സത്യം വിളിച്ച് പറഞ്ഞതിന്, പ്രതിഷേധം അറിയിച്ചതിന് എന്നെ കോമാളിയായി ചിത്രീകരിച്ചാലും കുഴപ്പമില്ല. ഇവിടെ ആരുടെയും കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെടരുത്, ഒരു ഗര്‍ഭപാത്രത്തിലും ശൂലം കയറരുത്. അനീതികള്‍ക്കെതിരെ നിശബ്ദനായിരിക്കാനല്ല ഈ കലാലയം തന്നെ പഠിപ്പിച്ചത്.
തിരുവനന്തപുരം: അനീതികള്‍ക്കെതിരെ നിശബ്ദനായിരിക്കാന്‍ തനിക്കുകഴിയില്ലെന്ന് ചലച്ചിത്ര താരം അലന്‍സിയര്‍ ലോപ്പസ്. പ്രതിഷേധങ്ങളുടെ പേരില്‍ തന്നെ കോമാളിയായി ചിത്രീകരിച്ചാലും താന്‍ നിശബ്ദനാവില്ലെന്നും താരം യൂണിവേഴ്‌സിറ്റി കോളേജ് കാമ്പസ് ഉദ്ഘാടനം ചെയ്യവേ പറഞ്ഞു.
“സത്യം വിളിച്ച് പറഞ്ഞതിന്, പ്രതിഷേധം അറിയിച്ചതിന് എന്നെ കോമാളിയായി ചിത്രീകരിച്ചാലും കുഴപ്പമില്ല. ഇവിടെ ആരുടെയും കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെടരുത്, ഒരു ഗര്‍ഭപാത്രത്തിലും ശൂലം കയറരുത്. അനീതികള്‍ക്കെതിരെ നിശബ്ദനായിരിക്കാനല്ല ഈ കലാലയം തന്നെ പഠിപ്പിച്ചത്” യൂണിവേഴ്സിറ്റി കോളേജ് പൂര്‍വവിദ്യാര്‍ത്ഥി കൂടിയായ അലന്‍സിയര്‍ പറഞ്ഞു.
കഴിഞ്ഞദിവസം കേരളത്തിലെ സി.പി.ഐ.എം പ്രവവര്‍ത്തകരുടെ കണ്ണുചൂഴ്‌ന്നെടുക്കുമെന്ന ബി.ജെ.പി ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയ്‌ക്കെതിരെ അലന്‍സിയര്‍ കണ്ണുമൂടിക്കെട്ടി പ്രതിഷേധിച്ചിരുന്നു. ചവറ പൊലീസില്‍ പരാതിയും താരം നല്‍കിയിരുന്നു ഇതിനെതിരെ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ താരത്തിനെതിരെ കൊലവിളി നടന്നിരുന്നു. എന്നാല്‍ തന്റെ പ്രതിഷേധം തുടരുക തന്നെചെയ്യുമെന്നാണ് താരം പറയുന്നത്.
“നാടകം ആയുധം കൂടിയാണെന്ന് ഇവിടെ നിന്നാണ് പഠിപ്പിച്ചത്. ബി.എ. പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായാണ് യൂണിവേഴ്സിറ്റി കോളേജിലെത്തുന്നത്. സ്‌കൂള്‍ ഒഫ് ഡ്രാമയില്‍നിന്ന് നാടകം പഠിക്കണമെന്നാഗ്രഹിച്ചിരുന്നെങ്കിലും വീട്ടിലെ സാഹചര്യങ്ങള്‍ അനുവദിച്ചില്ല. യൂണിവേഴ്സിറ്റി കോളേജിലെത്തിയപ്പോഴാണ് വലിയൊരു നാടക പാഠശാലയിലേക്കാണ് എത്തിയതെന്ന് അറിയുന്നത്.” താരം പറഞ്ഞു.
“ഈ കാമ്പസിലെ മഹാഗണി മരങ്ങള്‍ മുറിക്കാന്‍ ശ്രമിച്ചപ്പോള്‍ മരത്തില്‍ കെട്ടിപ്പിടിച്ച് നിന്നാണ് ഞങ്ങള്‍ പ്രതിഷേധിച്ചത്. നാടകമാണ് അതിനുള്ള ശക്തി തന്നത്. കഴിഞ്ഞ ദിവസം കൊല്ലം ചവറ പൊലീസ് സ്റ്റേഷനില്‍ കണ്ണ് കെട്ടി ഞാന്‍ ചെന്നതും നാടകമായിരുന്നു, പ്രതിഷേധമായിരുന്നു. മരിക്കും വരെ നാടകം കളിക്കണമെന്നാണ് ആഗ്രഹം” അലന്‍സിയര്‍ പറഞ്ഞു.
നേരത്തെ സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ നേതാക്കളുടെ പ്രസ്താവനകള്‍ക്കെതിരെയും നാടകത്തിലൂടെ അലന്‍സിയര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.