കോഴിക്കോട്: പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ മന്ത്രി എം.എം മണി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ നടന്‍ അലന്‍സിയറുടെ ഒറ്റയാന്‍ പ്രതിഷേധം.
കളക്ടീവ് ഫേസിന്റെ ബാനറില്‍ ബി. അജിത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ സാരിയും കറുത്ത കണ്ണടയും ധരിച്ചായിരുന്നു അലയന്‍സിയര്‍ പ്രതിഷേധ നാടകം അവതരിപ്പിച്ചത്.
“അയ്യോ വയ്യേ അയ്യോ വയ്യേ… സാരിയുടുത്ത് സാരിയുടുത്ത് വയ്യാണ്ടായേ… അയ്യോ വയ്യേ അയ്യോ വയ്യേ… ചോറുവിളമ്പി ചോറു വിളമ്പി വയ്യാണ്ടായേ… അയ്യോ വയ്യേ അയ്യോ വയ്യേ…മീശ വടിച്ചിട്ടും മീശ വെച്ചിട്ടും ഞാനാണാവുന്നില്ലേ… അയ്യോ വയ്യേ അയ്യോ വയ്യേ… മണിയണ്ണന്‍ ചിരിപ്പിച്ച് വയ്യാണ്ടായേ…” എന്നുപാടിക്കൊണ്ടായിരുന്നു പ്രതിഷേധം. പ്രതിഷേധപ്പാട്ടിനൊപ്പം സദ്യവിളമ്പലും നടത്തി.
ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ ഉച്ചഭക്ഷണസമയത്ത് പെട്ടെന്ന് പെണ്‍വേഷം കെട്ടി കൂടിനില്‍ക്കുന്നവര്‍ക്കിടയില്‍ അലന്‍സിയര്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ആ വേഷത്തില്‍ ഒപ്പമുള്ളവര്‍ക്കായി ചോറും കറിയും വിളമ്പി. ഉച്ചത്തില്‍ പാട്ടുപാടുകയും ചെയ്തു.
തന്റെ അമ്മയുള്‍പ്പെടെയുള്ള അമ്മമാര്‍ക്കുളള ഐക്യദാര്‍ഢ്യമാണ് ഇതിലൂടെ ചെയ്യുന്നതെന്നും ചില ഭരണാധികാരികള്‍ നമ്മെ ബോംബിട്ട് കൊല്ലുമ്പോള്‍ ചില “ചില മണിയന്മാര്‍ നമ്മെ ചിരിപ്പിച്ചാണ് കൊല്ലുന്നതെന്നും” അദ്ദേഹം പറഞ്ഞു.
മണിയുടെ വാക്കുകളെ ഒരു തമാശയായി തള്ളിക്കളയാനാവില്ല. കമ്മ്യൂണിസ്റ്റുകാരന്‍ തമാശ പറഞ്ഞിരുന്നാല്‍ അപ്പുറത്ത് വളരുക സംഘപരിവാര്‍ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊമ്പിളൈ ഒരുമൈ സമരം നടന്ന വേളയില്‍ മൂന്നാറില്‍ കുടിയും സകല വൃത്തികേടും നടന്നിരുന്നെന്നായിരുന്നു മണിയുടെ പരാമര്‍ശം. പൊമ്പിളൈ ഒരുമൈയെ അധിക്ഷേപിക്കുന്നതാണ് ഈ പരാമര്‍ശമെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അലയന്‍സിയര്‍ പ്രതിഷേധവുമായെത്തിയത്.
നേരത്തെ കമലിനെതിരായ സംഘപരിവാര്‍ ആക്രമണം രൂക്ഷമായപ്പോള്‍ അലന്‍സിയര്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം വലിയ ശ്രദ്ധനേടിയിരുന്നു. കമലിനോട് പാകിസ്ഥാനിലേക്ക് പോകണമെന്നാവശ്യപ്പെട്ട ബി.ജെ.പി നേതാക്കളുടെ ഭീഷണിക്കെതിരെയായിരുന്നു അലന്‍സിയറുടെ പ്രതിഷേധം.
ബാബറി മസ്ജിദ് തകര്‍ത്ത വേളയില്‍ സെക്രട്ടറിയേറ്റിന് ചുറ്റും ഓടിയും അലയന്‍സിയര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
നടി മഞ്ജുവാര്യരും മണിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി ഫേസ്ബുക്കിലൂടെ രംഗത്തുവന്നിരുന്നു. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരായ മണിയുടെ പ്രസ്താവനയില്‍ നിന്നു വമിക്കുന്ന ദുര്‍ഗന്ധം നാടിനെ മുഴുവനുമാണ് നാണം കെടുത്തുന്നതെന്നായിരുന്നു മഞ്ജുവിന്റെ പരാമര്‍ശം.