ആലപ്പുഴ: കനത്ത മഴയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചു. പുതുതായി ചുമതലയേറ്റ വി.ആര്‍. കൃഷ്ണ തേജ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ കുട്ടികള്‍ക്കായി ഇറക്കിയ ആദ്യ ഉത്തരവ് തന്നെ വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കഴിഞ്ഞ ദിവസത്തെ ഉത്തരവിന്റെ മോഡലില്‍ തന്നെയാണ് പുതിയ ഉത്തരവും കളക്ടര്‍ കൃഷ്ണ തേജ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
‘പ്രിയപ്പെട്ട കുട്ടികളെ, നാളെയും അവധിയാണ് കേട്ടോ…..എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ…’, ‘മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാര്‍ ജോലിക്ക് പോകുമ്പോള്‍ അവരുടെ ബാഗില്‍ കുട, മഴക്കോട്ട് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ… പോകുന്നതിന് മുന്‍പ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം’ എന്നിങ്ങനെയാണ് ‘കളക്ടര്‍ മാമന്റെ’ നിര്‍ദേശങ്ങള്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട കുട്ടികളെ,
നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ…
മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാര്‍ ജോലിക്ക് പോകുമ്പോള്‍ അവരുടെ ബാഗില്‍ കുട, മഴക്കോട്ട് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ… പോകുന്നതിന് മുന്‍പ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം.
ഞങ്ങള്‍ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്‌നേഹത്തോടെ പറയണം. നല്ല ശീലങ്ങള്‍ പാലിക്കണം. മിടുക്കരാകണം.
ഒരുപാട് സ്നേഹത്തോടെ
നിങ്ങളുടെ പ്രിയപ്പെട്ട
കളക്ടര്‍ മാമന്‍
Content Highlight: Alappuzha district collector krishna teja’s facebook post about declaring holiday