കൊച്ചി: സമകാലിക വിഷയങ്ങളോട് തന്റേതായ രീതിയില്‍ പ്രതികരിക്കുന്ന കലാകാരനാണ് അലന്‍സിയര്‍. വിഷയങ്ങളില്‍ തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയാറുള്ള അലന്‍സിയര്‍ കശാപ്പ് നിരോധനത്തിനെതിരായ നിലപാടും വ്യക്തമാക്കി കഴിഞ്ഞു. മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് അലന്‍സിയര്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.
Also read യോഗി ആദ്യത്യനാഥിന്റെ ഓഫീസിലെ ഇരുമ്പ് ഗേറ്റ് തകര്‍ന്ന് വീണ് ഒമ്പത് വയസുകാരി കൊല്ലപ്പെട്ടു
“പശുവിനെ അമ്മയാക്കാമെങ്കില്‍ കോഴിയെ എനിക്ക് എന്റെ സഹോദരിയാക്കിക്കൂടേ? കോഴിക്ക് മാത്രം ആരും ചോദിക്കാനും പറയാനും ഇല്ലെന്നാണോ? കോഴിയെ അങ്ങനെയിപ്പോള്‍ മതേതരവാദി ആക്കണ്ട. അതുകൊണ്ട് ഞാനിപ്പോള്‍ കോഴി കഴിക്കാറില്ല. സ്‌കൂളില്‍ പണ്ട് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുമായിരുന്നു ഞാന്‍. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്‍മാരാണെന്ന്. എന്തു കള്ളത്തരമാണത്. അങ്ങനെയാണെങ്കില്‍ എനിക്കൊരു ഇന്ത്യക്കാരിയെ കല്യാണം കഴിക്കാനാകുമോ? എനിക്കു രണ്ടു പിള്ളേരുണ്ടാകുമോ? കള്ളമല്ലേ ആ പറയുന്നത്. ഇപ്പോള്‍ പറയുന്നു, പശു അമ്മയാണെന്ന്. എന്നാല്‍ പിന്നെ കോഴി സഹോദരിയാകട്ടേയെന്ന് ഞാനും വിചാരിച്ചു.”- അലന്‍സിയര്‍ ചോദിക്കുന്നു.
താനിനിയും ബീഫ് കഴിക്കുമെന്നും അമ്മയുടെ മുലപ്പാലിന്റെ രുചിയാണ് ബീഫിനെന്നും അലന്‍സിയര്‍ പറയുന്നു “അമ്മയുടെ മുലപ്പാലിന്റെ രുചിയുണ്ട് ബീഫിന്. ബീഫ് കിട്ടിയാല്‍ കഴിക്കും. അതൊരു സമര്‍പ്പണമാണ്. അമ്മ നമുക്ക് ജീവിതം തരുന്നു. പശുവിന്റെ ജീവിതത്തിനും ഒരു ധര്‍മമുണ്ട്. അതു ചെയ്യാന്‍ അതിനെ അനുവദിക്കുക.” അലന്‍സിയര്‍ പറഞ്ഞു.
“മറ്റുള്ളവരോടു കഴിക്കരുതെന്ന് പറയാനുള്ള അവകാശമൊന്നും നിങ്ങള്‍ക്കില്ലെന്ന് മനസിലാക്കുക. എന്നെ പ്രസവിച്ചത് എന്റെ അമ്മയാണ്. പശു അല്ല. പാമ്പിനെ കഴിക്കുന്ന നാടുണ്ട് ലോകത്ത്. ജനങ്ങള്‍ക്ക് അരോചകമാകുന്ന നിയമങ്ങള്‍ കൊണ്ടുവരരുത്. ഫാഷിസത്തിന്റെ ലക്ഷണമാണത്. അതൊരു രോഗമാകും. രാജ്യത്തെ നശിപ്പിക്കുന്ന രോഗം.”
കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ബീഫ് കഴിക്കുന്നവരാണെന്നും പറഞ്ഞ അലന്‍സിയര്‍ ഗുജറാത്തിലെ നേതാക്കള്‍ ബീഫ് കയറ്റി അയയ്ക്കുന്നവരാണെന്നും ചൂണ്ടിക്കാട്ടി. എന്നിട്ടാണ് അവര്‍ ബീഫ് കഴിക്കരുതെന്ന് പറയുന്നതെന്നും അത് എവിടുത്തെ നിയമമാണെന്ന് എനിക്കു മനസിലാകുന്നില്ലെന്നും അലന്‍സിയര്‍ പറഞ്ഞു.