത്തിൽ ചെയ്തുവച്ചിട്ടുണ്ട്.

പ്ലസ് ടു തോറ്റ ഒരു കൂട്ടം ചെറുപ്പക്കാർ ഗ്രേസ് മാർക്ക് വാങ്ങിക്കുന്നതിന് വേണ്ടി ബോക്സിങ് പഠിക്കാൻ പോകുന്നതാണ് കഥ. ബോക്സിങ് പഠിക്കാൻ അവർ തെരഞ്ഞെടുക്കുന്ന സ്ഥലം ആലപ്പുഴ ജിംഖാനയാണ്. ആദ്യം കോട്ടയം നസീറിൻ്റെ കീഴിലും പിന്നീട് ദേശീയതലത്തിൽ ബോക്സിങ് ചാമ്പ്യനായ ആന്റണി ജോഷ്വയുടെ കീഴിലും ബോക്ലിങ് പഠിക്കുന്നു.

എന്നാൽ ഗ്രേസ് മാർക്ക് നേടാനായി മാത്രം ബോക്സിങ് പഠിക്കാൻ പോയ ആവേശമായിരുന്നില്ല പിന്നീടങ്ങോട്ട്. ജില്ലാ തലത്തിൽ മത്സരിച്ച് ജയിക്കുകയും പിന്നീട് സ്റ്റേറ്റ് തലത്തിൽ എത്തുമ്പോഴുള്ള മത്സരവുമാണ് കഥ. പിന്നീടങ്ങോട്ട് എന്താകുമെന്നുള്ളത് ചിത്രം പറയട്ടേ…

ആദ്യപകുതി വലിയ അനക്കമൊന്നുമില്ലെങ്കിലും ചിരിപ്പിച്ചും ത്രസിപ്പിച്ചും മുന്നോട്ട് പോകുന്ന ചിത്രം രണ്ടാം പകുതിയിൽ പ്രേക്ഷകരെ ആവേശത്തിലാക്കുന്നുണ്ട്. നായകനെ ആദ്യം തോൽപ്പിക്കുകയും പിന്നീട് ജയിപ്പിക്കുകയും ചെയ്യുന്ന പതിവ് ക്ലീഷേ ചിത്രത്തിൽ കാണിക്കുന്നില്ല. ബോക്സിങ് ആക്ഷൻസൊക്കെ അതേ പഞ്ചോടെ തന്നെ കാണിക്കുന്നുണ്ട് ചിത്രത്തിൽ. അതിൻ്റെ ഫീൽ അതുപോലെ പ്രേക്ഷകർക്ക് ലഭിക്കാൻ മറ്റൊരു കാരണം ജിംഷി ഖാലിദിൻ്റെ ക്യാമറ തന്നെയാണ്.

ജോജോ എന്ന കഥാപാത്രത്തിനെ വളരെ തന്മയത്തോടെ നല്ല ഫീലോട് കൂടി അവതരിപ്പിക്കാൻ നസ് ലെന് കഴിഞ്ഞു. അൽപം പഞ്ചാരയുള്ള കോഴികഥാപാത്രത്തെയാണ് നസ്‌ലെന്‍ അവതരിപ്പിച്ചത്. ചില സ്ഥലത്തെ ഭാഗങ്ങളൊക്കെ നൈസായി ചെയ്യാൻ നസ്‌ലെന്‍ കഴിഞ്ഞിട്ടുണ്ട്.

ലുക്മാൻ അവസരിപ്പിച്ച ആന്റണി ജോഷ്വ ചൂടനാണെങ്കിലും താനൊരു ബോക്സറാണെന്നുള്ള തിരിച്ചറിവ് എപ്പോഴുമുണ്ട്. ദേശീയ ചാമ്പ്യൻഷിപ്പിന് ഒരുങ്ങുന്ന ആന്റണി ജോഷ്വ എന്ന വേഷത്തെ നല്ല വൃത്തിയായി തന്നെ ലുക്മാൻ ചെയ്തിട്ടുണ്ട്. എന്നാലും കുറച്ചുകൂടി ഡയലോഗുകൾ ലുക്മാന് കൊടുക്കാമായിരുന്നു എന്ന് തോന്നി.

ഗണപതി അവതരിപ്പിച്ച ദീപക് പണിക്കർ, സന്ദീപിൻ്റെ ഷിവാസ് അഹമ്മദ്, ശിവ ഹരിഹരൻ്റെ ഷാനവാസ്, ബേബി ജീനിൻ്റെ ഡേവിഡ് ജോൺ, അനഘ രവിയുടെ കഥാപാത്രം എന്നിവരടക്കം ചിത്രത്തിൽ വന്നവരൊക്കെ നല്ല പ്രകടനം കാഴ്ച വച്ചു. എടുത്ത് പറയേണ്ടത് എല്ലാവരുടെയും മേക്ക് ഓവറാണ്.

ചിത്രത്തിൽ പറയുന്ന കാര്യങ്ങളിൽ ചില ലോജിക് പ്രശ്നങ്ങളും, ചില ഭാഗങ്ങളൊക്കെ ചിത്രത്തിൽ ആവശ്യമായിരുന്നോ എന്നതും ചിത്രത്തിൻ്റെ പോരായ്മയായി തോന്നി. ചില തമാശകൾ വർക്ക് ഔട്ടാകാതെയും തോന്നിപ്പിച്ചു. ഇത് മാറ്റിനിർത്തിയാൽ യൂത്തിനും ഫാമിലിക്കും ഒരുപോലെ കാണാൻ സാധിക്കുന്ന തരത്തിലുള്ള ഒരു പഞ്ചാരപഞ്ച് ചിത്രമാണ് ആലപ്പുഴ ജിംഖാന.

ജിംഷി ഖാലിദിൻ്റെ ഛായാഗ്രഹണം ഒരു രക്ഷയുമില്ലെന്ന് പറയാതിരിക്കാൻ വയ്യ. വിഷ്ണു വിജയ് ചെയ്ത മ്യൂസിക് ചിത്രത്തിന് നല്ല കിടിലൻ പഞ്ച് നൽകി. മുഹ്സിൻ പരാരിയാണ് ഗാനരചന നിർവഹിച്ചത്.

അടുത്തിടെ മരണപ്പെട്ട നിഷാദ് യൂസഫ് ആണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. വെട്ടേണ്ട സ്ഥലത്ത് കൃത്യമായി വെട്ടി, യോജിപ്പിക്കേണ്ട സ്ഥലത്ത് അതുപോലെ തന്നെ യോജിപ്പിച്ചിട്ടുണ്ട് നിഷാദ്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഖാലിദ് റഹ്മാൻ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ എഴുതിയത്. രതീഷ് രവിയാണ് സംഭാഷണം. തിയേറ്ററിൽ നിന്ന് തന്നെ കണ്ട് ആസ്വദിക്കേണ്ട സിനിമയാണ് ആലപ്പുഴ ജിംഖാന.

Content Highlight: Alappuzha Gymkhana Movie Review

ശരണ്യ ശശിധരൻ

ഡൂൾന്യൂസിൽ സബ് എഡിറ്റർ, മധുരൈ കാമരാജ് സർവകലാശാലയിൽ നിന്നും ബിരുദം

Latest Stories