മലയാളി പെണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തിന് സഹായം വാഗ്ദാനം ചെയ്ത് തെന്നിന്ത്യന് സൂപ്പര്‍താരം അല്ലു അര്‍ജുന്‍. പിതാവ് മരിച്ച ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടിയുടെ നഴ്‌സിങ് പഠനത്തിന്റെ നാല് വര്‍ഷത്തേക്കുള്ള മുഴുവന്‍ ചിലവുകളുമാണ് അല്ലു അര്‍ജുന്‍ ഏറ്റെടുത്തത്. കുട്ടിയുടെ ഹോസ്റ്റല്‍ ഫീ അടക്കമുള്ള എല്ലാ ചിലവുകളും താരം തന്നെ വഹിക്കും.
ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിവരം പങ്കുവെച്ചത്.
പ്ലസ് ടുവിന് ശേഷം തുടര്‍പഠനത്തിന് വഴിയടഞ്ഞതോടെ പെണ്‍കുട്ടി തന്നെ കാണാന്‍ വന്നിരുന്നുവെന്നും ‘വീ ആര്‍ ഫോര്‍ ആലപ്പി’ പദ്ധതിയുടെ ഭാഗമായി ഇവര്‍ക്കാവശ്യമായ സഹായം നല്‍കാന്‍ തീരുമാനിച്ചുവെന്നും കളക്ടര്‍ പറയുന്നു.
നഴ്‌സ് ആകാനാണ് ആഗ്രഹമെന്ന് പെണ്‍കുട്ടി പറഞ്ഞു. നാല് വര്‍ഷത്തെ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു സ്പോണ്‍സര്‍ വേണമായിരുന്നു. അതിനായി എല്ലാവരുടേയും പ്രിയങ്കരനായ ചലച്ചിത്ര താരം ശ്രീ. അല്ലു അര്‍ജുനെ വിളിക്കുകയും കേട്ടപാടെ തന്നെ ഒരു വര്‍ഷത്തെയല്ല, മറിച്ച് നാല് വര്‍ഷത്തേക്ക് ഹോസ്റ്റല്‍ ഫീ അടക്കമുള്ള മുഴുവന്‍ പഠനചിലവും അദ്ദേഹം ഏറ്റെടുക്കുകയുമായിരുന്നു, കളക്ടര്‍ പേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ആലപ്പുഴ സ്വദേശിനിയായ ഒരു മോള്‍ എന്നെ കാണാനായി എത്തിയത്. പ്ലസ്ടു 92 ശതമാനം മാര്‍ക്കോടെ വിജയിച്ചിട്ടും തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാത്തതിലുള്ള സങ്കടവുമായാണ് എത്തിയത്. ഈ കുട്ടിയുടെ പിതാവ് 2021ല്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നോട്ടുള്ള ജീവിതത്തില്‍ ബുദ്ധിമുട്ടുകളുണ്ടായത്.
ഈ മോളുടെ കണ്ണുകളില്‍ പ്രതീക്ഷയും ആത്മവിശ്വാസവും എനിക്ക് കാണാനായി. അതിനാല്‍ ‘വീ ആര്‍ ഫോര്‍ ആലപ്പി’ പദ്ധതിയുടെ ഭാഗമായി ഈ കുട്ടിക്കാവശ്യമായ സഹായം ഉറപ്പാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
നഴ്സ് ആകാനാണ് ആഗ്രഹമെന്നാണ് മോള്‍ എന്നോട് പറഞ്ഞത്. മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ടിയിരുന്ന സമയം കഴിഞ്ഞതിനാല്‍ മാനേജ്മെന്റ് സീറ്റിലെങ്കിലും ഈ മോള്‍ക്ക് തുടര്‍പഠനം ഉറപ്പാക്കണം. അതിനായി വിവിധ കോളേജുകളുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് കറ്റാനം സെന്റ് തോമസ് നഴ്‌സിങ് കോളേജില്‍ സീറ്റ് ലഭിച്ചു.
നാല് വര്‍ഷത്തെ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഒരു സ്പോണ്‍സര്‍ വേണമെന്നതായിരുന്നു രണ്ടാമത്തെ കടമ്പ. അതിനായി നമ്മുടെ എല്ലാവരുടേയും പ്രിയങ്കരനായ ചലച്ചിത്ര താരം ശ്രീ. അല്ലു അര്‍ജുനെ വിളിക്കുകയും കേട്ടപാടെ തന്നെ ഒരു വര്‍ഷത്തെയല്ല, മറിച്ച് നാല് വര്‍ഷത്തേക്ക് ഹോസ്റ്റല്‍ ഫീ അടക്കമുള്ള മുഴുവന്‍ പഠനചിലവും അദ്ദേഹം ഏറ്റെടുക്കുകയുമായിരുന്നു.
ഞാന്‍ തന്നെ കഴിഞ്ഞദിവസം കോളേജില്‍ പോയി ഈ മോളെ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് ഉറപ്പാണ്, ഈ മോള്‍ നന്നായി പഠിച്ച് ഭാവിയില്‍ ഉമ്മയെയും അനിയനെയും നോക്കുകയും സമൂഹത്തിന് ഉപകരിക്കുന്ന നഴ്‌സായി മാറുകയും ചെയ്യും.
ഈ കുട്ടിക്ക് പഠിക്കാനാവശ്യമായ സഹായം ഒരുക്കിനല്‍കിയ സെന്റ് തോമസ് കോളേജ് അധികൃതര്‍, പഠനത്തിനായി മുഴുവന്‍ തുകയും നല്‍കി സഹായിക്കുന്ന ശ്രീ. അല്ലു അര്‍ജുന്‍ വീആര്‍ ഫോര്‍ ആലപ്പി പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കി കൂടെനില്‍ക്കുന്ന നിങ്ങള്‍ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി,” കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Content Highlight: alappuzha district collector krishna theja facebook post says actor allu arjun gave financial help to malayali student