കൊവിഡ് ബാധിച്ച് മരിക്കുന്നവരെ പള്ളി സെമിത്തേരിയില്‍ ദഹിപ്പിക്കാമെന്ന് ആലപ്പുഴ രൂപത; മൃതദേഹ ഭസ്മം സെമിത്തേരിയില്‍ സംസ്‌ക്കരിക്കും
COVID-19
കൊവിഡ് ബാധിച്ച് മരിക്കുന്നവരെ പള്ളി സെമിത്തേരിയില്‍ ദഹിപ്പിക്കാമെന്ന് ആലപ്പുഴ രൂപത; മൃതദേഹ ഭസ്മം സെമിത്തേരിയില്‍ സംസ്‌ക്കരിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th July 2020, 3:38 pm

ആലപ്പുഴ : കൊവിഡ് ബാധിച്ച് മരിക്കുന്ന വ്യക്തികളുടെ മൃതദേഹം പള്ളി സെമിത്തേരിയില്‍ ദഹിപ്പിക്കാമെന്ന് ആലപ്പുഴ ലത്തീന്‍ രൂപത. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യാന്‍ അനുവദിക്കും.

ബിഷപ്പ് ജെയിംസ് ആനാപ്പറമ്പിലാണ് ഇതുസംബന്ധിച്ച് തീരുമാനം വിശ്വാസികളെ അറിയിച്ചത്. മൃതദേഹ ഭസ്മം സഭാചട്ടങ്ങളോടെ സെമിത്തേരിയില്‍ സംസ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ വെള്ളക്കെട്ട് മൂലം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം സംസ്‌ക്കരിക്കുന്നതിന് വെല്ലുവിളികള്‍ നേരിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് രൂപതയിലെ വൈദികരുമായി ചര്‍ച്ച നടത്തി ബിഷപ്പ് തീരുമാനം എടുത്തത്.

മൃതദേഹം ദഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സെമിത്തേരിയില്‍ പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തുമെന്നും ബിഷപ്പ് പറഞ്ഞു. സംസ്‌കാരത്തിന്റെ മേല്‍നോട്ടത്തിനായി രൂപതയിലെ രണ്ട് വൈദികരെ നിയോഗിച്ചിട്ടുണ്ട്. പുതിയ ധാരണ പ്രകാരം ഇന്ന് രണ്ടുപേരെ സംസ്‌കരിക്കാനാണ് തീരുമാനം.

രൂപതയുടെ തീരുമാനം മാതൃകാപരമാണെന്ന് ആലപ്പുഴ ജില്ലാ ഭരണകൂടം പറഞ്ഞു. സമൂഹത്തില്‍ വളരെ മാറ്റമുണ്ടാക്കുന്ന തീരുമാനമാണ് രൂപതയുടേതെന്ന് കളക്ടര്‍ എ അലക്സാണ്ടര്‍ പറഞ്ഞു.

കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായി പാലിച്ചായിരിക്കും സംസ്‌കാരം നടത്തുക അതേസമയം മതപരമായ രീതി പിന്തുടര്‍ന്നു തന്നെയാകും സംസ്‌കാരം നടത്തുകയെന്നും കളക്ടര്‍ വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ