| Thursday, 23rd December 2021, 12:10 pm

ആലപ്പുഴ ഇരട്ടക്കൊലപാതകം; പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് എ.ഡി.ജി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ഇരട്ടക്കൊലപാതകക്കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണ സംഘം പ്രതികളുടെ പിന്നാലെ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി.സി.ടി.വി ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടത്തുന്നത്. രണ്ട് സംഘങ്ങളുടേയും ഒളിസങ്കേതങ്ങള്‍ ട്രേസ് ചെയ്ത് റെയ്ഡ് നടത്തുന്നുണ്ട്.

ഗൂഢാലോചന സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരം പുറത്തുവിടാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത അഖിലാണ് എസ്.ഡി.പി.ഐ നേതാവ് ഷാനിന്റെ കൊലപാതകത്തിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതെന്നും ഒരു ആംബുലന്‍സ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ആലപ്പുഴയില്‍ ബി.ജെ.പിയുടെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും മണിക്കൂറുകളുടെ ഇടവേളയിലാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രിയാണ് എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തുന്നത്. വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാന്റെ പിന്നില്‍ കാര്‍ ഇടിപ്പിക്കുകയും റോഡില്‍ വീണ ഇദ്ദേഹത്തെ കാറില്‍ നിന്നിറങ്ങിയ നാലോളം പേര്‍ വെട്ടുകയുമായിരുന്നു. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നായിരുന്നു എസ്.ഡി.പി.ഐയുടെ ആരോപണം.

ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് ഞായറാഴ്ച പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.

കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പൊലീസിനെതിരെ ബി.ജെ.പിയും എസ്.ഡി.പി.ഐയും രംഗത്തെത്തിയിരുന്നു. പൊലീസ് വന്ദേമാതരവും ജയ് ശ്രീറാമും വിളിപ്പിക്കുന്നുവെന്നാണ് എസ്.ഡി.പി.ഐ ആരോപിച്ചത്.

കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയില്‍ വെക്കുകയും ക്രൂരമര്‍ദനത്തിന് ഇരയാക്കുകയും ചെയ്യുന്നുണ്ടെന്നും ഇരുവിഭാഗവും പറഞ്ഞു.

രണ്ടു കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് മന്ത്രിമാരായ സജി ചെറിയാനും പി. പ്രസാദും യോഗത്തിന് ശേഷം പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Alappuzha double murder SDPI BJP accused out of state

We use cookies to give you the best possible experience. Learn more