ആലപ്പുഴ: കല്ലടിക്കോട് കാഞ്ഞിരപ്പുഴ കനാലില്‍ സ്‌കൂട്ടറപകടത്തില്‍ മരിച്ച ജോസ് കൊല്ലപ്പെട്ടതാണെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ജോസിന്റെ പെങ്ങളുടെ മകന്‍ ബിജോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം പതിനൊന്നിനായിരുന്നു കല്ലടിക്കോട്ടില്‍ ജോസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കല്ലടിക്കോട്ടിലെ പറക്കലടിഭാഗം കനാലോരത്ത് സ്‌കൂട്ടറപകടത്തില്‍ ജോസ് വീണുകിടക്കുന്നതായാണ് പൊലീസിന് വിവരം ലഭിക്കുന്നത്. എന്നാല്‍ പൊലീസ് സ്ഥലത്തെത്തും മുമ്പേ ജോസിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതുമൂലമുണ്ടായ അപകടമാണിതെന്നാണ് പൊലീസിന് ലഭിച്ച വിവരം. തുടര്‍ന്ന് സ്ഥലത്തെത്തി പൊലീസ് പരിശോധന നടത്തി മടങ്ങുകയായിരുന്നു.
എന്നാല്‍ പിറ്റേദിവസം ജോസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പ്രദേശവാസികള്‍ രംഗത്തെത്തുകയായിരുന്നു. ജോസും ബിജോയിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
ബിജോയ് കനാല്‍ റൂട്ടിലൂടെ യാത്രചെയ്ത് അരമണിക്കൂര്‍കഴിഞ്ഞാണ് ജോസ് അതേസ്ഥലത്ത് വീണുകിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നത്. സംഭവദിവസം ബിജോയിയും കൂടെയുണ്ടായിരുന്ന ബേബിയും സഞ്ചരിച്ചിരുന്ന ഓട്ടോയുടെ മുന്നില്‍ ജോസ് സ്‌കൂട്ടര്‍ നിര്‍ത്തി ബിജോയിയോട് താന്‍ നല്‍കിയ പണം ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്നു നടന്ന വാക്കു തര്‍ക്കത്തിനിടെ അടിയേറ്റ ജോസ് താഴെവീഴുകയായിരുന്നു. വീഴ്ചയില്‍ കരിങ്കല്ലിലിടിച്ച് ജോസിന്റെ തലയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് കനാല്‍വെള്ളത്തില്‍വീണ ജോസിനെ സംഘം പൊന്തക്കാട്ടിലേക്ക് മാറ്റിയിടുകയായിരുന്നു.
പിന്നീട് ബിജോയ്, ജോസിന്റെ സ്‌കൂട്ടര്‍ കനാലിലേക്ക് മറിച്ചിട്ട് വീട്ടിലേക്ക് പോവുകയും ചെയ്തു. പിന്നീട് ബിജോയ് തന്നെയാണ് ജോസ് വീണുകിടക്കുന്നതായുള്ള വിവരം പൊലീസില്‍ അറിയിക്കുന്നത്. സംഭവസ്ഥലത്തെത്തിച്ച പ്രതിയെ തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കി.