| Monday, 7th August 2023, 11:57 pm

ഞാൻ കിടന്നുകൊണ്ടാണ് അവാർഡ് വാങ്ങിയത് പുള്ളി നടന്നുകൊണ്ടും: അലൻസിയർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ മമ്മൂട്ടിയുടെ ഒപ്പം തന്നെ തനിക്കും പ്രത്യേക ജൂറി പരാമർശം ലഭിച്ചത് വലിയ കാര്യമാണെന്ന് നടന്‍ അലന്‍സിയര്‍. താൻ കിടന്ന് അവാർഡ് വാങ്ങിയപ്പോൾ (കിടപ്പിലായ രോഗിയായി) അദ്ദേഹം നടന്ന് അവാർഡ് വാങ്ങിയെന്നും മമ്മൂട്ടിയോടോപ്പം വേദി പങ്കിടാൻ പറ്റുന്നത് വലിയ ഭാഗ്യമാണെന്നും അലൻസിയർ പറഞ്ഞു. കൗമുദി മൂവീസിന്‌ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂട്ടിക്ക് അവാർഡ് കിട്ടിയ ഒപ്പം തന്നെ എനിക്കും അവാർഡ് കിട്ടിയത് വലിയൊരു കാര്യം തന്നെയാണ്, അത് വലിയൊരു അംഗീകാരമാണ്. അദ്ദേഹത്തെ പോലെ വലിയൊരു കലാകാരന്റെ കൂടെ വേദി പങ്കിടുക എന്ന് പറയുന്നത് ഭാഗ്യമാണ്. ഞാൻ കിടന്നുകൊണ്ടും പുള്ളി നടന്നുകൊണ്ടുമാണ് അവാർഡ് വാങ്ങിയത് (ചിരിക്കുന്നു),’ അലൻസിയർ പറഞ്ഞു.

അഭിമുഖത്തിൽ അദ്ദേഹം തന്റെ നാടക ഗുരുക്കന്മാരെപ്പറ്റിയും സംസാരിച്ചു. അഭിനയത്തിൽ താൻ തയ്യാറെടുപ്പുകൾ നടത്താറില്ലെന്നും തന്റെ നാടക ഗുരുക്കന്മാർ പഠിപ്പിച്ചതൊക്കെ തന്റെ അഭിനയത്തിൽ കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ ഒരു കഥാപത്രത്തിനായും തയ്യാറെടുപ്പുകൾ എടുക്കാറില്ല. എന്റെ അഭിനയം നാടക ഗുരുക്കന്മാർക്കുള്ള സമർപ്പണമാണ്. എന്റെ ഗുരുക്കന്മാരാണ് എന്നെ അഭിനയം എന്താണെന്ന് പഠിപ്പിച്ചത്. അവർ പഠിപ്പിച്ച ശീലങ്ങൾ ഞാൻ പാലിക്കാറുണ്ട്,’ അലൻസിയർ പറഞ്ഞു.

അപ്പന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പ്രത്യേക ജൂറി പരാമര്‍ശം അലന്‍സിയറിന് ലഭിച്ചത്. 25000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനമായി ലഭിക്കുക.

ശരീരം തളര്‍ന്ന് കിടക്കുമ്പോഴും വെറുപ്പും വിദ്വേഷവും ചുറ്റുവട്ടത്തേക്ക് പരത്തിക്കൊണ്ട് അണയാത്ത ആസ്‌ക്തികളുടെ ശമനത്തിനായി ജീവിതത്തിലേക്ക് ആര്‍ത്തിയോടെ മടങ്ങിവരാന്‍ വെമ്പുന്ന ആണഹന്തയുടെ കരുത്തുറ്റ ആവിഷ്‌കാരത്തിനാണ് അലന്‍സിയറിന് പ്രത്യേക പരാമര്‍ശം ലഭിച്ചതെന്നാണ് ജൂറി പറഞ്ഞത്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്നും ലഭിക്കുന്ന സമ്മാനത്തുക ഇ.കെ. നായനാര്‍ ട്രസ്റ്റിന് നല്‍കാന്‍ അലന്‍സിയര്‍ തീരുമാനിച്ചിരുന്നു. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരി പ്രസാദാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. മേനംകുളത്ത് നടന്ന ട്രസ്റ്റിന്റെ ചികിത്സാ സഹായ വിതരണ വേദിയില്‍ വെച്ചാണ് പ്രഖ്യാപനം നടന്നത്.

Content Highlights: Alancier on State Award and Mammootty

We use cookies to give you the best possible experience. Learn more